മരണമെത്തുന്ന നേരത്ത്
ഡോ. സുദേവ് സി./കഥ
ആയുര്‍വേദ ഡോക്ടറാണ് ലേഖകന്‍
‘നാരായണന്‍ കുട്ടി നല്ലവനായിരുന്നു. പാവം എന്തുചെയ്യാനാ. നല്ലവരെ ദൈവം പെട്ടെന്ന് വിളിക്കും’.
സ്ഥിരം കാണുന്ന തട്ടുപൊളിപ്പന്‍ സീരിയലിലെ ഡയലോഗ് ഓര്‍ത്തുകൊണ്ട് രമണന്‍ പറഞ്ഞു. ഇതുകേട്ട വേലായുധന്‍ നായര്‍ തന്റെ വായില്‍ ചവച്ചുകൊണ്ടിരിക്കുന്ന മുറുക്കാന്‍ ആഞ്ഞുതുപ്പിക്കൊണ്ട് പറഞ്ഞു.
‘ഓനെ ഞാനിന്നലേം കൂടി കണ്ടിട്ടേള്ളൂ… അവസാനം കണ്ടപ്പോകൂടി എന്നോട് പറഞ്ഞതാ വേലായുധേട്ടാ നിങ്ങളുടെ ആരോഗ്യം നോക്കിക്കോളീ … ഇങ്ങനെ മുറുക്കണ്ട എന്ന്… ഞാനറിഞ്ഞൊ ഇപ്പോക്കു പോവുമെന്ന്’.
ഇതുകേട്ട് തെക്കോട്ട് തലവച്ച് വാഴയിലയില്‍ നിവര്‍ന്ന് കിടക്കുന്ന നാരായണന്‍ കുട്ടിക്ക് അവിടെ നിന്ന് എഴുന്നേറ്റ് വന്നു വേലായുധന് ചെകിടത്ത് രണ്ടു കൊടുക്കാന്‍ തോന്നി.
‘ഇങ്ങനേം ഉണ്ടോ ഒരു പച്ചക്കള്ളം.’
പക്ഷെ അയാള്‍ക്ക് എന്തോ അസ്വസ്ഥതപോലെ. തന്റെ കയ്യും കാലും കെട്ടിയിട്ടപോലെ. അല്പം മുന്‍പ് ഒന്നലറി നോക്കിയതാ ആരും കണ്ട ഭാവം നടിച്ചില്ല. എന്ത് ചെയ്യാനാ. അയാള്‍ക്കൊരു ബീഡി വലിക്കണമെന്നുണ്ട്. അപ്പോഴേക്കും രമണിയേടത്തി വന്നു. സങ്കടം കടിച്ചമര്‍ത്തിക്കൊണ്ടെന്ന വ്യാജേന നെഞ്ചത്തടിച്ച് രമണിയേടത്തി ദേ കിടക്കുന്നു നാരായണന്കുട്ടിയുടെ നെഞ്ചത്ത്.
‘എന്റെ പൊന്നു മോനെ … എഴുന്നേല്‍ക്കേടാ … നിന്റെ ചേച്ചിയാടാ വിളിക്കുന്നത് … ഇന്നലെ രാത്രി വിളിച്ചപ്പോ പോലും ഒന്നും പറഞ്ഞില്ലല്ലോടാ…’.
രമണിയേടത്തിക്ക് ഏതാണ്ട് തൊണ്ണൂറു തൊണ്ണൂറ്റഞ്ചു കിലോയോളം തൂക്കം വരും. അതെല്ലാം കൂടെ നാരായണന്‍ കുട്ടിയുടെ നെഞ്ചത്തോട്ട്. ഇന്നലെ ഉണ്ടായ ഹൃദയ സ്തംഭനത്തെക്കാളും അയാള്‍ക്ക് വേദന തോന്നി.
