പാലക്കാട്ട് കനത്ത മഴ; വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു

പാലക്കാട്ട് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഓങ്ങല്ലൂർ പൂക്കുപടി കൂടമംഗലത്ത് അൽഹുദാ സ്‌കൂളിന് അടുത്താണ് സംഭവം. മച്ചിങ്ങാത്തൊടി മൊയ്തീൻ ആണ് മരിച്ചത്. 70 വയസായിരുന്നു.
മൺചുമരുള്ള വീടാണ് ഇടിഞ്ഞ് വീണത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ മാറ്റി. അപകടത്തിൽ മറ്റ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Read Also : അതിശക്തമായ മഴ; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം
പാലക്കാട്ട് കഴിഞ്ഞ ദിവസം ഷോക്കേറ്റ് സ്ത്രീ മരിച്ചിരുന്നു. അട്ടപ്പാടിയിലും കനത്ത മഴയാണ് തുടരുന്നത്. അട്ടപ്പാടിയിൽ മിക്കഇടങ്ങളിലും വൈദ്യുതി നിലച്ച അവസ്ഥയാണ്. ഉരുൾപൊട്ടൽ ഭീഷണിയും ജില്ലയിൽ നിലനിൽക്കുന്നുണ്ട്.
അതേസമയം ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
Story Highlights – palakkad, heavy rain, one death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here