മഴയും കൊവിഡും വകവെക്കാതെ ഓടിയെത്തിയ മലപ്പുറം; അപകടത്തിന്റെ തീവ്രത കുറച്ചത് മാനവികതയുടെ കരുതൽ

rescue operation karipur airport

മലയാളികൾക്ക് പലതരം വിശ്വാസങ്ങളും രാഷ്ട്രീയവുമുണ്ട്. ചായക്കടയിലും ബാർബർ ഷോപ്പിലും രാഷ്ട്രീയം പറഞ്ഞ് തർക്കിക്കുന്നവരാണ് നമ്മൾ. എന്നാൽ, നമ്മൾ മലയാളികൾക്ക് ഒരു പ്രശ്നം വന്നാൽ, മുണ്ടു മുറുക്കി നമ്മൾ അങ്ങിറങ്ങും. അതിന് വിശ്വാസവും ജാതിയും മതവും ഒന്നും ഒരു തടസ്സമാവില്ല. പ്രളയകാലത്തെ ചേർത്തുപിടിക്കലുകൾ നമ്മളെത്ര കണ്ടു. ഇങ്ങനെ മുണ്ടുമുറുക്കിയുടുത്ത് കർമരംഗത്തേക്കിറങ്ങിയ ഒരുകൂട്ടം ആളുകളാണ് ഒരുപക്ഷേ, വലിയൊരു ദുരന്തം ആകുമായിരുന്ന കരിപ്പൂർ വിമാന ദുരന്തത്തെ തടഞ്ഞു നിർത്തിയത്.

കൊവിഡാണ്. കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്മെൻ്റ് സോണിലാണ്. രാത്രിയാണ്. ഇരുട്ടാണ്. മഴയാണ്. എന്നിട്ടും വലിയൊരു ശബ്ദം കേട്ടപ്പോൾ, മതിൽ തകർന്ന് വിമാനം കിടക്കുന്നത് കണ്ടപ്പോൾ, നിസ്സഹായതയോടെയുള്ള നിലവിളികൾ കേട്ടപ്പോൾ അതൊക്കെ മറന്ന് അവർ ഓടിയെത്തി. വന്ദേഭാരത് മിഷൻ്റെ ഭാഗമായി വന്ന ആളുകളാണ്. പലർക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവർ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്പിക്കാനും അവർ ശ്രദ്ധിച്ചു. പരുക്കേറ്റവരെ മറ്റൊന്നും ശ്രദ്ധിക്കാതെ കോരിയെടുത്ത് ഓടിയ ആ ജനത തന്നെയാണ് കേരളത്തിൻ്റെ കരുത്ത്

Read Also : കരിപ്പൂര്‍ വിമാനദുരന്തം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

മംഗലാപുരം എയർപോർട്ടിൽ 10 വർഷം മുൻപ് നടന്നത് ഇതുപോലൊരു ദുരന്തമായിരുന്നു. ടേബിൾ ടോപ്പ് റൺവേ ദുരന്തം തന്നെയായിരുന്നു അതും. എന്നാൽ അവിടെ രക്ഷാപ്രവർത്തനം പൂർത്തിയാകാൻ ഒരുപാട് സമയമെടുത്തു. ഇവിടെ, ഇതിനോടകം എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുകയും ബാഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു.

ഇവിടെ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. മംഗലാപുരത്ത് നടന്ന അപകടത്തിൽ വിമാനത്തിൽ ഒരു പൊട്ടിത്തെറി ഉണ്ടായിരുന്നു. അത് ഒഴിവാക്കിയത് സ്വന്തം ജീവൻ പണയം വെച്ച് വിമാനം കഴിയുന്നത്ര സുരക്ഷിതമായി നിലത്തിറക്കിയ പൈലറ്റ് ദീപക് വസന്ത് സാഥെയാണ്.

ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

Story Highlights rescue operation in karipur airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top