Advertisement

ജൗളിക്കൂട്

August 21, 2020
Google News 7 minutes Read

..

ഫെൽബിൻ ആന്റണി/ കഥ

ഗവേഷക വിദ്യാർത്ഥിയാണ് ലേഖകൻ

‘അതേ എന്നേ ആ സൈഡ് സീറ്റിൽ ഇരുത്താവോ?’
ഉറങ്ങികൊണ്ടിരുന്ന എന്നെ തട്ടിയുണർത്തി അൽപം ഉച്ചത്തിലാണ് അയാൾ ഇങ്ങനെ ചോദിച്ചത്. ഉറക്കം പോയതിന്റെ നീരസം പ്രകടിപ്പിക്കാതെ ബസിന്റെ സൈഡ് സീറ്റ് ആ മനുഷ്യന് വേണ്ടി ഞാൻ ഒഴിഞ്ഞു കൊടുത്തു. ഇങ്ങേ വശത്തേക്ക് ഒതുങ്ങി കൊടുത്തപ്പോൾ ഉപചാരച്ചിരിയോടെ അയാൾ സൈഡ് സീറ്റിലിരുന്നു. കൈയിൽ ഉണ്ടായിരുന്ന ഒരു കൂടും മടിയിൽ ചേർത്തുവച്ചു.

‘ഇന്നൊരു വാർക്കയുണ്ടാരുന്നു. ഇച്ചിരി പൂസായിപ്പോയി, കാറ്റടിച്ചാൽ മാറും. അല്ലേൽ വീട്ടിൽ ചെന്നാൽ പെൺകൊച്ച് ബഹളം വയ്ക്കും. അതാ.’

ആശിച്ച് മോഹിച്ച് ഞാൻ നേടിയ ഇരിപ്പിടം അയാൾ ആവശ്യപ്പെട്ടതിന്റെ ഉദ്ദേശ്യം വ്യക്തമായി.

‘എനിക്ക് രണ്ട് പെൺപിള്ളേരാണേ. മുത്തോളെ കെട്ടിച്ചു. അവളൊരു സാധു, ഈ കടിഞ്ഞൂൽ പൊട്ടിയെന്നൊക്കെ പറയത്തില്ലേ. പക്ഷേ രണ്ടാമത്തവൾ കേമിയാ. ഈ കോലത്തിൽ ചെന്നാൽ അവള് വീട്ടിൽ കേറ്റുവേല’

വിശദീകരണങ്ങൾക്ക് അൽപം ശബ്ദം കൂടുന്നുണ്ടോ എന്നൊരു സംശയം. ആളുകൾ എല്ലാം ശ്രദ്ധിക്കുന്നു. ഒരു മദ്യപാനി അടുത്തു വന്നിരുന്ന് എന്തൊക്കെ പറയാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കാൻ കഴിയില്ലല്ലോ. ചിലരൊക്കെ എന്നെ സഹതാപത്തോടെ നോക്കുന്നു. ഉള്ളിലെ ബുദ്ധിമുട്ട് മുഖത്ത് പ്രകടിപ്പിക്കാതെ എല്ലാത്തിനും ഞാൻ മൂളിക്കൊണ്ടിരുന്നു. ഭാര്യ നേരത്തെ മരിച്ചു പോയതാണെന്നും, രണ്ട് പെൺമക്കളെയും ഇയാൾ മേസ്തിരിപ്പണി ചെയ്താണ് വളർത്തിയതെന്നുമൊക്കെ എനിക്കിപ്പോഴറിയാം. കുടുംബപുരാണത്തിൽ നിന്ന് വിഷയം ഒന്ന് തിരിച്ചു വിടാൻ ഞാൻ ശ്രമിച്ചു.

‘ഇപ്പോ എന്നാ ചേട്ടാ തച്ചൊക്കെ?’

