നിന്നോടൊപ്പം ഞാനും… മരണത്തിലും അഞ്ജുമോളെ മാറോടണച്ച് ലക്ഷണശ്രീ…

മകളാണോ അല്ല, സഹോദരിയാണോ അല്ല….. എന്നാൽ അഞ്ജുമോൾക്ക് ഏഴുവയസുകാരി ലക്ഷണശ്രീ എല്ലാമായിരുന്നു. ലക്ഷണയ്ക്കാകട്ടെ അഞ്ജു അമ്മയും സഹോദരിയും. കരളലയിപ്പിക്കുന്ന ഒരു സ്‌നേഹബന്ധമാണ് പെട്ടിമുടിയിൽ മണ്ണടിഞ്ഞത്. ദുരന്തത്തിൽ ആ മണ്ണിൽ ഒരുപാടു സ്‌നേഹബന്ധങ്ങൾ അലിഞ്ഞുചേർന്നു. എന്നാൽ, ഈ സ്‌നേഹത്തോളം ഒന്നുംവരില്ലായിരിക്കാം. ദുരന്തഭൂമിയിൽ മണ്ണിനടിയിൽ അകപ്പെട്ട, ഉറങ്ങിക്കിടക്കുന്ന അമ്മയും മകളും എന്നു തോന്നിപ്പിക്കുന്ന ഒരു ചിത്രം. മാതൃത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹമായിരുന്നു ആ ചിത്രത്തിന് പിന്നിൽ.

ലക്ഷണയുടെ ചെറുപ്പംമുതൽ ആ ആത്മബന്ധം നിലനിന്നിരുന്നു. അഞ്ജുമോൾക്കൊപ്പമാണ് ലക്ഷണ പല ദിനങ്ങളിലും ഉറങ്ങിയിരുന്നത്. അത്തരത്തിൽ ഒന്നിച്ചുറങ്ങിയ ആ ദിനംതന്നെയാണ് ഇരുവരും ഒരുമിച്ച് ദുരന്തത്തിൽ അകപ്പെട്ടതും. മരണത്തിലും കൈവിടാതെ അഞ്ജുമോൾ സ്വന്തം മാറിൽ ആ ഏഴുവയസുകാരിയെ ചേർത്തു പിടിച്ചിരുന്നു. ആരുടെയും കരളലയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട അഞ്ജുമോൾ അവളുടെ അമ്മൂമ്മ ചന്ദ്രയ്‌ക്കൊപ്പം പെട്ടിമുടിയിലെ പത്തുമുറി ലയത്തിലെ ഏഴാം നമ്പർ വീട്ടിലാണ് താമസിച്ചിരുന്നത്.
ലക്ഷണ തൊട്ടടുത്ത ആറുമുറി ലയത്തിലെ നാലാം നമ്പർ വീട്ടിലെ രാജയുടെയും ശോഭനയുടെയും ഏകമകൾ. രാജയും ശോഭനയും ദുരന്തത്തിൽ മരിച്ചു. ലക്ഷണയ്ക്ക് ഓർമവച്ചനാൾ മുതൽ അഞ്ജുവിന്റെ സ്നേഹവും ലാളനകളും ലഭിച്ചിരുന്നു. അവരുടെ ഓരോ ദിനങ്ങളും സ്നേഹാർദ്രമായ നിമിഷങ്ങളാലും വൈകാരികമായ കൂടിച്ചേരലുകളാലും ഏറെ സുന്ദരമായിരുന്നു.
പാലക്കാട് ചിറ്റൂർ കോളേജിൽ നിന്ന് ബി.എ തമിഴ് പഠിച്ചിറങ്ങിയ അഞ്ജുവിന് ടീച്ചറാകാനായിരുന്നു ആഗ്രഹം. അവളുടെ ആഗ്രഹംപോലെ അടിമാലി എസ്.എൻ.ഡി.പി ബി.എഡ് കോളജിൽ അഡ്മിഷൻ എടുത്ത് കാത്തിരിക്കുമ്പോഴാണ് ദുരന്തം. രണ്ടുമാസം കഴിഞ്ഞാൽ അഞ്ജുവിന്റെ കല്യാണം നടത്താനും നിശ്ചയിച്ചിരുന്നതാണ്. കൊവിഡ് കാലത്ത് ഏറെ നാളുകളായി അഞ്ജു പെട്ടിമുടിയിലുണ്ടായിരുന്നു. സ്‌കൂൾ അവധിയായിരുന്നാൽ ഈ ദിനങ്ങളിലെല്ലാം അഞ്ജുവും ലക്ഷണയും ഒരുമിച്ചുണ്ടായിരുന്നു. തുടർപഠനത്തിനായി ഉടനെ പോകാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ജു. ഒപ്പമുള്ള സമയങ്ങളില്ലെല്ലാം ലക്ഷണയെകൂടെ നിർത്താനായിരുന്നു അഞ്ജുവിന്റെയും ആഗ്രഹം.
ആ ആഗ്രഹങ്ങളാണ് പലപ്പോഴും അഞ്ജുവിന്റെ കൂടെ ഉറങ്ങാനായി ലക്ഷണയെ ആ ഏഴാം നമ്പർ വീട്ടിലെത്തിച്ചിരുന്നതും. ലക്ഷണ രാജമലയിലെ തമിഴ് മീഡിയത്തിൽ ഒന്നാം ക്ലാസിലാണ് പഠിച്ചിരുന്നത്. അവളുടെ പഠനത്തിലും അഞ്ജു ഒരു അധ്യാപികയുടെ റോൾ നന്നായി ചെയ്തു വന്നിരുന്നു. ലക്ഷണയുടെ അച്ഛൻ രാജയ്ക്കും അമ്മ ശോഭനയ്ക്കും അഞ്ജുവും മകളായിരുന്നു. കൂടപ്പിറപ്പുകളെപ്പോലെ കഴിഞ്ഞിരുന്ന അവരാരും ഇനി പെട്ടിമുടയിൽ അവശേഷിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു അഞ്ജു. ചിറ്റൂർ കോളജിലെ അവളുടെ അടുത്ത സുഹൃത്തുക്കളും അധ്യാപകരും പറയുന്നു. എല്ലാവരോടും സ്നേഹമുള്ള പ്രകൃതം. ഇനി അഞ്ജുവെന്ന വിളികേൾക്കാൻ അവളില്ലെന്ന യാഥാർത്ഥ്യത്തോട് ചിറ്റൂർ കോളേജിലെ അധ്യാപകരും സുഹൃത്തുക്കളും പൊരുത്തപ്പെട്ടുകഴിഞ്ഞു.
Story Highlights -anjumol and lakshana sree pettimudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here