റഫാൽ വിമാനങ്ങളിൽ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ [24 Fact check]

രാജ്യം ഏറെ കാത്തിരുന്ന റഫാൽ വിമാനങ്ങളുടെ ആദ്യ സംഘം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. എന്നാൽ ഇപ്പോൾ റഫാലുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വ്യാജ പ്രചാരണം. റഫാൽ വിമാനങ്ങളിൽ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്നു എന്ന പേരിൽ ഒരു തെറ്റായ വിഡിയോ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പരിശോധിക്കാം.
വ്യോമ സേനയുടെ കരുത്തായി മാറിയ റഫാൽ വിമാനങ്ങൾ ഇന്ത്യ അഭിമാനപൂർവമാണ് വരവേറ്റത്. സാങ്കേതികമായി ഏറെ പ്രത്യേകതകളുള്ള റഫാൽ വിമാനങ്ങളെ സംബന്ധിച്ച് തെറ്റായ ഒരു ദൃശ്യം പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റഫാൽ, അഴിമതി ആരോപണങ്ങൾ ഉയർത്താൻ പ്രചാരണായുധമായിരുന്നു. ഫ്രാൻസിൽ നിന്ന് ആദ്യ ബാച്ചിലെ 5 റഫാൽ വിമാനങ്ങൾ പറന്നുയർന്നത് ജൂലൈ 27നാണ്. ഏറെ സുരക്ഷാ മുൻകരുതലോടെയായിരുന്നു ഇന്ത്യൻ മണ്ണിലേക്കുള്ള യാത്ര. യുദ്ധവിമാനത്തിന്റെ, ദൃശ്യങ്ങൾ പകർത്തുന്നതിന് പോലും വിലക്കുണ്ടായിരുന്നു.
എന്നാൽ, ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രമുഖർ പങ്കുവച്ചൊരു ദൃശ്യമുണ്ട്. യാത്രാ മധ്യേ ആകാശത്ത് വച്ച് റഫാൽ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നു എന്ന പേരിൽ. വിമാനത്തിനുള്ളിൽ നിന്ന് പകർത്തിയതെന്ന പേരിൽ ഇപ്പോഴും ഷെയർ ചെയ്യപ്പെടുന്ന ഈ ദൃശ്യം റഫാലിന്റേതല്ല. 8 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ 2 വർഷം മുമ്പ് ബ്രസീലിയൻ എയർഫോഴ്‌സ് അതോറിറ്റി പുറത്തുവിട്ടതാണ്. എഫ് – 5 ഫൈറ്റർ ജെറ്റിൽ നിന്ന് യാത്രാ മധ്യേ ബ്രസീൽ നേവിയുടെ എ- 4 ജെറ്റിൽ ഇന്ധനം നിറയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.
റഫാൽ വിമാനങ്ങളിലും ആകാശത്ത് വച്ച് ഇന്ധനം നിറച്ചിരുന്നു. യഥാർത്ഥ ദൃശ്യങ്ങൾ വ്യോമസേന തന്നെ പുറത്തുവിട്ടുണ്ട്. ജൂലൈ 28നാണ് ഫ്രഞ്ച് എയർ ഫോഴ്‌സിന്റെ സഹായത്തോടെ ഇന്ത്യയിലേക്കുള്ള യാത്രക്കിടെ റഫാൽ വിമാനങ്ങളിൽ ഇന്ധനം നിറച്ചത്. എന്നാൽ ഇതിന്റെ വീഡിയോ ഇതുവരെയും പുറത്തുവന്നിട്ടില്ല. ചിത്രങ്ങൾ മാത്രമാണ് ഉള്ളത്.
വ്യാപകമായി പ്രചരിക്കുന്നതാകട്ടെ തെറ്റായ ദൃശ്യവും.
പങ്കുവയ്ക്കുന്ന വിവരങ്ങളുടെ ഉറവിടം വിശ്വസനീയമാണെന്ന് ഉറപ്പാക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളെ ജാഗ്രതയോടെ തിരിച്ചറിയുക, തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക.
Story Highlights – The truth of the video circulating that Rafale refueling planes in the sky [24 Fact check]
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here