സ്വർണക്കടത്തിൽ കേസ് ഡയറി എൻഐഎ കോടതിയിൽ ഹാജരാക്കി; സ്വപ്‌നയുടെ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ എൻഐഎ കോടതിയിൽ കേസ് ഡയറി ഹാജരാക്കി. നികുതി വെട്ടിപ്പിൽ എങ്ങനെ യുഎപിഎ വരുമെന്ന് കോടതി ചോദിച്ചു. 20 തവണയായി 200 കിലോ സ്വർണമാണ് കടത്തിയതെന്ന് അസി. സോളിസിറ്റർ ജനറൽ പറഞ്ഞു. ഒരാൾ ഒരു തവണ സ്വർണം കടത്തുന്നത് പോലെയല്ല തുടർച്ചയായ കടത്തലെന്ന് കോടതിയിൽ അദ്ദേഹം വ്യക്തമാക്കി. ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസാണ്. രാജ്യത്തെ സാമ്പത്തിക ഭദ്രത തകർക്കുന്നതെന്നും രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും എൻഐഎ.

സ്വപ്‌നയുടെ ജാമ്യ ഹർജി പരിഗണിച്ച കോടതി മറ്റന്നാൾ പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതേസമയം കേസിൽ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖിനെയും പെരിന്തല്‍മണ്ണ സ്വദേശി ഷറഫുദ്ധീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതി റമീസിനെ മൂന്ന് ദിവസം കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരുന്നത്.

Read Also : സ്വർണക്കടത്ത്; സ്വപ്‌നയും സന്ദീപും റിമാൻഡിൽ

കൂടാതെ കേസിലെ പ്രതികളുടെ ഹവാല ഇടപാടുകളെ കുറിച്ച് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌റേറ്റ് പരിശോധന ആരംഭിച്ചു. കോടികളുടെ ഹവാല പണം കേരളത്തിൽ എത്തിയതായി എൻഫോഴ്‌സ്‌മെൻറ് കണ്ടെത്തൽ.

കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ ഹവാല ഇടപാടുകളെ കുറിച്ചാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് അടക്കം കോടികളുടെ ഇടപാടുകൾ സ്വപ്ന നടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിട്ടുണ്ട്. കോടികളുടെ ഹവാല പണം പ്രതികൾ കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരിക്കുന്നത്. കമ്മീഷനിലൂടെ ലഭിച്ച പണം ഹവാലയായി വിദേശത്ത് കൈമാറിയതായും സൂചനയുണ്ട്.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന് വേണ്ടിയും ഇത്തരത്തിൽ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. എം ശിവശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ കൺസൾട്ടൻസികളെ കുറിച്ച് അന്വേഷണം നടത്താനാണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനം. കേസിലെ പ്രധാന പ്രതികളെ നാളെ എൻഫോഴ്‌സ്‌മെൻറ് കസ്റ്റഡിയിൽ എടുക്കും.അന്വേഷണത്തിന്റെ ഭാഗമായി എം ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെൻറിന്റെ തീരുമാനം.

Story Highlights gold smuggling, nia, swapna, bail application

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top