വാളാടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന; ആന്‍റിജന്‍ പരിശോധന വ്യാപിപ്പിക്കും

wayanad collector

വയനാട്ടിലെ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായ വാളാടിൽ രോഗബാധിതരുടെ എണ്ണം 244 ആയി. 2000ത്തോളം പരിശോധനകൾ നടത്തിയതിൽ നിന്നാണ് 244പേർക്ക് രോഗം സ്ഥിരീകരിച്ചത്. വാളാട് രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന പൂർത്തിയായി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാളാടിനോട് ചേർന്നുളള തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം, തേറ്റമല പ്രദേശങ്ങളിൽ നാളെ ആന്റിജൻ പരിശോധന നടത്തും.

കൊവിഡ് വ്യാപനഭീതി നിലനിൽക്കുന്ന വാളാടിനോട് ചേർന്ന് കിടക്കുന്ന മറ്റ് പ്രദേശങ്ങളിലേക്കും ആന്റിജൻ പരിശോധന വ്യാപിപ്പിക്കും. അതേസമയം നേരത്തെ വ്യാപന ആശങ്ക നിലനിന്നിരുന്ന സുൽത്താൻ ബത്തേരിയിൽ നിയന്ത്രണങ്ങൾ ഒരു മാസം കൂടി നീട്ടാൻ നഗരസഭ തീരുമാനിച്ചു.

Read Also : വയനാട്ടിൽ ആശങ്കയ്ക്ക് കുറവില്ലാതെ വാളാട്; ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 215 പേർക്ക്

ഇതിനിടെ കൊവിഡ് ചികിത്സയിലിരുന്ന വയനാട് പേര്യ സ്വദേശി കോഴിക്കോട്ടെ മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. പേരിയ സ്വദേശി റെജിയാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന റെജിയെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ 25നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ശനിയാഴ്ച രാത്രിയിൽ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചത് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കഴിഞ്ഞ 17 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ മാസം 25 ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഓട്ടോഡ്രൈവറായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തരാവുകയും ചെയ്തു. വയനാട്ടിൽ ഇതുവരെ കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.

Story Highlights covid, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top