സ്വർണക്കടത്ത്: ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നിസ്സഹകരിച്ചുവെന്ന് എന്‍ഐഎ

NIA Shivshankar interrogation

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നിസ്സഹകരിച്ചുവെന്ന് എന്‍ഐഎ. ഫോണ്‍ വിശദാംശങ്ങള്‍, സാഹചര്യത്തെളിവുകള്‍ എന്നിവ നിരത്തിയിട്ടും കൃത്യമായ മറുപടിയുണ്ടായില്ല. കേസില്‍ റമീസിന്റെ വിദേശ ബന്ധത്തിന് തെളിവ് ശേഖരിച്ചതായും ഹവാല നെറ്റ്‌വർക്കുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി. ഇതിനിടെ കോണ്‍സുല്‍ ജനറലിന്റെ മുന്‍ ഗണ്‍മാനെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് നീക്കമാരംഭിച്ചു.

Read Also : എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎ സംഘം കൊച്ചിയിലെത്തി; ഗൺമാൻ ജയഘോഷിനെയും ചോദ്യം ചെയ്യും

തിരുവനന്തപുരം പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലില്‍ പ്രതികളെ അറിയാമെന്ന് വ്യക്തമാക്കിയെങ്കിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ശിവശങ്കര്‍ നല്‍കിയില്ല. ഫോണ്‍ വിശദാംശങ്ങള്‍, സാഹചര്യത്തെളിവുകള്‍ എന്നിവ നിരത്തിയിട്ടും മാറ്റമുണ്ടായില്ല. ചോദ്യം ചെയ്യല്‍ തിരുവനന്തപുരത്തായതിന്റെ മാനസിക മുന്‍തൂക്കം ശിവശങ്കറിന് കിട്ടിയെന്നും ഇതിനാലാണ് കൊച്ചിയിലേക്ക് വിളിപ്പിച്ചതെന്നും എന്‍ഐഎ വ്യക്തമാക്കി. കേസില്‍ റമീസിന്റെ വിദേശ ബന്ധം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഗള്‍ഫില്‍ വിപുലമായ ബന്ധങ്ങളുള്ള ഇയാള്‍ വിദേശത്ത് വ്യവസായമുണ്ടെന്ന് പറഞ്ഞത് കളവാണ്. നിരീക്ഷണത്തിലുള്ള ചില സംഘടനകളുമായി അടുത്ത ബന്ധം ഇയാള്‍ക്കുണ്ടെന്നും ഹവാല പണമൊഴുക്കിന് റമീസിന് കീഴില്‍ വിപുലമായ നെറ്റ്‌വര്‍ക്കുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.

അതേസമയം, കേസില്‍ കോണ്‍സുല്‍ ജനറലിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് നീക്കമാരംഭിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നും പ്രതികളായ സന്ദീപ്, സരിത്, സ്വപ്ന എന്നിവര്‍ക്ക് വേണ്ട സഹായം നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലേക്ക് വിളിപ്പിച്ച ജയഘോഷിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തേക്കും.

Story Highlights NIA says Shivshankar did not co-operate in interrogation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top