ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘മൂത്തോൻ’; സ്വന്തമാക്കിയത് മൂന്ന് പുരസ്‌കാരങ്ങൾ

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മൂത്തോൻ’. മികച്ച ചിത്രം, മികച്ച നടൻ, മികച്ച ബാലതാരം എന്നിങ്ങനെ മൂന്ന് അവാർഡുകൾ ചിത്രം സ്വന്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഫലപ്രഖ്യാപനവും ഓൺലൈൻ വഴിയാണ് നടന്നത്.

Read Also :‘അവന് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധം അലട്ടി, മൂത്തോൻ 20 വർഷം മുൻപ് ആത്മഹത്യ ചെയ്ത ഗേ സുഹൃത്തിന് വേണ്ടി’:ഗീതു മോഹൻദാസ്

വ്യത്യസ്ത ഇന്ത്യൻ ഭാഷകളിലെ 40 കഥാചിത്രങ്ങളും ഒപ്പം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചു. ജൂലൈ 24 ന് ആരംഭിച്ച ചലച്ചിത്രോത്സവം ഇന്നലെയാണ് സമാപിച്ചത്.

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ വലിയ നിരൂപക പ്രശംസ നേടിയിരുന്നു. 2019 സെപ്റ്റംബറിൽ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ അന്തർദേശീയ പ്രീമിയറിന് ശേഷമാണ് ചിത്രം തീയറ്ററിൽ എത്തിയത്. ലക്ഷ്വദ്വീപും മുംബൈയും പശ്ചാത്തലമാക്കുന്ന ചിത്രം ഒരു പതിനാല് വയസുള്ള കുട്ടി തന്റെ ജ്യേഷ്ഠനെ തേടി ലക്ഷ്വദ്വീപിൽ നിന്ന് മുംബൈയിലേക്ക് നടത്തുന്ന യാത്രയുടെ കഥയാണ് പറയുന്നത്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച നിവിൻ പോളിയ്ക്കും സഞ്ജന ദീപുവിനുമൊപ്പം ഷഷാങ്ക് അറോറ, റോഷൻ മാത്യു, ശോഭിത ധൂലിപാല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി.

Story Highlights Moothon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top