വോക്സും ബട്‌ലറും രക്ഷകരായി; മോശം തുടക്കം ക്ലൈമാക്സിൽ പരിഹരിച്ച് ഇംഗ്ലണ്ട്; ജയം മൂന്നു വിക്കറ്റിന്

england won against pakistan

പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ആവേശജയം. രണ്ടര ദിവസം പാകിസ്താൻ കയ്യടക്കിവെച്ചിരുന്ന മത്സരം ഒരു ദിവസം കൊണ്ട് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. 3 വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചു കയറിയത്. ജോസ് ബട്‌ലർ, ക്രിസ് വോക്സ് എന്നിവരുടെ മികച്ച ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ് ആണ് മത്സരത്തിലെ താരം.

Read Also : എറിഞ്ഞൊതുക്കി പാകിസ്താൻ; ഇംഗ്ലണ്ട് 219നു പുറത്ത്

രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ്റെ ഒരു ബാറ്റ്സ്മാനും നിലയുറപ്പിക്കാനായില്ല. പലരും രണ്ടക്കം കടന്നെങ്കിലും ഉയർന്ന സ്കോർ കണ്ടെത്തുന്നതിനു മുൻപ് തന്നെ പുറത്തായത് പാകിസ്താനു തിരിച്ചടിയായി. 33 റൺസെടുത്ത യാസിർ ഷാ ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ആസാദ് ഷഫീഖ് (29), മുഹമ്മദ് റിസ്‌വാൻ (27), ആബിദ് അലി (20) തുടങ്ങിയവരാണ് മറ്റു സ്കോറർമാർ. ആദ്യത്തെ വിക്കറ്റ് സ്കോർബോർഡിൽ 6 റൺസ് മാത്രം ഉണ്ടായിരുന്നപ്പോൾ നഷ്ടമായ പാകിസ്താൻ 169 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് 3 വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

277 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. റോറി ബേൺസ് ആയിരുന്നു ആദ്യം പുറത്തായത്. 10 റൺസെടുത്ത ബേൺസിനെ മുഹമ്മദ് അബ്ബാസ് വിക്കറ്റിനു മുന്നിൽ കുരുക്കി. രണ്ടാം വിക്കറ്റിൽ ജോ റൂട്ട്- ഡോമിനിക് സിബ്‌ലി സഖ്യം സാവധാനം ഇംഗ്ലണ്ടിനെ മുന്നോട്ടു കൊണ്ടുപോയി. 64 റൺസിൻ്റെ ഈ കൂട്ടുകെട്ട് പൊളിച്ചത് യാസിർ ഷാ ആണ്. 36 റൺസെടുത്ത സിബ്‌ലി ആസാദ് ഷഫീഖിൻ്റെ കൈകളിൽ അവസാനിച്ചു. ഏറെ വൈകാതെ ജോ റൂട്ടിനെ (42) നസീം ഷാ ബാബർ അസമിൻ്റെ കൈകളിൽ എത്തിച്ചു. ബെൻ സ്റ്റോക്സിനെ (9) യാസിർ ഷായുടെ പന്തിൽ മുഹമ്മദ് റിസ്‌വൻ പിടികൂടി. കഴിഞ്ഞ ഇന്നിംഗ്സിലെ ഹീറോ ഒലി പോപ്പിനെ (7) ഷഹീൻ അഫ്രീദിയുടെ പന്തിൽ ഷദബ് ഖാൻ കൈപ്പിടിയിൽ ഒതുക്കിയതോടെ ഇംഗ്ലണ്ട് വിറച്ചു.

Read Also : ഷാൻ മസൂദിന് സെഞ്ചുറി; പാകിസ്താൻ ഭേദപ്പെട്ട നിലയിൽ

117/5 എന്ന നിലയിൽ പരാജയം മുന്നിൽ കണ്ട ഇംഗ്ലണ്ടിനു വേണ്ടി ജോസ് ബട്‌ലർ-ക്രിസ് വോക്സ് സഖ്യം ക്രീസിൽ ഒരുമിച്ചു. ശ്രദ്ധാപൂർവം ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 139 റൺസിൻ്റെ നിർണായക കൂട്ടുകെട്ടാണ്. ജോസ് ബട്‌ലറെ (75) വിക്കറ്റിനു മുന്നിൽ കുരുക്കിയ യാസിർ ഷാ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സ്റ്റുവർട്ട് ബ്രോഡും (7) സമാനരീതിയിൽ യാസിർ ഷായ്ക്ക് കീഴടങ്ങിയതോടെ പാകിസ്താൻ വീണ്ടും പ്രതീക്ഷയിലായി. എന്നാൽ, 84 റൺസെടുത്ത് പുറത്താവാതെ നിന്ന വോക്സ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Story Highlights england won against pakistan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top