Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (23-07-2020)

July 23, 2020
Google News 1 minute Read
todays headlines 23-08-2020

എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബ്ലിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നാലുമണിയോടെയാണ് ശിവശങ്കരന്‍ വീട്ടില്‍ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് എത്തിയത്. ഔദ്യോഗിക ചോദ്യം ചെയ്യലാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ എന്‍ഐഎ അറിയിച്ചിട്ടില്ല.

വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തരുത്; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഐഎം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഐഎം. വ്യക്തി സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശമുണ്ട്. വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തരുതെന്നും ദുരൂഹ വ്യക്തിത്വങ്ങളെ ഓഫീസില്‍ കയറ്റരുതെന്നും നിര്‍ദേശമുണ്ട്.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെയാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം പാര്‍ട്ടി വിളിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് പുല്ലുവിള സ്വദേശിനി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസാ വര്‍ഗീസാണ് മരിച്ചത്. അറുപത് വയസായിരുന്നു. കിടപ്പുരോഗിയായ ട്രിസാ വര്‍ഗീസിന്റെ ആന്റിജന്‍ പരിശോധന പോസിറ്റീവായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍; തീരുമാനം 27 ലെ മന്ത്രിസഭാ യോഗത്തില്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ 27 ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് പ്രത്യേക മന്ത്രിസഭായോഗം 27 ന് ചേരുന്നത്.

നിയമസഭാ സമ്മേളനം മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.ധനബില്‍ ഈ മാസം 31 നകം പാസാക്കേണ്ടതുണ്ടായിരുന്നു. ധനബില്‍ പാസാക്കാന്‍ രണ്ടു മാസത്തിനകം സഭ ചേരാമെന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് ഗവര്‍ണറോട് സര്‍ക്കാര്‍ ആവശ്യപ്പെടും.

ഐടി വകുപ്പിലെ കണ്‍സള്‍ട്ടന്‍സി കരാറുകളില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ

പ്രൈസ് വാര്‍ട്ടര്‍ഹൗസ് കൂപ്പേഴ്സിനെതിരെ കൂടുതല്‍ നടപടിക്ക് സര്‍ക്കാര്‍. ഐടി വകുപ്പും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും പിഡബ്ല്യുസിയെ കരിമ്പട്ടികയില്‍പ്പെടുത്തും. ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശ പ്രകാരമാണിത്. സ്വപ്നാ സുരേഷിനെ സ്പെയ്സ് പാര്‍ക്കില്‍ നിയമിച്ചതില്‍ പിഡബ്ല്യുസിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

രാജ്യത്ത് കൊവിഡ് മരണം 29,000 കടന്നു; മൂന്ന് ദിവസം കൊണ്ട് വർധിച്ചത് 1,20,592 കേസുകൾ

ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 45,720 പോസിറ്റീവ് കേസുകളും 1129 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29,861 ആയി. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 12,38,635 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 4,26,167 ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 782,606 ഉം ആണ്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങൾ അൻപത് കടന്നു.

ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി

ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിക്കുന്ന ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി. ജനാധിപത്യം അടക്കമുള്ള മൂല്യങ്ങൾ പരസ്പരം പങ്കുവയ്ക്കുന്ന രണ്ട് രാജ്യങ്ങളും എറ്റവും അടുത്ത ബന്ധം പുലർത്തേണ്ടതും പരസ്പരം സഹായിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Story Highlights todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here