പെട്ടിമുടിയിൽ തിരച്ചിലിന് വേഗം കൂട്ടിയത് പൊലീസിലെ ഡോണയും മായയും…

പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ചിട്ട് മൂന്നു ദിന രാത്രങ്ങൾ പിന്നിടുമ്പോഴും ഇനിയും മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ കഴിയാത്തത് ശ്രമകരമായ ദൗത്യമായി തുടരുകയാണ്. പ്രതികൂലമായ കാലാവസ്ഥ തിരച്ചിലിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ, പെട്ടിമുടിയിൽ തിരച്ചിലിന്റെ ഗതിവേഗം മാറ്റിയ ഒന്നായിരുന്നു കേരള പൊലീസിന്റെ ഡോഗ് സ്‌ക്വാഡിന്റെ വരവ്. മൃതദേഹങ്ങളുള്ള മൂന്ന് സ്ഥലങ്ങളാണ് ഇവർ കണ്ടെത്തി നൽകിയത്. ഡോഗ് സ്‌ക്വാഡിലെ തിരച്ചിൽ വിദഗ്ധർ മായക്കും ഡോണയ്ക്ക് നന്ദി പറയുകയാണ് രക്ഷാ പ്രവർത്തകർ.
ഇരുപതടി പൊക്കത്തിൽ വരെ മണ്ണ് വന്നടിഞ്ഞ ദുരന്ത ഭൂമിയിൽ മനുഷ്യസാധ്യമായതെല്ലാം ആദ്യ രണ്ട് ദിവസം തന്നെ ചെയ്തിരുന്നു. തെരച്ചിലിന് ഇത് മാത്രം പോരാതെ വന്നതോടെയാണ് ഡോണയും മായയും പെട്ടിമുടിയിലെത്തിയത്. ദുരന്തസ്ഥലത്ത് എത്തിയപാടെ പരിശീലകരുടെ കൈവിട്ട് മായ മൂന്നടി താഴ്ചയുള്ള ചെളിക്കുണ്ടിലേക്ക് നീങ്ങി.
പിന്നെ മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞതുപോലെ സൂചന നൽകി. ദൗത്യസംഘാംഗങ്ങൾ അവിടെ തിരഞ്ഞപ്പോൾ മണ്ണിനടിയിൽ ഒരു മൃതദേഹം. മഴ തടസ്സമാകും വരെ തുടർന്ന് ഇരുവരും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുകയും മറ്റുള്ളവരെ കണ്ടെത്താൻ വഴികാട്ടിയാകുകയും ചെയ്തു.
തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നാണ് ഇവയെ എത്തിച്ചത്. മണ്ണിനടിയിലുള്ള മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച, കെടാവർ പേരിലറിയപ്പെടുന്ന ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട നായയാണ് മായ. മണ്ണിനടിയിലെ ജീവനുകളുടെ സാന്നിധ്യം കണ്ടെത്താൻ പരിശീലനം നേടിയ ലാബ്രഡോർ ഇനത്തിലുള്ള നായയാണ് ഡോണ. മായ പഞ്ചാബിൽ നിന്ന് കേരള പൊലീസിലെത്തിയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഇതിന്റെ പരിശീലനകാലം പൂർത്തിയായിട്ടില്ല. ഇന്ത്യയിൽത്തന്നെ ദുരന്തമുഖത്ത് ആദ്യമായാണ് ഇത്തരമൊരു പരിശോധനയെന്ന് പരിശീലകർ പറയുന്നു.
Story Highlights -petti mudi, dog squad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here