സെൻട്രൽ യൂണിവേഴ്സിറ്റികളുടെ റാങ്കിങ്; വിദ്യാഭ്യാസ വകുപ്പിന്റെ പട്ടികയിൽ ജാമിഅ മില്ലിയ ഒന്നാമത്

സെൻട്രൽ യൂണിവേഴ്സിറ്റികളുടെ റാങ്കിങിൽ ഡൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാല ഒന്നാമത്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പട്ടികയിലാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തി വാർത്തകളിൽ ഇടം നേടിയ ജാമിഅ മില്ലിയ സർവകലാശാല ഒന്നാം സ്ഥാനത്ത് എത്തിയത്. 40 സർവകലാശാലകളാണ് പട്ടികയിൽ ആകെ ഉള്ളത്.
ജാമിഅ മില്ലിയക്ക് 90 ശതമാനം സ്കോറുണ്ട്. അരുണാചൽ പ്രദേശിലെ രാജിവ് ഗാന്ധി യൂണിവേഴ്സിറ്റിയാണ് രണ്ടാമത്, 83 ശതമാനം. 82 ശതമാനം സ്കോറുമായി ജെഎൻയു മൂന്നാമതും 78 ശതമാനം സ്കോറുമായി അലിഗഡ് സർവകലാശാല നാലാമതുമാണ്.
ഓരോ വർഷവും അഡ്മിഷനെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, വിദ്യാർത്ഥിനികളുടെ എണ്ണം, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ എണ്ണം, സർവകലാശാലയിലെ സൗകര്യങ്ങൾ, അധ്യാപക-വിദ്യാർത്ഥി അനുപാതം തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് സ്കോറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം, പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത 45 ജാമിഅ മില്ലിയ വിദ്യാർത്ഥികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചു എന്ന് വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി റിപ്പോർട്ട് പുറത്തുവിട്ടത്. 30 വിദ്യാർത്ഥികളും 15 വിദ്യാർത്ഥിനികളും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സ്ത്രീകളെ പുരുഷ പൊലീസുകാർ ലൈംഗികമായി ഉപദ്രവിച്ചു. അവരുടെ വസ്ത്രങ്ങൾ കീറിയെറിയാൻ ശ്രമിച്ചു. മാറിൽ ഇടിക്കുകയും ബൂട്ട് കൊണ്ട് ചവിട്ടുകയും ചെയ്തു. ലൈംഗികാവയവത്തിൽ ലാത്തി കുത്തിക്കയറ്റി. ക്രൂരമായ ഉപദ്രവത്തെ തുടർന്ന് ഇവർക്ക് ലൈംഗികാവയത്തിൽ പരുക്കേൽക്കുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights – Jamia Millia Islamia tops central universities in government rankings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here