ചൈനീസ് ഭീഷണി; സൈനികരെ മാറ്റി വിന്യസിക്കുമെന്ന് അമേരിക്ക

ഇന്ത്യക്കും തെക്കുകിഴക്കൻ ഏഷ്യക്കും നേരെയുള്ള ചൈനീസ് ഭീഷണി കണക്കിലെടുത്ത് യൂറോപ്പിലുള്ള തങ്ങളുടെ സൈനികരെ മാറ്റി വിന്യസിക്കുമെന്ന് അമേരിക്ക. ചൈനയുടെ ഭീഷണിയെ അമേരിക്കയും യൂറോപ്പും ഒറ്റക്കെട്ടായി നേരിടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.

യൂറോപ്പിൽ നിന്ന് പിൻവലിക്കുന്ന സൈന്യത്തെ ഏഷ്യയിൽ പുനർവിന്യസിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന സൂചനയാണ് മൈക്ക് പോംപിയോ നൽകിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾക്കും ദക്ഷിണ ചൈന കടലിനും ഭീഷണിയുള്ളതായാണ് മനസിലാകുന്നത്. അതുകൊണ്ടുതന്നെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയെ നേരിടാൻ സൈന്യത്തെ കൃത്യമായ ഇടങ്ങളിൽ വിന്യസിക്കേണ്ടതുണ്ട്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിതെന്ന് തങ്ങൾ കരുതുന്നതായും ബ്രസൽസ് ഫോറം വെർച്വൽ കോൺഫറൻസിൽ മൈക്ക് പോംപിയോ പറഞ്ഞു. അതിർത്തിയിൽ ഇന്ത്യയും ചൈനയും വൻതോതിൽ സൈനിക സാന്നിദ്ധ്യം കൂട്ടുന്നതിനിടെയാണ് അമേരിക്ക നയം വ്യക്തമായിരിക്കുന്നത്.

അതിർത്തിയിൽ ഇന്ത്യയുമായുള്ള സംഘർഷത്തിന്റെയും തന്ത്രപ്രധാനമായ ദക്ഷിണ ചൈന കടലിലെ സൈനിക സാന്നിധ്യത്തിന്റെയും പേരിൽ ചൈനീസ് സൈന്യത്തെ പോംപിയോ നേരത്തെ വിമർശിച്ചിരുന്നു. നാറ്റോ പോലുള്ള സ്ഥാപനങ്ങളിലൂടെ കൈവരിച്ച എല്ലാ പുരോഗതിയും ഇല്ലാതാക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ശ്രമിക്കുന്നതെന്ന് പോംപിയോ കുറ്റപ്പെടുത്തുകയും ചെയ്തു.

Story Highlights – Chinese threat; The United States says it will deploy army

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top