മഴ ശക്തമാകുന്നു; സംസ്ഥാനത്ത് 342 ക്യാമ്പുകളിലായുള്ളത് 3530 കുടുംബങ്ങള്‍

rain kerala

മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളെയാണ് സംസ്ഥാനത്ത് മാറ്റി പാര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊത്തം 11,446 പേരാണ് ക്യാമ്പുകളിലുള്ളത്. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത് വയനാട് ജില്ലയിലാണ്. 69 ക്യാമ്പുകളിലായി 3795 പേരെയാണവിടെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 43 ക്യാമ്പുകളിലായി 1015 പേരേയും, കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 ആളുകളേയും എറണാകുളത്ത് 30 ക്യാമ്പുകളിലായി 852 പേരേയും ഇടുക്കിയില്‍ 17 ക്യാമ്പുകളിലായി 542 ആളുകളേയും മലപ്പുറത്ത് 18 ക്യാമ്പുകളിലായി 890 പേരേയും മാറ്റിപ്പാര്‍പ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുള്ള തയാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിതീവ്ര മഴ അപകടസാധ്യത വര്‍ധിപ്പിക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും മറ്റന്നാള്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights 3530 families in 342 camps kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top