ഉത്തരവ് ഇറക്കിയിട്ടും ഡ്യൂട്ടിക്ക് തിരിച്ചെത്താതെ സർക്കാർ ഡോക്ടർമാർ; ചികിത്സ നിഷേധിക്കപ്പെട്ട് എന്‍ഡോസൾഫാൻ ദുരിതബാധിതർ

ആരോഗ്യ വകുപ്പിന്റെ ഉത്തരവ് അവഗണിച്ച് കാസർഗോട്ടെ മൂന്ന് ഡോക്ടർമാർ. ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് പോയ ഡോക്ടർമാരാണ് ഉത്തരവിറക്കിയിട്ടും ജില്ലയിൽ തിരിച്ചെത്താത്തത്. എന്‍ഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സയ്ക്കായി പ്രത്യേകം നിയമിച്ച ഡോക്ടർമാരാണ് അടിയന്തര സാഹചര്യത്തിലും തികഞ്ഞ അനാസ്ഥ കാട്ടുന്നത്.

കാസർഗോട്ട് ജനറൽ ആശുപത്രിയിലും പനത്തടി താലൂക്കാശുപത്രിയിലുമായാണ് മൂന്ന് ഡോക്ടർമാർക്ക് പിഎസ്‌സി വഴി നിയമനം നൽകിയത്. വർക്കിംഗ് അറേഞ്ച്‌മെന്റിൽ കോഴിക്കോട്ടേക്കും, കൊല്ലത്തേക്കും, ആലപ്പുഴയിലേക്കും ഇവർ പോയതോടെ ഒഴിവ് റിപ്പോർട്ട് ചെയ്യാനും കഴിയാതായി. മൂന്ന് പേരോടും ജില്ലയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് ജൂലൈ 30 ന് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.

Read Also : എന്റോസൾഫാൻ ഇരകൾക്ക് 3 മാസത്തിനകം നഷ്ടപരിഹാരം നൽകണം: സുപ്രീം കോടതി

റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സെൽ യോഗ തീരുമാനപ്രകാരമായിരുന്നു നടപടി. മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ഉത്തരവിറങ്ങി 21 ദിവസം കഴിഞ്ഞിട്ടും ജില്ലയിൽ കാലുകുത്തിയിട്ടില്ല. എന്‍ഡോസൾഫാൻ ദുരിതബാധിതർ ഉന്നയിക്കുന്ന ഈ ആവശ്യത്തിന് ഒരുപാട് പഴക്കമുണ്ട്, കൊവിഡ് കാലത്ത് അടിയന്തര പ്രാധാന്യത്തോടെ ആശ്വാസമായി ഉത്തരവിറങ്ങിയെങ്കിലും അത് കടലാസിൽ ഒതുങ്ങിനിന്നു. ജില്ലയിലേക്കിനിയും തിരിച്ചെത്താത്ത ഡോക്ടർമാർക്കെതിരെ എന്ത് നടപടിയെന്നാണ് രോഗികള്‍ക്ക് ചോദിക്കാനുള്ളത്.

ജില്ലയിൽ ആറ് മാസത്തിലേറെയായി ന്യൂറോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും ചികിത്സ ലഭിക്കാത്ത നിരവധി ദുരിതബാധിതരുണ്ട്. മംഗളൂരുവിനെയും മറ്റ് ജില്ലകളെയും ആശ്രയിച്ചിരുന്ന ഇവർക്ക് കൊവിഡ് കാലത്ത് ചികിത്സ നിഷേധിക്കുകപ്പെടുകയാണ്. ഇതിന് പോംവഴി അധികൃതരുടെ ഇടപെടൽ മാത്രം.

Story Highlights endosulphan victims, kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top