കൊവിഡ് സെക്കന്‍ഡറി കോണ്ടാക്ടുകള്‍ ട്രെയ്‌സ് ചെയ്യുന്ന ഇന്ത്യയിലെ ഒരെയൊരു സംസ്ഥാനം കേരളമാണ്: മുഖ്യമന്ത്രി

covid secondary contact

കൊവിഡ് സെക്കന്‍ഡറി കോണ്ടാക്ടുകള്‍ ട്രെയ്‌സ് ചെയ്യുന്ന ഇന്ത്യയിലെ ഒരെയൊരു സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്രമാത്രം ശ്രദ്ധയും അധ്വാനവും രോഗ പ്രതിരോധത്തിനായി നാം അര്‍പ്പിച്ചിട്ടുണ്ട്. നാം കാണിച്ച ജാഗ്രതയും തയാറെടുപ്പും ലോകത്ത് തന്നെ വളരെ ചുരുക്കം പ്രദേശങ്ങളെ എടുത്തിട്ടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളാണ് നിലവില്‍ കേസുകളുടെ എണ്ണം കൂടാന്‍ കാരണമായത് എന്ന തരത്തിലുള്ള പ്രചാരണം ചിലര്‍ നടത്തുന്നുണ്ട്. എണ്ണം മനഃപൂര്‍വം കുറച്ചുകാണിക്കുന്നു എന്നതായിരുന്നു ആദ്യത്തെ പരാതി. ഇപ്പോള്‍ എണ്ണം കൂടുന്നുവെന്നാണ് പരാതി. ഇങ്ങനെ പരാതി പറഞ്ഞു നടക്കുന്നവര്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് മനസിലാക്കാന്‍ തയാറാകുന്നില്ല. എത്ര തവണ ആവര്‍ത്തിച്ചാലും കേള്‍ക്കാത്ത മട്ടില്‍ പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

നിരവധി പ്രത്യേകതകള്‍ കാരണം കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഒരു പ്രദേശമാണ് കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ് ജനസാന്ദ്രത. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം വയോജനങ്ങളുള്ള പ്രദേശമാണ് കേരളം. അത്തരത്തില്‍ കൊവിഡിന് വലിയ നാശം വിതക്കാന്‍ കഴിയുന്ന നിരവധി അനുകൂല ഘടകങ്ങളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ ലോകത്ത് തന്നെ കേസ് ഫെര്‍ട്ടാലിറ്റി റേറ്റ് ഏറ്റവും കുറവുള്ള പ്രദേശങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ കേസ് ഫെര്‍ട്ടാലിറ്റി റേറ്റ് 0.33 ശതമാനമാണ്. അതായത് 100 പേരില്‍ .33 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഡല്‍ഹിയിലെ കേസ് ഫെര്‍ട്ടാലിറ്റി റേറ്റ് മൂന്ന് ശതമാനമാണ്. തമിഴ്‌നാട്ടില്‍ 1.5 ശതമാനവും മഹാരാഷ്ട്രയില്‍ 3.8 ശതമാനവും ഗുജറാത്തില്‍ 4.4 ശതമാനവും കര്‍ണാടകയില്‍ 2.1 ശതമാനവുമാണ്.

ഇന്നലെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 36,806 കേസുകളും 596 മരണവുമാണ്. ഇന്നലെ തമിഴ്‌നാട്ടില്‍ 4985 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 70 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ ഇന്നലെ 3648 കേസുകളും 72 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ സമയത്തും ജനസാന്ദ്രതയും വയോജനങ്ങളും കൂടുതലുള്ള കേരളത്തില്‍ ഇത്ര കുറഞ്ഞ മരണങ്ങള്‍ മാത്രമുണ്ടാകുന്നത് സൂചിപ്പിക്കുന്നത് കേരളം ഉയര്‍ത്തിയ പ്രതിരോധത്തിന്റെ മികവ് തന്നെയാണ്.

Read Also : നിലവില്‍ സംസ്ഥാനത്തുള്ളത് 110 കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍

ടെസ്റ്റുകള്‍ ചെയ്യുന്നത് നോക്കിയാലും കേരളം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിന് 44 ടെസ്റ്റുകളാണ് നമ്മള്‍ നടത്തുന്നത്. മഹാരാഷ്ട്രയില്‍ അത് അഞ്ചും ഡല്‍ഹിയില്‍ ഏഴും തമിഴ്‌നാട്ടില്‍ 11 ഉം കര്‍ണാടകയില്‍ 17 ഉം ഗുജറാത്തില്‍ 11 ഉം ആണ്. കേരളം ടെസ്റ്റുകളുടെ കാര്യത്തില്‍ പുറകിലാണെന്ന് പറയുന്നത് ടെസ്റ്റുകളുടെ എണ്ണം മാത്രമാണ്. അത് ശാസ്ത്രീയമായ രീതിയല്ല. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റുകളാണ് നടത്തുന്നതെന്നതാണ് പ്രധാനം.

ഐസിഎംആറിലെ പ്രധാന ശാസ്ത്രജ്ഞനായ രാമന്‍ ഗഗാദ് കേരളം കൈക്കൊണ്ട രീതിയെക്കുറിച്ച് എടുത്തുപറയുകയും എന്തുകൊണ്ട് അത് അംഗീകരിക്കപ്പെടേണ്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ നമ്മള്‍ കാണിച്ച കരുതലിന്റെയും ജാഗ്രതയുടെയും ഗുണഫലമാണ് രാജ്യം ഒന്നടങ്കം രോഗം നാശംവിതയ്ക്കുന്ന സന്ദര്‍ഭത്തിലും കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതിവിശേഷം.

Read Also : സംസ്ഥാനത്ത് നിലവിലുള്ളത് 187 ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍; ഈമാസം 23 ഓടെ ഇത് 742 ആക്കും: മുഖ്യമന്ത്രി

ജനുവരി 30 നാണ് ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ കൊവിഡ് പ്രതിരോധത്തിനായി അടിയന്തര മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ കേരളം ജനുവരി ആദ്യം തന്നെ പ്രശ്‌ന സാധ്യതകള്‍ മുന്നില്‍കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതുകൊണ്ടാണ് വുഹാനില്‍ നിന്ന് വന്ന ആദ്യത്തെ കേസുകള്‍ കണ്ടെത്താനായത്. അതിനെ തുടര്‍ന്ന് കോണ്ടാക്ടുകള്‍ ടെസ്റ്റ് ചെയ്യാനും ക്വാറന്റൈന്‍ ചെയ്യാനും മെച്ചപ്പെട്ട രീതിയില്‍ തടയിടാനും കേരളത്തിന് സാധിച്ചു. സെക്കന്ററി കോണ്ടാക്ടുകള്‍ ട്രെയ്‌സ് ചെയ്യുന്ന ഇന്ത്യയിലെ ഒരെയൊരു സംസ്ഥാനം കേരളമാണ്. അത്രമാത്രം ശ്രദ്ധയും അധ്വാനവും രോഗ പ്രതിരോധത്തിനായി നാം അര്‍പ്പിച്ചിട്ടുണ്ട്. നാം കാണിച്ച ജാഗ്രതയും തയാറെടുപ്പും ലോകത്ത് തന്നെ വളരെ ചുരുക്കം പ്രദേശങ്ങളെ എടുത്തിട്ടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Kerala is the only state in India where traces covid Secondary contacts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top