മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാസംഘം പത്തനംതിട്ടയില്‍ എത്തി

fishing boat

മഴ കനക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാസംഘം പത്തനംതിട്ടയില്‍ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ അടക്കം 15 വള്ളങ്ങളാണ് അവിടെ എത്തിച്ചേര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പത്തനംതിട്ട ജില്ലയില്‍ പമ്പാ ഡാമിലെ ജല നിരപ്പ് ഉയരുകയാണ്. ഡാമില്‍ നിലവില്‍ 983 മീറ്റര്‍ വെള്ളമാണ് ഉള്ളത്. 983.50 മീറ്റര്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. രാത്രിയില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടിയന്തിരഘട്ടത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായും, ജില്ലയിലെ പൊലീസ് സംവിധാനം സുസജ്ജമാണെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജില്ലയിലെ നദികളെല്ലാം നിറയുന്നതും മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ നിയന്ത്രിത തോതില്‍ തുറന്നുവിടുന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആശങ്കാജനകമായ സ്ഥിതി നിലവിലുള്ളതിനാല്‍ ആളുകള്‍ പരിഭ്രാന്തരാവരുതെന്നും, ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാെപാലീസ് മേധാവി പറഞ്ഞു.

പമ്പ ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പ് ഉയരുന്നതും റാന്നി പോലെയുള്ള ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതും പരിഗണിച്ച് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും എസ്എച്ച് ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story Highlights rescue team led by fishermen reached Pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top