ഇന്ത്യയുടെ സ്വന്തം വീഡിയോ കോൺഫറൻസിംഗ് ആപ്പ്; കേന്ദ്രസർക്കാർ നടത്തിയ ഇന്നൊവേഷൻ ചലഞ്ചിൽ മലയാളി കമ്പനി ജേതാക്കൾ

സൂമിനു ബദലായി വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷൻ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ഇന്നൊവേഷൻ ചലഞ്ചിൽ മലയാളി കമ്പനി ജേതാക്കൾ. ആലപ്പുഴ ചേർത്തലയിലുള്ള ടെക്‌ജെൻഷ്യ വികസിപ്പിച്ച വികൺസോൾ ഇന്ത്യയുടെ സ്വന്തം വീഡിയോ കോൺഫറൻസിംഗ് ആപ്പായി തെരഞ്ഞെടുത്തു. ഒരു കോടി രൂപയും മൂന്നു വർഷത്തേക്ക് കേന്ദ്ര സർക്കാർ വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷൻ പാർടണർഷിപ്പുമാണ് ഇവർക്കുള്ള സമ്മാനം.
വീഡിയോ കോൺഫറൻസിംഗിന് വ്യാപകമായി ഉപയോഗിക്കുന്ന സൂം ആപ്പിലെ വിവരങ്ങൾ സുരക്ഷിതമല്ലെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ, ഇലക്ട്രോണിക് ഐടി മന്ത്രാലായം ഇന്നൊവേഷൻ ചലഞ്ച് സംഘടിപ്പിച്ചത്. വിദേശ വീഡിയോ കോൾ ആപ്പുകൾക്ക് പകരം തദ്ദേശീയമായി പ്ലാറ്റ്ഫോം വികസിപ്പിക്കുക എന്നതായിരുന്നു ചലഞ്ച്. ഈ ചലഞ്ചിലാണ് ടെക്‌ജെൻഷ്യയുടെ വികൺസോൾ വിജയിച്ചത്. കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദാണ് വിജയികളെ പ്രഖ്യാപിച്ചത്.
2000ഓളം വൻകിട കമ്പനികൾ ഉൾപ്പെടെ ഈ ചലഞ്ചിൽ പങ്കെടുത്തിരുന്നു. രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 12 കമ്പനികൾക്ക് കേന്ദ്രം പ്രോട്ടോടൈപ്പ് നിർമ്മാണത്തിനായി 5 ലക്ഷം രൂപ വീതം നൽകിയിരുന്നു. ഇതിൽ നിന്ന് മൂന്ന് കമ്പനികളെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. ഇവർക്ക് സോഫ്റ്റ്‌വെയർ നിർമ്മാണത്തിനായി 20 ലക്ഷം രൂപ വീതം നൽകി. ഇതിൽ ടെക്‌ജെൻഷ്യ വിജയിക്കുകയായിരുന്നു.
ചേർത്തല ഇൻഫോ പാർക്കിലാണ് ടെക്‌ജെൻഷ്യ കമ്പനി സ്ഥിതി ചെയ്യുന്നത്. സിബി സെബാസ്റ്റ്യൻ ആണ് അഡ്മിനിസ്ട്രേഷൻ മാനേജർ. ജോയ് സെബാസ്റ്റ്യൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ.
Story Highlights – Kerala company Techgentsia won Challenge for Development of Video Conferencing Solution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here