എസ്എൻ കോളജ് ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളി നടേശനെ വീണ്ടും ചോദ്യം ചെയ്യും

vellapally nadeshan

എസ്എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം വെള്ളാപ്പള്ളി നടേശനെ വീണ്ടും ചോദ്യം ചെയ്യും. കുറ്റപത്രം സമർപ്പിക്കാൻ കോടതി നൽകിയ സമയം 22ന് അവസാനിക്കാനിരിക്കെയാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ 30ാം തിയതിയാണ് വെള്ളാപ്പള്ളിയെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കോടതി സമയം നീട്ടിനൽകിയിരുന്നു. അടുത്ത ബുധനാഴ്ച വരെയാണ് സമയം നീട്ടിനൽകിയത്.

Read Also : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വെള്ളാപ്പള്ളി നടേശൻ ചോദ്യം ചെയ്യലിനെക്കുറിച്ച് ചില വാദങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാൻ അന്വേഷണ സംഘം തയാറായില്ല. ഏകപക്ഷീയമാണ് അന്വേഷണമെന്നും രേഖകൾ പരിശോധിച്ചില്ലെന്നും വെള്ളാപ്പള്ളി കോടതിയിൽ ആരോപിച്ചിരുന്നു. 1997ൽ എസ്എൻ കോളജ് ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ചെടുത്ത തുകയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്ന കേസിൽ ഹൈക്കോടതി നിർദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 1997- 98 കാലഘട്ടത്തിൽ എസ്എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത ഒരു കോടിയിൽ അധികം രൂപയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്. എന്നാൽ കൂടുതൽ പലിശ ലഭിക്കുന്നതിനാണ് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം.

പണം തിരിച്ചടച്ചതോടെ തിരിമറി നടന്നില്ലെന്നും വെള്ളാപ്പള്ളി ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ വാദങ്ങൾ പൂർണമായും തള്ളിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. സാമ്പത്തിക തിരിമറി നടന്നതായി ക്രൈംബ്രാഞ്ച് പറയുന്നു. വെള്ളാപ്പള്ളിക്കെതിരെ വിശ്വാസ വഞ്ചന, തിരിമറി അടക്കം ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയ കുറ്റപത്രം ഹൈക്കാടതിയിൽ സമർപ്പിക്കാനുള്ള സമയമാണ് നീട്ടി നൽകിയത്.

Story Highlights vellapally nadeshan, sn college fund case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top