എന്റെ ‘പൂച്ച ടീച്ചറെ ‘ തല്ലി; സ്റ്റാര്‍ മാജിക്ക് കണ്ട് കരച്ചിലടക്കാനാവാത കുരുന്ന് ഷെഹ്‌സാ

എന്റെ പൂച്ച ടീച്ചറെ തല്ലി.. കുഞ്ഞ് ഷെഹ്‌സയ്ക്ക് കരച്ചിലടക്കാനായില്ല. ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ സ്റ്റാര്‍ മാജിക്ക് കണ്ടുകൊണ്ടിരിക്കെ ഷെഹ്‌സ പൊട്ടിക്കരയാന്‍ തുടങ്ങി. കരച്ചിലടക്കാത്ത ഷെഹ്‌സയെ വീട്ടുകാര്‍ സമാധാനിപ്പിച്ച് കാര്യം തിരക്കിയപ്പോളാണ് കരച്ചിലിനു പിന്നിലെ നിഷ്‌കളങ്കമായ സ്‌നേഹം മനസിലായത്.

കൊവിഡ് രോഗവ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥ പറഞ്ഞുകൊണ്ട് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹൃദയം കിഴടക്കിയ ശ്വേത ടീച്ചറെയാണ് കുഞ്ഞു ഷെഹ്‌സ ‘ പൂച്ച ടീച്ചര്‍ ‘ എന്നു വിളിക്കുന്നത്. സ്റ്റാര്‍ മാജിക്ക് ഷോയില്‍ എത്തിയ സായി ശ്വേതയ്ക്ക് അവതാരക ലക്ഷ്മി നക്ഷത്ര നല്‍കിയ ടാസ്‌ക്കില്‍ നവീന്‍ അറയ്ക്കല്‍ സായി ശ്വേതയെ തമാശയ്ക്ക് അടിക്കാന്‍ ഒരുങ്ങുന്നത് കണ്ടാണ് ഷെഹ്‌സ കരഞ്ഞത്.
കുഞ്ഞു ഷെഹ്‌സ ശ്വേത ടീച്ചറെ നവീന്‍ ഉപദ്രവിച്ചു എന്നാണ് കരുതിയത്. തമാശ പരിപാടിയാണെന്ന് ചിന്തിക്കാതെ ഷെഹ്‌സ കരച്ചില്‍ തുടങ്ങി. വിതുമ്പി കരഞ്ഞ കുഞ്ഞിനെ സമാധാനിപ്പിക്കാനും ശ്വേത ടീച്ചറെ അടിച്ചില്ലെന്ന് പറഞ്ഞു മനസിലാക്കാനും വീട്ടുകാര്‍ ഏറെ പണിപ്പെട്ടു. കുഞ്ഞു ഷെഹ്‌സയുടെ വീഡിയോ വീട്ടുകാര്‍ തന്നെയാണ് യൂട്യുബില്‍ പങ്കുവച്ചത്.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് മുതല്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ താരമാണ് കോഴിക്കോട്ടുകാരിയായ സായി ശ്വേത. ഷെഹ്സയുടെ സ്‌നേഹവും കരച്ചിലും തന്നെ കൂടി കരയിപ്പിച്ചു എന്നായിരുന്നു വീഡിയോ കണ്ട സായി ശ്വേതയുടെ പ്രതികരണം. തന്റെ പ്രിയപ്പെട്ട പൂച്ച ടീച്ചറെ നേരിട്ട് കാണണമെന്നാണ് ഷെഹ്‌സയുടെ ആഗ്രഹം.
Story Highlights – Online Class, Sai shewtha, Star Magic, Shehsa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here