രമണിയേടത്തിയെ കണ്ടപ്പോള്‍ അയാള്‍ക്ക് ഓര്‍മ്മ വന്നത് രണ്ടുമാസം മുന്‍പുണ്ടായ ഒരു സംഭവമാണ്. വീടുവെക്കാന്‍ കാശില്ലാതെ വന്നപ്പോ അവര്‍ നാരായണന്‍ കുട്ടിയെ കണ്ടിരുന്നു. അന്നയാള്‍ ഭാര്യയുടെ പണ്ടങ്ങളെല്ലാം പണയം വച്ച് ഏതാണ്ട് രണ്ടുലക്ഷം രൂപ കൊടുത്തു. പണം വാങ്ങി വീട്ടില്‍ തിരിച്ചെത്തിയ രമണി ഫോണിലൂടെ വിളിച്ച് നാരായണന്‍ കുട്ടിയോട് പറഞ്ഞത് കേട്ട് ഇത്രേം കാലം അയാളുടെ നെഞ്ചകം നീറിയിരുന്നു.
‘ അതേ… നിന്റെ ഒരു രണ്ടു ലക്ഷം ഉലുവ… തൂ … എന്റെ അമ്മ തന്ന ഭാഗത്തിലെ പതിനഞ്ചു സെന്റിന്റെ പകുതി എനിക്ക് വേണം … ഇല്ലേല്‍ ഞാന്‍ കേസ് കൊടുക്കും… നിന്റെ കെടപ്പാടം ഞാന്‍ മുടിക്കും’.
പെങ്ങളോടുള്ള സ്‌നേഹത്തിനു കിട്ടിയ പ്രതിഫലം അയാള്‍ വാങ്ങി മനസില്‍ വച്ചു.
അല്‍പ നേരം കഴിഞ്ഞപ്പോഴേക്കും ആകെ ശ്വാസം മുട്ടാന്‍ തുടങ്ങി നാരായണന്‍ കുട്ടിക്ക്. മൂക്കില്‍ വച്ച പഞ്ഞിയെക്കാളും അസഹ്യത അയാള്‍ക്ക് തോന്നിയത് തന്റെ ഈ കുടുസ് വരാന്തയില്‍ കത്തിച്ചുവച്ച അഗര്‍ബത്തിയുടെ മണമാണ്. സാധാരണ സൈക്കിള്‍ അഗര്‍ബത്തിയാണ് വാങ്ങാറ്. ഇത് ആര് വാങ്ങിയതാണെന്നറിയില്ല. മണം അത്രക്ക് പോരാ. അയാള്‍ കിടന്നു അല്പം മുകളിലേക്ക് നോക്കി. വിഷണ്ണയായി ഇരിക്കുന്ന തന്റെ ഭാര്യ ജാനകിയുടെ മുഖം. അവള്‍ ആകെ തളര്‍ന്നിരിപ്പാണ്. എഴുപത്തഞ്ചു വയസായ അമ്മയുണ്ട് തൊട്ടടുത്ത്. പാവം… ഇനിയാരുണ്ട് ഇവര്‍ക്ക്. നാരായണന്‍ കുട്ടി ചിന്തിച്ചു. മക്കളില്ലാത്ത സങ്കടം വര്‍ഷങ്ങളായി അനുഭവിച്ചതുകൊണ്ട് ഇപ്പൊ അത്രക്ക് തോന്നുന്നില്ല.
പെട്ടന്ന് പുറത്ത് നിന്നും ഒരു വിളി.
‘കൃഷ്ണന്‍ മാഷേ…’.
