അസാമിലെ വെള്ളപ്പൊക്കം: കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ ചത്തത് 108 മൃഗങ്ങള്‍

അസാമില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നതിനിടെ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ ചത്തത് 108 മൃഗങ്ങള്‍. ഒന്‍പത് കാണ്ടാമൃഗങ്ങള്‍ അടക്കമാണ് ചത്തത്. 136 മൃഗങ്ങളെ ഇവിടെ നിന്ന് രക്ഷിക്കാന്‍ സാധിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന ചത്ത മൃഗങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാസിരംഗ നാഷണല്‍ പാര്‍ക്ക് ഡയറക്ടര്‍ ശിവ് കുമാര്‍ പറഞ്ഞു.

പാര്‍ക്കിന്റെ എണ്‍പത് ശതമാനത്തിലധികവും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളം ഇറങ്ങിയ ശേഷം നടത്തുന്ന കണക്കെടുപ്പില്‍ മാത്രമേ എത്ര മൃഗങ്ങള്‍ ചത്തുവെന്നത് വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് കാണ്ടാമൃഗം, നാല് കാട്ടെരുമ, ഏഴ് കാട്ടുപന്നി, രണ്ട് ബാരസിംഗ മാന്‍, 82 മാന്‍ എന്നിവയാണ് ചത്തത്.

അസാമിലെ 33 ജില്ലകളില്‍ 26 ജില്ലകളും പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി റോഡുകളും വീടുകളും വിളകളും പാലങ്ങളുമൊക്കെ നശിച്ചു. കാസിരംഗയില്‍ പ്രളയം പതിവാണ്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ ഏറ്റവും വലിയ വാസ സ്ഥലമായ കാസിരംഗയില്‍ 2400 കാണ്ടാമൃഗങ്ങളും 121 കടുവകളും ഉണ്ട്. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 18 കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ 200 മൃഗങ്ങളാണ് ഇവിടെ കൊല്ലപ്പെട്ടത്.

Story Highlights Assam floods 108 animals die at Kaziranga National Park

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top