‘കൊവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് പൊലീസിനെ വിലക്കണം’; ഹർജിയുമയി പ്രതിപക്ഷ നേതാവ്

കൊവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നതിന് എതിരെ ഹൈക്കോടതിയിൽ ഹർജി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് പൊലീസിനെ വിലക്കണമെന്ന് ആവശ്യം.
ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിർ കക്ഷികളാക്കിയാണ് ഹർജി. ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല ഹർജിയിൽ പറയുന്നു. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് പൊലീസിനെ വിലക്കണമെന്നും പ്രതിപക്ഷ നേതാവ് ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ സംഭവം വിവാദമായ ഘട്ടത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
അതേസമയം, കോണ്ടാക്റ്റ് ട്രേസിംഗ് എളുപ്പമാക്കാനാണ് ഫോൺ രേഖകൾ ശേഖരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. രോഗം സ്ഥിരീകരിച്ചതിന് മുമ്പുള്ള 10 ദിവസത്തെ വിവരങ്ങൾ നൽകണമെന്നാണ് ടെലകോം ദാതാക്കളോട് പൊലീസ് ആവശ്യപ്പെട്ടത്. ആരെയെല്ലാം വിളിച്ചു, അവരുടെ ടവർ ലൊക്കേഷൻ തുടങ്ങിയ വിവരങ്ങളാണ് കൈമാറേണ്ടത്. സമ്പർക്ക പട്ടിക തയാറാക്കൽ ഉൾപ്പെടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല നിലവിൽ പൊലീസിനാണ്. നിയന്ത്രണങ്ങളും പരിശോധനയും കർശനമാക്കുന്നതിനൊപ്പം ബോധവത്കരണവും പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്.
Story Highlights – ‘Police should be barred from collecting phone call details of covid patients’; Petitioner is the Leader of the Opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here