കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസും എൻഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണങ്ങൾ തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി നിർദേശിച്ചു. കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഹർജി കോടതി തീർപ്പാക്കി.
നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി വിജിലൻസും എൻഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണങ്ങൾ തുടരാമെന്ന് വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ്് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി നിർദേശിച്ചു.
അതേസമയം ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ വിജിലൻസ് ആവശ്യമായ രേഖകൾ വിട്ടുനൽകുന്നില്ലെന്ന് ഇഡി ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ തന്നെ സ്വാധീനിക്കാൻ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചതായി ഹർജിക്കാരനും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയത്തിലും വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.
Story Highlights – Ibrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here