Advertisement

നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാൻ ഇനി നമ്മുടെ കൈയ്യിലുള്ളത് വെറും 4 ദിവസം !

August 7, 2020
Google News 2 minutes Read
what is eia 2020

കഴിഞ്ഞ ദിവസമാണ് Environment Impact Assessment (EIA) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 11 വരെയാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും ഇഐഎ ഏറെ ചർച്ചയായി. നമ്മിൽ പലരും ഇതിനോടകം ഇഐഎക്ക് എതിരായ പോസ്റ്റുകൾ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിൽ കണ്ടിരിക്കും. എന്നാൽ എന്താണ് ഇഐഎ എന്ന് ചിന്തിച്ചിട്ടുണ്ടോ ? എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുക ? എന്തുകൊണ്ടാണ് ഈ ഭേദഗതിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളുണ്ടാകുന്നത് ?

ഇഐഎ എന്താണെന്ന് അറിയാൻ ആദ്യം ഇന്ത്യയിലെ പരിസ്ഥിതി നിയമത്തെ കുറിച്ച് അറിയണം…

1972ൽ സ്റ്റോക്‌ഹോം വിജ്ഞാപനം വരുന്നതിന് ശേഷമാണ് 1974ൽ ജലമലിനീകരണത്തിനും 1981ൽ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയിൽ നിയമം വരുന്നത്. എന്നാൽ 1984ൽ ഭോപ്പാൽ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം 1986 ൽ നിലവിൽ വരുന്നത്.

ഈ നിയമത്തിന് കീഴിൽ 1994 ലാണ് ആദ്യമായി ഇന്ത്യ ഇഐഎ കൊണ്ടുവരുന്നത്. എല്ലാ പദ്ധതികളും ഇഐഎയ്ക്ക് അനുസൃതമായി വേണം ആരംഭിക്കാൻ. എൻവയോൺമെന്റൽ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളു. 1994ലെ ഇഐഎയ്ക്ക് പിന്നീട് 2006ൽ ഭേദഗതി വന്നു.

നിലവിലെ EIA വിവാദം എന്ത് ? നമ്മെ ബാധിക്കുന്നതെങ്ങനെ ?

  • ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല

ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് തീമസിക്കുന്ന മനുഷ്യർ, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ എന്നിവ പഠിച്ച ശേഷം മാത്രമേ എൻവയോൺമെന്റ് ക്ലിയറൻസ് നൽകുകയുള്ളു. എന്നാൽ 2020 ൽ ഇഐഎയ്ക്ക് കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എൻവയോൺമെന്റ് ക്ലിയറൻസിന് അപേക്ഷിച്ചാൽ മതി. ഇത് വരുത്തിവയ്ക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം.

what is eia 2020

വിശാഖപട്ടണത്തെ എൽജി പോളിമറിന് എൻവയോൺമെന്റ് ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും നമുക്ക് പരാതിപ്പെടാൻ സാധിക്കില്ല.

  • കെട്ടിടത്തിന്റെ ചുറ്റളവ്

നിലവിൽ 20,000 സ്‌ക്വയർഫീറ്റോ അതിൽ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസിനായി അപേക്ഷിക്കേണ്ടുണ്ട്. എന്നാൽ ഇഐഎ 2020 പ്രകാരം 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാൽ മതി. അതിനർത്ഥം ഒരു വിമാനത്താവളത്തിനത്ര വലുപ്പമുള്ള ഒരു പദ്ധതി നാട്ടിൽ വന്നാൽ പോലും ആ പദ്ധി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചോ സമീപത്ത് താമസിക്കുന്ന മനുഷ്യ ജീവനുണ്ടാക്കുന്ന വിപത്തിനെ കുറിച്ചോ ആർക്കും പരാതിപ്പെടാൻ സാധിക്കില്ലെന്ന് ചുരുക്കം…

  • പ്രവർത്തനം ഇരട്ടിയാക്കിയാലും ക്ലിയറൻസ് വേണ്ട

നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവർത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ആവശ്യമില്ലാതാകുന്നു. കമ്പനി എത്ര നാശനഷ്ടങ്ങൾ വരുത്തിയാലും ഇത് ബാധകമല്ല.

  • ബി2 വിഭാഗം….

ഇഐഎ 2020ൽ പുതുതായി ബി2 എന്നൊരു വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാൽപ്പതിലേറെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികൾക്കൊന്നും ക്ലിയറൻസ് ആവശ്യമില്ല. ഈ കമ്പനികൾ എങ്ങനെയാണ് നമുക്ക് വിനയാകുന്നത് എന്നതിന് ഉദാഹരണമാണ് മെയ് 27ന് ഉണ്ടായ അസം ദുരന്തം.

what is eia 2020

കഴിഞ്ഞ 15 വർഷമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിക്കാതെയാണ് അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായ തീപിടുത്തത്തിൽ 13,000 കുടുംബംഗങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ടി വന്നത്.

  • പ്രതികരിക്കാനുള്ള സമയക്കുറവ്…

നേരത്തെ ഒരു പദ്ധതിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ തുറന്ന ചർച്ചയ്ക്ക് വയ്ക്കുകയും (പബ്ലിക് ഹിയറിംഗ്) ഇതിന് 30 ദിവസം നൽകുകയും ചെയ്യുമായിരുന്നു. ഈ സമയം 20 ദിവസമാക്കി വെട്ടിചുരുക്കിയിരിക്കുകയാണ്.

മാത്രമല്ല വീഡിയോ കോൺഫറൻസ് വഴി പബ്ലിക് ഹിയറിംഗ് നടത്താമെന്നും തീരുമാനിച്ചതായാണ് റിപ്പോർട്ട്. പലപ്പോഴും വൻകിട പദ്ധതികളിൽ ബലിയാടാകുന്നത് തികച്ചും താഴെ കിടയിൽ ജീവിക്കുന്ന കാടിന്റെയും കടലിന്റെയും മക്കളാണ്. ഒരു പദ്ധതിയെ കുറിച്ച് പഠിച്ച് വിദഗ്ധമായി അഭിപ്രായം രേഖപ്പെടുത്താനോ വിദഗ്ധരുടെ സഹായം തേടാനോ അവർക്ക് സാധിക്കില്ല. അനുവദിച്ച സമയം കൂടി വെട്ടിച്ചുരുക്കുന്നത് പൊതുജനത്തെ പൂർണമായും അകറ്റി നിർത്തുന്നതിന് തുല്യമാകും.

നമുക്ക് എന്ത് ചെയ്യാനാകും ?

ഇത് നമ്മെ മാത്രം ബാധിക്കുന്ന വിഷയമല്ല. വരും തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്. ഇതുവരെ ഇഐഎ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളു. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ഓഗസ്റ്റ് 11 വരെ നമുക്ക് അറിയിക്കാൻ സാധിക്കും. ഇതിനായി താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ ക്ലിക്ക് ചെയ്യുക… https://environmentnetworkindia.github.io/

ഓർക്കുക….പരിസ്ഥിതിയില്ലെങ്കിൽ നമ്മളില്ല….!

Story Highlights what is eia 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here