സർക്കാരിന്റെ അറിവില്ലാതെ അനധികൃത ദേശീയപാത നിർമാണം; അനുമതിയോ ടെണ്ടറോ ഇല്ലാതെ 19 കോടിയുടെ കരാർ; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അറിയാതെ ദേശീയപാത വെട്ടിമുറച്ച് പുതിയ നാലുവരി ദേശീയപാത നിർമാണം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് കേട്ടുകേൾവിയില്ലാത്ത തട്ടിപ്പിലൂടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. അനുമതിയോ ടെണ്ടറോ ഇല്ലാതെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരം 19 കോടി രൂപയുടെ കരാർ ഉറപ്പിച്ചായിരുന്നു നിർമാണം.

Read Also : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്
സർക്കാർ അറിയാതെയാണ് ആറ്റിങ്ങലിൽ ദേശീയപാത വെട്ടിമുറിച്ച് പുതിയ നാലുവരിപ്പാതയാക്കാൻ പൊതുമരാമത്ത് എൻജിനീയർമാർ കരാർ നൽകിയത്. ആറ്റിങ്ങലിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ റോഡിന്റെ വീതി കൂട്ടാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനുപകരം പുതിയ നാലുവരി പാത നിർമിക്കാൻ റിവൈവ് കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്ക് ഉദ്യോഗസ്ഥർ കരാർ നൽകി. പത്ത് മാസമാണ് നിർമാണ കാലാവധി. ഒരു തകരാറുമില്ലാത്ത ദേശീയപാത അഞ്ചടി ആഴത്തിൽ വെട്ടിമുറിച്ചാണ് പുതിയ പാതയുടെ നിർമാണം.

ദേശീയപാത നിർമാണത്തിന് കേന്ദ്ര സർക്കാരിന്റേയും സംസ്ഥാന സർക്കാരിന്റേയും അനുമതിയും അംഗീകാരവും വേണം. ഇത്തരത്തിലൊരു നിർമാണം സർക്കാർ അറിഞ്ഞിട്ടില്ല. കരാർ നൽകുന്ന ഫയൽ പോലും പൊതുമരാമത്ത് സെക്രട്ടറിയുടെ അടുത്ത് എത്തിയിട്ടില്ല. കേരളത്തിൽ ദേശീയപാത നാല് വരിയാക്കുന്നത് തുടങ്ങിയിട്ടുമില്ല. റോഡ് വെട്ടിമുറിച്ച് മൂന്ന് കിലോമീറ്റർ പുതിയ നാല് വരി പാതയുടെ നിർമാണത്തിനാണ് കരാറെന്ന് കമ്പനിയും സമ്മതിക്കുന്നുണ്ട്.

ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ ആറ്റിങ്ങലിൽ പൊലീസ് വാഹനം വഴി തിരിച്ചുവിട്ടപ്പോഴാണ് മന്ത്രി ജി സുധാകരൻ ദേശീയപാത നിർമാണം അറിഞ്ഞത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ മന്ത്രി നിർമാണം സ്‌റ്റേ ചെയ്ത് ഉത്തരവിറക്കി. മാത്രമല്ല അടിയന്തരമായി ദേശീയ പാത പൂർവസ്ഥിതിയിലാക്കാൻ നിർേദശിച്ചു. അനധികൃത നിർമാണത്തെക്കുറിച്ച് ചീഫ് എൻജിനീയർ, എക്‌സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരോട് മന്ത്രി വിശദീകരണം തേടി.
Story Highlights – trivandrum, attingal, national highway construction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here