കോണ്ടാക്ടുകള്‍ കണ്ടുപിടിക്കുന്നതിലടക്കം ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുക മാത്രമാണ് പൊലീസ് ചെയ്യുക: മുഖ്യമന്ത്രി

kerala police covid

കോണ്ടാക്ടുകള്‍ കണ്ടുപിടിക്കുന്നതിലടക്കം ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുക മാത്രമാണ് പൊലീസ് ചെയ്യുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അധികാരം പൊലീസിന് നല്‍കിയത് സംബന്ധിച്ച് പ്രതിഷേധങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് പ്രതിരോധത്തില്‍ എല്ലാ ഘട്ടത്തിലും ആരോഗ്യ പ്രവര്‍ത്തകരും പൊലീസുമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും അവരുടെ ഇടപെടലും തുടക്കം മുതലുണ്ട്. എന്നാല്‍ തുടര്‍ച്ചയായ അധ്വാനം, വിശ്രമരാഹിത്യം തുടങ്ങിയവ സ്വാഭാവികമായും ആരിലും ക്ഷീണം ഉണ്ടാക്കും. അത് ആരോഗ്യ പ്രവര്‍ത്തകരിലും ക്ഷീണം ഉളവാക്കിയിട്ടുണ്ട്. ഇപ്പോള്‍ രോഗ വ്യാപന ഘട്ടമാണ്. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ദൗത്യ രീതിയല്ല രോഗ വ്യാപന ഘട്ടത്തില്‍. രോഗികളുടെ എണ്ണം കൂടുകയാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കൂടുകയാണ്. പ്രൈമറി കോണ്ടാക്ടുകളുടെ എണ്ണവും കൂടി. കോണ്ടാക്ട് ട്രെയ്‌സിംഗ് കൂടുതല്‍ വിപുലമായി മാറി. നാട്ടില്‍ സിഎഫ്എല്‍ടിസികള്‍ സ്ഥാപിച്ചതോടെ ആ രംഗത്തും പുതിയതായി ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. മൊബൈല്‍ യൂണിറ്റുകളും കൂട്ടിയിട്ടുണ്ട്. ടെസ്റ്റിംഗ് സൗകര്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിപ്പിച്ചിട്ടുണ്ട്.

വീടുകളില്‍ ചികിത്സയ്ക്കുള്ള സംവിധാനം ഒരുക്കുമ്പോള്‍ വീണ്ടും ജോലിഭാരം വര്‍ധിക്കുകയാണ് ഉണ്ടാവുക. അത്തരം ഒരു ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കൂടുതല്‍ സഹായിക്കേണ്ടതുണ്ട്. സമ്പര്‍ക്കം കണ്ടെത്തുന്നതിന് സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കുയെന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. നേരത്തെ മുതല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമരഹിതമായി ജോലി ചെയ്യുകയാണ്. ഇപ്പോഴുള്ള അനുഭവം വലിയതോതിലുള്ള രോഗവ്യാപനമാണ്. ആ സാഹചര്യത്തില്‍ പൊലീസിനെക്കൂടി ഇതിന്റെ ഭാഗമായി ഉപയോഗിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലിയല്ല പൊലീസ് ചെയ്യുക. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലി അവര്‍ തന്നെയാണ് ചെയ്യുക. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി പൊലീസിന് കൈമാറുന്നുവെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുവാന്‍ ശ്രമം നടന്നിട്ടുണ്ട്.

അതേസമയം, പൊലീസിന് അധികജോലി ഏല്‍പിക്കുന്നുണ്ട്. അത് ആരോഗ്യ പ്രവര്‍ത്തകരെയും ആരോഗ്യ സംവിധാനത്തെയും സഹായിക്കുകയെന്നതാണ്. അത്തരമൊരു തീരുമാനം തെറ്റിദ്ധാരണ സൃഷ്ടിക്കും വിധം പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ അപൂര്‍വം ചിലര്‍ക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങനെയെങ്കിലും രോഗവ്യാപനം വലിയതോതില്‍ ആകണം. അത്തരം മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാനാകൂ. ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ അറിയാത്തവരായി കേരളത്തില്‍ ആരുമില്ല. എല്ലാ ഘട്ടത്തിലും അവരെ അഭിനന്ദിക്കുകയും വേണ്ട സഹായങ്ങള്‍ അവര്‍ക്ക് നല്‍കണമെന്ന നിലപാട് സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

ഇപ്പോള്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ടവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് അവരുടെ ചികിത്സയിലും പരിചരണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനോടൊപ്പം കോണ്ടാക്ട് ട്രെയ്‌സിംഗും. ഇതെല്ലാം തുടര്‍ച്ചയായി ഒരു സംഘം ചെയ്യുമ്പോഴുണ്ടാകുന്ന മനുഷ്യസഹജമായ ക്ഷീണം കുറയ്ക്കാനാണ് സഹായത്തിന് പൊലീസിനെ ഏല്‍പിച്ചത്. ഒരുപാട് യാത്ര ചെയ്തവര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടാകാം. അത്തരം ആളുകളുടെ സമ്പര്‍ക്ക പട്ടിക വിപുലമാകും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സൈബര്‍ സഹായം ഉള്‍പ്പെടെ ആവശ്യമായി വരും. മൊബൈല്‍ സേവന ദാതാക്കളെ ബന്ധപ്പെടേണ്ടതായി വരും. ഇത്തരം കാര്യങ്ങളില്‍ പൊലീസിന് ശരിയായി ഇടപെടാന്‍ കഴിയും. അത്തരം കാര്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ പൊലീസിന് കഴിയും. ഇത് പറഞ്ഞപ്പോള്‍ ചിലര്‍ക്ക് തോന്നി ആരോഗ്യ പ്രവര്‍ത്തകരെ പൂര്‍ണമായി ഒഴിവാക്കുകയാണെന്ന്. അത്തരം തോന്നലുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights police can only assist health workers in contact tracing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top