താജ്മഹൽ പുരാതന ഹിന്ദു ക്ഷേത്രമാണെന്ന് വ്യാജപ്രചാരണം [24 fact check]

-/അന്‍സു എല്‍സ സന്തോഷ്
ആഗ്രയിൽ യമുനാനദിക്ക് സമീപം സ്ഥിതി ചെയ്യുന്ന താജ് മഹൽ യഥാർത്ഥത്തിൽ തേജോ മഹാലയ എന്ന പുരാതന ഹിന്ദു ക്ഷേത്രമാണെന്ന പ്രചാരണം വ്യാജം. ബിജെപി നേതാവും ദേശീയ വക്താവുമായ കപിൽ മിശ്രയാണ് ഈ വിവരങ്ങള്‍ ട്വീറ്റ് ചെയ്തത്.
300 വർഷത്തോളം ഷാജഹാന്റെ നിർമിതിയാണ് താജ്മഹലെന്ന് ലോകത്തെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചുവെന്ന് കുറിപ്പിലുണ്ട്. ക്രിയേറ്റ്‌ലി മീഡിയ എന്നൊരു ഓൺലൈൻ പോർട്ടലിലെ ലിങ്കും ചുവടെ ചേർത്തിരിക്കുന്നു. ഞൊടിയിടയിൽ എണ്ണായിരത്തിലധികം ആളുകൾ ഈ ട്വീറ്റ് പങ്കുവെച്ചു.

കപിൽ മിശ്ര നേരത്തെ തന്നെ വർഗീയ പരാമർശങ്ങളും വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാർത്തകൾ പങ്കുവയ്ക്കലുമെല്ലാം നടത്തി വിവാദ വാർത്തകളിൽ ഇടം പിടിച്ച നേതാവാണ്.
കപിൽ മിശ്ര നൽകിയിരിക്കുന്ന വെബ്‌സൈറ്റ് ഒരു വാർത്താ പോർട്ടലല്ല, സൈൻ അപ്പ് ചെയ്ത് സ്വന്തം സൃഷ്ടികൾ പ്രസിദ്ധീകരിച്ച് എഴുത്തുകാരനാവുക എന്ന് ആ വെബ്‌സെറ്റിൽ വ്യക്തമായി പറയുന്നുണ്ട്. മുൻപും ഇതേ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട ലിങ്കുകൾ കപിൽ മിശ്ര പങ്കുവച്ചിട്ടുണ്ട്.
നേരത്തെ 2015ൽ താജ്മഹൽ തേജോ മഹാലയമാണെന്നും ഹിന്ദുമത വിശ്വാസികൾക്ക് ആരാധിക്കാൻ തക്കവണ്ണം അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ആറ് അഭിഭാഷകർ കോടതിയെ സമീപിച്ചിരുന്നു. 2017 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ അവകാശവാദം നിഷേധിച്ചു.

വ്യവഹാരം നടത്താൻ ഹർജിക്കാർക്ക് അവകാശമില്ല. സ്മാരകത്തിൽ ഹിന്ദു പ്രാർത്ഥനകളോ കർമങ്ങളോ നടത്താൻ കഴിയില്ലായെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു. താജ്മഹലിൽ ക്ഷേത്രമല്ലെന്നും 17ാം നൂറ്റാണ്ടിലെ നിർമിതിയാണെന്നും ആർക്കിയോളജിക്കൽ സർവേയും പറഞ്ഞു. ചരിത്രകാരനായ പി എൻ ഓക്കിന്റെ താജ് മഹൽ: ദി ട്രൂ സ്റ്റോറി എന്ന പുസ്തകത്തിൽ മുസ്ലീം അധിനിവേശത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പ് 1155 ൽ നിർമിച്ചതാണ് താജ് മഹലെന്ന അഭിപ്രായമുണ്ട്. ഹിന്ദു ഭരണാധികാരിയാണ് താജ്മഹൽ നിർമിച്ചെതെന്ന വാദവുമായി 2000ൽ സുപ്രിം കോടതിയെ സമീപിച്ച ഓക്കിന് രേഖകളുടെ പിൻബലമില്ലാതെ തോറ്റു മടങ്ങേണ്ടി വന്നു.
Story Highlights – fact check, 24 fact check, taj mahal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here