Advertisement

മൂന്ന് താരങ്ങൾക്ക് അർദ്ധസെഞ്ചുറി; ആദ്യ ദിനം ഇംഗ്ലണ്ടിന്

July 24, 2020
Google News 2 minutes Read
england west indies test

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനം ഇംഗ്ലണ്ടിന് സ്വന്തം. വെളിച്ചക്കുറവ് മൂലം ആദ്യ ദിവസം നേരത്തെ കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ആതിഥേയർ 258 റൺസ് എടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിനായി റോറീ ബേൺസ്, ഒലി പോപ്പ്, ജോസ് ബട്‌ലർ എന്നിവർ അർദ്ധസെഞ്ചുറികൾ നേടി. വിൻഡീസിനായി കെമാർ റോച്ച് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Read Also : മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് 2 വിക്കറ്റുകൾ നഷ്ടം

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയൻ ഡോമിനിക് സിബ്‌ലി അഞ്ചാം പന്തിൽ പൂജ്യനായി മടങ്ങി. സിബ്‌ലിയെ കെമാർ റോച്ച് വിക്കറ്റിനു മുന്നിൽ കുടുക്കുമ്പോൾ സ്കോർ ബോർഡിൽ വെറും ഒരു റൺ. പിന്നാലെ ക്യാപ്റ്റൻ ജോ റൂട്ട് ക്രീസിലെത്തി. വളരെ സാവധാനത്തിലാണ് ഇരുവരും ബാറ്റ് ചെയ്തത്. ആകെ സ്കോർ 47 ആയപ്പോൾ റൂട്ടും പുറത്തായി. 17 റൺസെടുത്ത റൂട്ട് റണ്ണൗട്ടാവുകയായിരുന്നു. മൂന്നാം വിക്കറ്റിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോ ബെൻ സ്റ്റോക്സ് ആണ് ഇറങ്ങിയത്. ഏറെ നഷ്ടങ്ങളില്ലാതെ സ്റ്റോക്സും റോറി ബേൺസും ഇംഗ്ലണ്ടിനെ ഉച്ചഭക്ഷണം വരെ എത്തിച്ചു.

Read Also : അടിക്ക് തിരിച്ചടി; ‘ബിഗ് ബെൻ’ മുഴങ്ങിയപ്പോൾ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

എന്നാൽ, 20 റൺസെടുത്ത സ്റ്റോക്സ് റോച്ചിന് രണ്ടാം വിക്കറ്റ് സമാനിച്ച് മടങ്ങിയതോടെ ഇംഗ്ലണ്ട് പതറി. സ്റ്റോക്സിനെ റോച്ച് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഏറെ വൈകാതെ മികച്ച രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന റോറി ബേൺസും മടങ്ങി. 57 റൺസെടുത്ത ബേൺസിനെ റോസ്റ്റൺ ചേസിൻ്റെ പന്തിൽ റഖിം കോൺവാൽ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

അഞ്ചാം വിക്കറ്റിൽ ഒലി പോപ്പും ജോസ് ബട്‌ലറും ഒത്തുചേർന്നു. ശ്രദ്ധാപൂർവം മികച്ച കളി കെട്ടഴിച്ച ഇരുവരും ഇംഗ്ലണ്ടിനെ സുരക്ഷിതമായ സ്കോറിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് അപരാജിതമായ 136 റൺസാണ് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ബട്‌ലർ 56ഉം പോപ്പ് 91ഉം റൺസെടുത്ത് ക്രീസിൽ തുടരുകയാണ്.

Story Highlights england vs west indies 3rd test 1st day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here