പരിശീലനത്തിനു പണമില്ല; ബിഎംഡബ്ല്യു കാർ വില്പനക്ക് വെച്ച് ദ്യുതി ചന്ദ്

Dutee Chand sell BMW

തൻ്റെ ബിഎംഡബ്ല്യു കാർ വില്പനക്ക് വെച്ച് ഇന്ത്യൻ അത്‌ലറ്റ് ദ്യുതി ചന്ദ്. 2021 ടോക്യോ ഒളിമ്പിക്സിനുള്ള പരിശീലനത്തിനായി പണം കണ്ടെത്താനാണ് ദ്യുതി തൻ്റെ കാർ വിൽക്കാൻ തീരുമാനിച്ചത്. സ്പോൺസർമാരോ മത്സരങ്ങളോ ഇല്ലാത്തതു കൊണ്ട് തന്നെ പണമില്ലെന്നും അത് കണ്ടെത്താനായാണ് കാർ വിൽക്കാൻ തീരുമാനിച്ചതെന്നും താരം പറഞ്ഞു.

Read Also : ആത്മസുഹൃത്തായ പെൺകുട്ടിയുമായി താൻ പ്രണയത്തിലാണെന്ന് ഇന്ത്യൻ അത്‌ലറ്റ് ദ്യുതി ചന്ദ്

“കൊറോണയെ തുടർന്ന് എല്ലാ മത്സരങ്ങളും റദ്ദാക്കിയിരുന്നു. ഒളിമ്പിക്സിനായുള്ള സ്പോൺസർഷിപ്പും ലഭിക്കാനില്ല. കയ്യിലുണ്ടായിരുന്ന പണം ചെലവായി. കഴിഞ്ഞ മാസങ്ങളിൽ സമ്പാദിക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഇതായിരുന്നു എൻ്റെ മുന്നിലുള്ള വഴി. സംസ്ഥാന സർക്കാരിനോട് ചോദിക്കുമ്പോഴും പണമില്ലെന്നാണ് പറയുന്നത്.”- ദ്യുതി പറയുന്നു.

“ഏഷ്യൻ ഗെയിംസിൽ എൻ്റെ പ്രകടനം മുൻനിർത്തി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് നൽകിയ 3 കോടി രൂപയിൽ നിന്ന് പണമെടുത്താണ് ഞാൻകാർ വാങ്ങിയത്. പണം കൊണ്ട് ഒരു വീടും ഞാൻ വാങ്ങി. മറ്റ് രണ്ട് കാറുകൾ കൂടി എനിക്കുണ്ട്. മൂന്ന് കാറുകൾ പാർക്ക് ചെയ്യാൻ വീട്ടിൽ സ്ഥലമില്ല.”- ദ്യുതി തുടർന്നു.

Read Also : ദ്യുതി ചന്ദിന് 200 മീറ്ററിലും വെള്ളി

തൻ്റെ ഫേസ്ബുക്ക് പേജിലാണ് ദ്യുതി വിവരം പോസ്റ്റ് ചെയ്തത്. കാർ വില്പനക്കുണ്ടെന്നും ആവശ്യക്കാർ മെസഞ്ചറിൽ ബന്ധപ്പെടണം എന്നുമായിരുന്നു ദ്യുതിയുടെ പോസ്റ്റ്. സർക്കാർ സഹായം നൽകണമെന്നാവശ്യപ്പെട്ട് നിരവധി ആളുകൾ പോസ്റ്റിൽ കമൻ്റ് ചെയ്തു. തുടർന്ന് ദ്യുതി ഈ പോസ്റ്റ് നീക്കം ചെയ്തു. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) മാർഗനിർദ്ദേശങ്ങൾ അനുസരിച്ചല്ല ദ്യുതിയുടെ പരിശീലനം, അതുകൊണ്ട് തന്നെ എഎഫ്ഐയുടെ സഹായം താരത്തിന് ലഭിക്കില്ല.

ടോക്യോ ഒളിമ്പിക്സിനായി ഒഡീഷ സർക്കാർ 50 ലക്ഷം രൂപ നൽകിയിരുന്നു. പക്ഷേ, കൊവിഡിനെ തുടർന്ന് ഒളിമ്പിക്സ് മാറ്റിവച്ചത് തിരിച്ചടി ആവുകയായിരുന്നു. പരിശീലകനും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കുമുള്ള ശമ്പളം അടക്കം മാസത്തിൽ 5 ലക്ഷം രൂപയാണ് ദ്യുതിയുടെ പരിശീലനത്തിനുള്ള ചെലവ്.

Story Highlights – Dutee Chand wants to sell her BMW

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top