നാരായണന്‍ കുട്ടി പതിയെ താഴത്തോട് നോക്കി. ശബ്ദം കേട്ടിട്ട് മരം വെട്ടുകാരന്‍ മമ്മദാണ്. കഴിഞ്ഞ മാസം വെട്ടി വിറ്റ പ്ലാവിന്റെ കാശ് മുഴുവന്‍ തന്നിട്ടില്ല പഹയന്‍. ചിലപ്പോ അതിനു വന്നതാവും. കൃഷ്ണന്‍ മാഷ് പതുക്കെ തിണ്ണയില്‍ നിന്നും ഇറങ്ങി. മാഷ് നാട്ടിലെ ഒരു പരോപകാരിയാണ്. പണ്ട് പലപ്പോഴും നാരായണന്‍ കുട്ടിയെ പണമായിട്ടും അല്ലാതെയുമൊക്കെ സഹായിച്ചിട്ടുണ്ട്. കൃഷ്ണന്‍ മാഷ് നേരെ മമ്മദിനടുത്തേക്ക്.
‘മമ്മദേ നീയാ തെക്കേ ഭാഗത്തെ മാവ് വെട്ടിക്കോ’.
മാഷിന്റെ വാക്ക് കേട്ട് മമ്മദ് വേഗം മാവ് വെട്ടാന്‍ പോയി.
‘അപ്പൊ ആ പൈസേം പോയി.’
നാരായണന്‍ കുട്ടി മനസില്‍ പറഞ്ഞു.
അങ്ങനെ പരിചയമുള്ളവരും ഇല്ലാത്തവരും ഒക്കെ വന്നു പോയിക്കൊണ്ടിരുന്നു. അല്ലെങ്കിലേ ഡിസ്‌കിന് തകരാറുള്ള നാരായണന്‍ കുട്ടിക്ക് ദേഷ്യവും വേദനയും സഹിക്കാനായില്ല. എത്ര നേരമിങ്ങനെ കിടക്കും. അധികം വൈകിയില്ല. കൃഷ്ണന്‍ മാഷ് വന്നു ഭാര്യ ജാനകിയോട് എന്തോ പതിയെ പറഞ്ഞു. ക്ഷീണിതയായ അവള്‍ വിങ്ങിപ്പൊട്ടി. അല്പനേരത്തെ മൗനത്തിനു അവള്‍ നാരായണന്റെ അടുത്തുചെന്നു കെട്ടിപ്പുണര്‍ന്നു. നാലാള്‍ കൂടി നാരായണന്‍ കുട്ടിയെ തെക്കേത്തതൊടിയിലേക്കെടുത്തു. അയാള്‍ പതിയെ തന്റെ ഭാര്യയായെ ജാനകിയെ തെല്ലൊന്നു നോക്കി. കൃഷ്ണന്‍ മാഷ് ജാനകിയെ നോക്കി പറഞ്ഞു.
‘ ആങ്കുട്ട്യോള്‍ ഇല്ലാത്തോണ്ട് അനുജന്‍ ശങ്കരന്‍ കുട്ടി തീ കൊളുത്തട്ടെ’.
ജാനകി അല്പം വിഷമത്തോടെ മാഷോട് പറഞ്ഞു.
‘ആവുന്ന കാലത്ത് ആരും വന്നില്യ മാഷേ, മൂപ്പര്‍ക്ക് ഞാനും എനിക്ക് മൂപ്പരും മാത്രേ ഉണ്ടായിരുന്നുള്ളൂ, അതോണ്ട് ഞാന്‍ തന്നെ കൊളുത്താം മാഷേ … മൂപ്പര്‍ക്ക് സന്തോഷായിക്കോട്ടെ’.
കൂടിനിന്ന സദാചാരക്കമ്മറ്റി പിറുപിറുത്തു തുടങ്ങി. വിഘടന വാദികള്‍ കണ്ണുരുട്ടി സദാചാര കമ്മറ്റിക്കാരെ നോക്കി. മമ്മദ് മഴു തോളില്‍ കെട്ടി നടന്നു പോയി. ദേ വന്നു മാഷിന്റെ കല്പന.
‘എന്നാപിന്നെങ്ങനാവട്ടെ ജാനകിയേ … തൊടീലേക്ക് നടക്ക്’.
കേട്ട് നിന്ന നാരായണന്‍ കുട്ടിക്ക് അദ്ഭുതം അടക്കാനായില്ല.
