സാമൂഹിക അകലം പാലിച്ചില്ല; ഹഫീസിനെതിരെ നടപടി

Mohammad Hafeez isolation

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ പാകിസ്താൻ താരം മുഹമ്മദ് ഹഫീസിനെതിരെ നടപടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു മുന്നോടിയായി ഗോൾഫ് പരിശീലനത്തിനു പോയ താരം സാമൂഹിക അകലം പാലിക്കാതെ ഒരു വയോധികയുമായി ഇടപഴകിയതായി പിസിബി കണ്ടെത്തി. ഇതേ തുടർന്ന് താരത്തെ ഐസൊലേറ്റ് ചെയ്തു. ഇനി രണ്ട് തവണ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാലേ ഹഫീസിന് ടീമിനൊപ്പം ചേരാൻ കഴിയൂ. നേരത്തെ, രണ്ടാം ടെസ്റ്റിലെ 20 അംഗ ടീമിൽ നിന്ന് താരത്തെ മാറ്റിയിരുന്നു.

Read Also : വോക്സും ബട്‌ലറും രക്ഷകരായി; മോശം തുടക്കം ക്ലൈമാക്സിൽ പരിഹരിച്ച് ഇംഗ്ലണ്ട്; ജയം മൂന്നു വിക്കറ്റിന്

ഗോൾഫ് പരിശീലനത്തിനിടയിൽ 90 വയസ്സ് പിന്നിട്ട ഒരു വയോധികയെ കണ്ടുമുട്ടിയ വിവരം ഹഫീസ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചിരുന്നു. ‘ഇന്ന് പുലർച്ചെ ഗോൾഫ് കോഴ്സിൽ വെച്ച് എല്ലാവരെയും പ്രചോദിപ്പിക്കുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടി. 90 വയസ്സ് പിന്നിട്ടിട്ടും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇവർ ജീവിക്കുന്നു. ആരോഗ്യകരമായ ദിനചര്യകള്‍’ എന്ന അടിക്കുറിപ്പോടെയാണ് ഹഫീസ് ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിലുള്ള വയോധികയുമായി ഹഫീസ് രണ്ട് മീറ്റർ അകലം പാലിച്ചില്ലെന്ന് പിസിബി പറയുന്നു. ബയോ സെക്യുർ ബബിളിനുള്ളിലെ സ്ഥലത്താണ് ഹഫീസ് ഗോൾഫ് കളിക്കാൻ പോയതെന്നും അത്തരത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ലെന്നും പിസിബി കൂട്ടിച്ചേർത്തു.

Read Also : ഹഫീസ് ഉൾപ്പെടെ 6 താരങ്ങളുടെ മൂന്നാം പരിശോധനാഫലവും നെഗറ്റീവ്; താരങ്ങൾ ഉടൻ ഇംഗ്ലണ്ടിലേക്ക് തിരിക്കും

അതേസമയം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഒരു വിക്കറ്റ് നഷ്ടമായി. ഓപ്പണർ ഷാൻ മസൂദിനെ ജെയിംസ് ആൻഡേഴ്സൺ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്താൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലാണ്. ആബിദ് അലി (30), അസ്‌ഹർ അലി (17) എന്നിവരാണ് ക്രീസിൽ.

Story Highlights Mohammad Hafeez breaches bio-secure protocol, put in isolation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top