ഷഹീൻ ബാഗ് സമരം ബിജെപിയുടെ തിരക്കഥ; ആരോപണവുമായി ആം ആദ്മി

Shaheen Bagh BJP AAP

ഷഹീൻ ബാഗ് സമരം ബിജെപിയുടെ തിരക്കഥയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. സമരത്തിൽ പങ്കെടുത്തവരിൽ ചിലർ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് സൗരഭ് ഭരദ്വാജ് ആരോപണം ഉന്നയിച്ചത്.

“നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ബിജെപിയാണ് സമരം ആസൂത്രണം ചെയ്തത്. സമരത്തിന്റെ ഓരോ ഘട്ടവും ആസൂത്രണം ചെയ്തത് ബിജെപിയുടെ ഉന്നത നേതാക്കളാണ്. ആരൊക്കെ എന്തൊക്കെ പറയണം, ആരൊക്കെ മറുപടി നല്‍കണം തുടങ്ങിയ കാര്യങ്ങളൊക്കെയും അവർ തന്നെയാണ് തീരുമാനിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തി അവർക്ക് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കാമായിരുന്നു. എന്നാൽ, അവർ ഷഹീൻബാഹ് ഉയർത്തിപ്പിടിക്കാൻ തീരുമാനിക്കുകയായിരുന്നു.”- ഭരദ്വാജ് ആരോപിച്ചു.

Read Also : ഷഹീൻബാഗ് സമരത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റ് ബിജെപിയിൽ ചേർന്നു

സമരത്തിനു പിന്നിൽ പ്രവര്‍ത്തിച്ച നേതാക്കളാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ ഈ ആളുകൾ നേരത്തെ പാർട്ടിയിൽ ഉണ്ടായിരുന്നവരാണോ? അതോ ഇപ്പോൾ ചേർന്നതാണോ? ഷഹീൻ ബാഗ് ഉപയോഗിച്ച് അവർ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി. ഡൽഹിയിൽ 18 ശതമാനത്തിൽ നിന്ന് 38 ശതമാനമായി അവർ വോട്ട് ഷെയർ ഉയർത്തി എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ആരോപണങ്ങൾ തള്ളി ഡൽഹി ബിജെപി നേതാവ് മനോജ് തിവാരി രംഗത്തെത്തി. മുസ്ലിം സഹോദരങ്ങളും സഹോദരങ്ങളും ബിജെപിയിലേക്കൊപ്പം നടക്കാൻ ആഗ്രഹിക്കുകയാണ്. അവരെ പിളർക്കാൻ ശ്രമിക്കരുത് അരവിന്ദ് കെജ്‌രിവാൾ. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായ ബിജെപി മതത്തിൻ്റെയോ ജാതിയുടെയോ മതവിശ്വാസത്തിൻ്റെയോ വംശപരമ്പരയുടെയോ അടിസ്ഥാനത്തിൽ അല്ല ആളുകളെ കാണുന്നത്. പാർട്ടി എല്ലാ മതങ്ങളെയും പ്രതിനിധീകരിക്കുന്നു എന്നും തിവാരി ട്വീറ്റ് ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കും എൻആർസിയ്ക്കും എതിരെ പത്ത് സ്ത്രീകളുമായി ആരംഭിച്ച സമരമാണ് പിന്നീട് രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് പടർന്നത്. ഇന്ത്യൻ ഭൂപടവും ദേശീയ പതാകയും സമരപ്പന്തലിലെ സമീപത്തായി സ്ഥാപിച്ചിരുന്നു. സമരത്തിന് പിന്തുണ നൽകി സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിരവധി പേർ ഷഹീൻ ബാഗിലെത്തിയിരുന്നു.

Story Highlights Shaheen Bagh protest scripted by BJP says AAP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top