പ്രസവത്തിന് തൊട്ടുമുൻപ് സ്‌ഫോടനം; മൊബൈൽ വെളിച്ചത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി; അപൂർവം

ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ സ്‌ഫോടനത്തിന് തൊട്ടുമുൻപാണ് എമ്മാനുവലെ ഖനൈസർ എന്ന യുവതിയെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ മുറിയിലേക്ക് കയറ്റിയതും കാതടപ്പിക്കുന്ന ശബ്ദത്തിൽ സ്‌ഫോടനമുണ്ടായി. ഇതിനിടെ ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂർണമായി തകരുകയും ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ഇത് എമ്മാനുവലെയുടേയും ആരോഗ്യപ്രവർത്തകരുടേയും ശരീരത്തിൽ തുളച്ചു കയറി. പ്രവസ വേദനയ്‌ക്കൊപ്പം ചില്ലുകൾ കയറിയ വേദനയും എമ്മാനുവലെയെ തളർത്തി.

മനധൈര്യം കൈവിടാതെ ഡോക്ടർമാരും നഴ്‌സുമാരും അവസരോചിതമായി ഇടപെട്ടു. ഇതിനിടെ എമ്മാനുവലെയുടെ ഭർത്താവിനേയും പ്രവസ മുറിയിലേക്ക് കയറ്റി. മൊബൈലിന്റേയും ടോർച്ചിന്റേയും വെളിച്ചത്തിൽ എമ്മാനുവലെ കുഞ്ഞിന് ജന്മം നൽകി. ഇതിന്റെ ദൃശ്യങ്ങൾ എമ്മാനുവലെയുടെ ഭർത്താവ് എഡ്മണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ജീവിതകാലം മുഴുവൻ താനും കുടുംബവും ആരോഗ്യപ്രവർത്തകരോട് കടപ്പെട്ടിരിക്കുന്നുവെന്ന് എഡ്മണ്ട് വീഡിയോയിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top