കൊവിഡ്; കാസര്‍ഗോഡ് പത്തുദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ പത്തുദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ജില്ലയില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 606 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ആയിരം കിടക്കകളുള്ള ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ തയാറാക്കും.

Read Also : തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

വെന്റിലേറ്ററുകളുടെ കാര്യത്തിലും ഭയപെടേണ്ട സാഹചര്യം ജില്ലയിലില്ല. സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ ഒന്‍പത് വെന്റിലേറ്ററുകളും സ്വകാര്യ മേഖലകളില്‍ എട്ട് വെന്റിലേറ്ററുകളും പ്രവര്‍ത്തനക്ഷമമാണ്. അടിയന്തിര ഘട്ടങ്ങളില്‍ ലഭ്യമാക്കാന്‍ കരുതല്‍ ശേഖരമായി ഏഴു വെന്റിലേറ്ററുകളും സര്‍ക്കാര്‍ മേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ ഉക്കിനടുക്ക കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ ഐസിയു സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ജില്ല ആശുപത്രിയെ പൂര്‍ണമായും കൊവിഡ് ചികിത്സാകേന്ദ്രം ആക്കി മാറ്റും.
ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ ജില്ലയ്ക്ക് പരിമിതികളുണ്ടെങ്കിലും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയുംസംയുക്ത ഇടപെടലുകളിലൂടെ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലയ്ക്ക് കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. രോഗവ്യാപനം സാധ്യത ഇല്ലാതാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Story Highlights covid19, coronavirus, kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top