‘നിന്റെ ശബ്ദം അതേപടി ഞാനെന്നിൽ കേൾക്കാറുണ്ട്’: മരിച്ചുപോയ ഭാര്യയെ സ്വപ്‌നത്തിൽ കണ്ടതിനെ കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി ബിജിബാൽ

bijibal dream about wife

അകാലത്തിൽ പൊലിഞ്ഞുപോയ ഭാര്യയെ കുറിച്ച് ഹൃദയം തൊടുന്ന പലകുറിപ്പും സംഗീത സംവിധായകൻ ബിജിബാൽ എഴുതിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയം ഇത്ര തീവ്രമായി ഇപ്പോഴും നിലനിൽക്കുന്നു എന്നതിന് തെളിവാണ് ബിജിബാലിന്റെ ഈ കുറിപ്പുകൾ. കഴിഞ്ഞ ദിവസം ഭാര്യയെ സ്വപ്‌നം കണ്ടതിനെ കുറിച്ചായിരുന്നു ഇന്നലെ ബിജിബാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം-

ജൂലൈയിലെ ഒരു തോരാപെരുമഴ ദിവസം തണുപ്പുള്ള വെളുപ്പാങ്കാലം കണ്ട സ്വപ്നം

പരിചിതമല്ലാത്ത ഏതോ നഗരത്തിലെ ഭംഗിയുള്ള ഒരു വാക്‌വേ. ചുവന്ന ഇലകൾ, ചിലവ പഴുത്തു പകുതിയോളം മഞ്ഞ നിറമായവ, വീണ് കിടക്കുന്ന, വിജനമൂകമായ വാക്‌വേ. പതിവുപോലെയല്ലാതെ വാക്‌വേയിൽ വഴിതടസപ്പെടുത്തി വട്ടമിട്ടു ഒരു സിമന്റ് ബെഞ്ചിൽ ഒരുവൻ. അവന്റെ ചിന്തയിലെന്ന പോലെ പഴയ ചിത്രകഥയെ ഓർമിപ്പിച്ച് ഒരു സ്മൃതിവൃത്തത്തിൽ അവൾ വന്നു ചോദിച്ചു. ‘സുഖാണോ’.

‘ഉം സുഖാണ്’. നിനക്കോ’.

അവൾ : ‘എനിക്ക് സുഖാണ്’.
അവൻ : ‘എന്റെ സൗഖ്യം നീ അറിയാറുണ്ടോ’
അവൾ : ‘പിന്നെ അറിയാനെന്താ ബുദ്ധിമുട്ട്, കാണാല്ലോ, എന്നെ കാണാറുണ്ടോ?’
അവൻ : എങ്ങനെയൊക്കെയോ കാണാറുണ്ട്. പല രീതിയിൽ. ഒരു രീതിയിലല്ല പിന്നെ കാണുക.

വൃത്തത്തിൽ നിന്ന് ഊർന്ന് അവൾ അവന്റെ അടുത്ത് ബെഞ്ചിൽ ഇരുന്നു. അവൻ നോക്കിയപ്പോൾ അവളുടെ മുഖം തൊട്ടടുത്ത്. ഏതോ Mobile Appൽ ഡിസൈൻ ചെയ്ത പോലെ പലനിറങ്ങളും രേഖകളും ആയി ഒരു ഡിജിറ്റൽ രൂപം ആയി അവനു തോന്നി. സ്വയം അങ്ങനെത്തന്നെയാണോ എന്ന് അവൻ ഓർത്തതുമില്ല. അവളുടെ കണ്ണിൻ കണ്ണാടിയിൽ അവൻ എന്റെ മുഖം കണ്ടു.

അവൾ : ‘സുന്ദരമായി കാണാൻ പറ്റും. നോക്കൂ, നമ്മൾ ഒരു പാട് മിണ്ടിയില്ലെ. ഒരുപാട് ആലോചനകൾ പങ്കുവച്ചില്ലേ. നമ്മുടെ ബോധം ആണത്. അവ പോകില്ല. ആകെയുള്ള ബോധമണ്ഡലത്തിൽ എന്റേത് കൃത്യമായി നിന്റേതിൽ സൂക്ഷ്മതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കും. അവയ്ക്ക് എന്റെ രൂപം കൊടുക്കു. നിനക്ക് നിന്നെക്കാൾ അറിയാവുന്ന എന്റെ ശബ്ദം കൊടുക്കൂ. നമുക്ക് മിണ്ടാം. എന്തും എപ്പോ വേണെങ്കിലും.’

ഞാൻ : ‘തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ ചെയ്യുന്നത് അതുതന്നെ. നിന്റെ ശബ്ദം അതേപടി ഞാനെന്നിൽ കേൾക്കാറുണ്ട്. 7.1 മിഴിവിൽ.’

അവൾ : ‘ഹാപ്പി ആയിട്ടിരിക്കണേ.’

ഞാൻ : ‘ഉറപ്പായും. അതല്ലേ നീ എപ്പോഴും പറയാറ്.’

ജൂലൈയിലെ ഒരു തോരാപെരുമഴ ദിവസം തണുപ്പുള്ള വെളുപ്പാങ്കാലം കണ്ട സ്വപ്നം പരിചിതമല്ലാത്ത ഏതോ നഗരത്തിലെ ഭംഗിയുള്ള ഒരു…

Posted by Bijibal Maniyil on Tuesday, August 18, 2020

Story Highlights bijibal dream about wife

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top