‘അരിവാങ്ങാന്‍ അങ്ങാടീല്‍ പോവാന്‍ ഭയന്ന ഇവളെങ്ങനെ’.
നാരായണന്‍ കുട്ടി മനസില്‍ പറഞ്ഞു. എല്ലാവരും കൂടി നടന്നു തെക്കേ തൊടിയിലെ ചിതക്കരികില്‍ എത്തി.
കര്‍മ്മങ്ങള്‍ ഒരു വിധം കഴിഞ്ഞു. ഇനി ചിതക്ക് തീ കൊളുത്തണം അത്രേ ഉള്ളൂ. ചിതയില്‍ കിടന്ന നാരായണന്‍ കുട്ടി ആകെ അസ്വസ്ഥതയില്‍ ആണ്. അഞ്ചാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിസ്‌കിന്റെ പ്രശ്‌നം കാരണം നടുവേദന കലശലായപ്പോള്‍ വേലപ്പന്‍ വൈദ്യരെ കണ്ടപ്പോള്‍ കഷായം കുടിച്ച് മരപ്പലകയില്‍ കിടന്നതാണ് ആകെ കട്ടിലില്‍ കിടന്ന ഓര്‍മ്മ.
‘സുഖം പുല്‍പ്പായ തന്ന്യാ’.
അയാള്‍ മനസില്‍ കുറിച്ചു. ജാനകി വന്നു പതിയെ ചിതക്ക് തീകൊളുത്തി. നാരായണന്‍ കുട്ടി കണ്ണടച്ച് പ്രാര്‍ത്ഥിച്ചു.
‘ദേവിയേ എല്ലാര്‍ക്കും നല്ലതു വരുത്തണേ’.
പതിയെ ചിതക്ക് ചൂട് കൂടാന്‍ തുടങ്ങി. അസഹ്യമായപ്പോള്‍ നാരായണന്‍ കുട്ടി ഒറ്റ ചാട്ടം. രക്ഷപ്പെട്ടു. അയാള്‍ ജാനകിക്കരികില്‍ എത്തി പതിയെ അവളുടെ ചെവിയില്‍ ഓതി
‘ടീ… തരാനുള്ളോരുടെം കൊടുക്കാനുള്ളൊരുടെം ലിസ്റ്റ് മേശ വലിപ്പിലെ നോട്ടു ബുക്കില്‍ എഴുതീട്ടുണ്ട്… ആ പിന്നെ … വിഷമിക്കൊന്നും വേണ്ട … ഞാനിവടതന്നെണ്ടാവും … ഇനി നിന്നാ എനിക്ക് വിഷമാവും… ഒന്ന് പോയിട്ട് വരാം’.
നാരായണന്‍ കുട്ടി തന്റെ പോക്കറ്റില്‍ നിന്നും ഒരു ബീഡി എടുത്ത് ചുണ്ടില്‍വെക്കുന്നു. എരിയുന്ന ചിതയിലെ ഒരു വിറകുകൊള്ളിയെടുത്ത് ബീഡികത്തിച്ച് ആഞ്ഞു വലിക്കുന്നു. എന്നിട്ട് വീണ്ടും ജാനകിയെ നോക്കി.
‘ അപ്പൊ ശരീന്നാ… പിന്നെ കാണാ … ആ ഒരു കാര്യം മറന്നു. ഇന്നലെ നെഞ്ചുവേദന എടുത്തപ്പോ അമ്പലത്തില്‍ ഒരു മൃത്യുഞ്ജയ ഹോമം നേര്‍ന്നിരുന്നു. അതും കൂടെ ഒന്ന് നടത്തിയേക്ക്’.
നാരായണന്‍ കുട്ടി അധികം നിന്നില്ല അയാള്‍ തന്റെ മുണ്ടു മടക്കി കുത്തി മതിലും ചാടിക്കടന്നു അപ്രത്യക്ഷനായി.
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – maranamethunna nerath short story , Readers blog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here