ബീഹാറിലെ മെഡിക്കൽ ഷോപ്പിന് മുന്നിൽ കൊവിഡ് രോഗി മരിച്ചു എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ [24 fact check]

ബീഹാറിൽ മെഡിക്കൽ ഷോപ്പിന് മുൻപിൽ കൊവിഡ് രോഗി മരിച്ചു കിടക്കുന്നു എന്ന രീതിയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെയും ഒപ്പമുള്ള കുറിപ്പിന്റെയും സത്യാവസ്ഥ ഇതാണ്.
സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയും ബിജെപി നേതാവുമായ മംഗൾ പാണ്ഡെയുടെ മണ്ഡലമായ, ഷിവ്വാനിൽ നിന്നാണ് ചിത്രം എന്ന രീതിയിലാണ് ചിലർ ഇത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഒരു കൊവിഡ് രോഗി മെഡിക്കൽ ഷോപ്പിന് മുന്നിൽ വച്ച് മരിച്ചു. അതും ബീഹാർ ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ സംഭവം’ എന്ന കുറിപ്പും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു വാര്‍ത്ത ബീഹാറിലെ ഒരു പ്രധാന വാർത്താമാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് സത്യം.

ഈ ചിത്രം സിവ്വാനിലെ ഫത്തേപ്പൂർ ബൈപാസ് റോഡിൽ ഹൃദയാഘാതം വന്ന് മരിച്ച ധർമനാഥ് റായ് എന്ന രാജ്പൂർ ഗ്രാമവാസിയുടെത് ആണെന്ന് സ്ഥലത്തെ കളക്ടർ അമിത് കുമാർ പാണ്ഡെ പറഞ്ഞു. ഈ മാസം 17ാം തീയതി നഗരത്തിലേക്ക് വന്ന ധർമനാഥ് കടയ്ക്ക് മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു.
Read Also : കൊവിഡ് രോഗികളുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് നടുറോഡിൽ കിടക്കുന്നതായി വ്യാജ പ്രചാരണം [24 fact check]
ഇയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ധർമനാഥിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. അതിനാൽ രോഗമുണ്ടോ എന്ന് പരിശോധിച്ചിരുന്നില്ലെന്നും കളക്ടർ വ്യക്തമാക്കി.

കൂടാതെ ഇതിലെ മറ്റൊരു സത്യാവസ്ഥയും പുറത്തായി. സിവ്വാൻ മണ്ഡലത്തിലെ എംഎൽഎ വ്യാസ് ദേവ് പ്രസാദാണെന്നാണ് ബീഹാർ അസംബ്ലിയുടെ വെബ്‌സെറ്റിൽ നൽകിയിരിക്കുന്നത്. ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്ന പോലെ മംഗൾ പാണ്ഡെ അല്ല. ബീഹാറിലെ ഉപരി സഭാംഗമായ ആരോഗ്യമന്ത്രിയാകട്ടെ, ഒരു മണ്ഡലത്തിന്റെയും എംഎൽഎയുമല്ല.

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here