‘ഞാനിപ്പോ പുറം പണിക്കൊന്നും അങ്ങനെ പോണില്ല. ഒരു കോൺട്രാക്ട്ടറുടെ കൂടെയാ. നമ്മുടെ എന്തേലും ആവശ്യത്തിനാണോ? എങ്കിൽ ഞാൻ വരാം. നമ്മുക്ക് എന്നാന്നു വച്ചാൽ ചെയ്യാം.’
‘എന്റെ വീട് തേക്കുംകാനം ആണ് ചേട്ടാ’
‘ഞാൻ അവിടെയൊക്കെ പണിയാൻ വന്നിട്ടുണ്ട്. അന്നൊക്കെ എവിടെയാണേലും പണിക്കു പോകുവാരുന്നു. ഞാൻ കൂടുതലും കല്ലുകെട്ടാ, അതുകൊണ്ട് ഇപ്പം ഭയങ്കര നടുവേദനയാ.’
‘ വീട്ടിൽ ഇപ്പോൾ പണിയൊന്നും ഇല്ല. റേയ്‌റ്റൊക്കെ അറിയാൻ വേണ്ടി ചോദിച്ചതാ.’
ഫോണിൽ ഒരു നോട്ടിഫിക്കേഷൻ. ‘യു ഹാവ് വൺ ന്യൂ ഇൻട്രസ്റ്റ് ‘
രണ്ടു മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് ഞാൻ ലീവെടുത്ത് പെണ്ണുകാണാനായി നാട്ടിലേക്ക് വണ്ടി കയറുന്നത്. കൂടികാഴ്ചകളുടെ എണ്ണം പത്തിനോടടുക്കുന്നു. അഭ്യർത്ഥന അയച്ച ആളുടെ ചിത്രം നോക്കുന്നതിനിടെ മേസ്തിരി ചേട്ടൻ ചോദിച്ചു.
‘എവിടാ ജോലി?’
തിരുവനന്തപുരം
പി.എസ്.എൻ ടെക്‌നോളജീസ്
വയസ് 30
ഉയരം 169
മാട്രിമോണിയൽ സൈറ്റിൽ മാച്ചിങ് പ്രൊഫൈലിന് വേണ്ടി ഞാൻ ഒന്നൂടെ തിരഞ്ഞു. പുതിയതൊന്നും തന്നെയില്ല. പ്രായം മുപ്പത്തിയൊന്നായിട്ടും മുപ്പത് എന്നാണ് വച്ചിരിക്കുന്നത്. കാഴ്ചയിൽ അതിലേറെ തോന്നുംതാനും.
‘ കല്യാണം കഴിച്ചതാണോ ?’
‘ഇല്ല’
‘അതൊക്കെ സമയത്ത് നടക്കും. എന്റെ 22ാം വയസിൽ ഞാൻ സുനിതയ്ക്ക് പുടവ കൊടുത്തതാ, എട്ട് വർഷം ഒരുമിച്ച് ജീവിച്ചു. പിന്നെ’
ഭാര്യയുടെ കാര്യം പറയാൻ ചേട്ടൻ ഭാവിച്ചപ്പോൾ ഞാൻ കരുതി കാര്യങ്ങൾ അൽപം കൈവിട്ടു പോകാൻ സാധ്യതയുണ്ടെന്ന്. വൈകാരികമായാൽ പിന്നെ പാടാണ്. വീണ്ടും വിഷയമൊന്ന് മാറ്റാൻ ഞാൻ ശ്രമിച്ചു.
‘ഈ കൂടിന്റകത്ത് പണിസ്ഥലത്തിടുന്ന ഡ്രസ് ആണോ ചേട്ടാ ?’
അതു ചോദിച്ചതും അയാൾ ആ കൂടിൽ ഒന്ന് നോക്കിയിട്ട് അൽപമൊന്ന് ചേർത്തുപിടിച്ചു പറഞ്ഞു.
‘ അതെയതെ പണിഡ്രസ്സാ’
‘ എന്നാ പിന്നെ ചേട്ടന് ഒരു ബാഗ് മേടിക്കാൻ മേലാരുന്നോ, എളുപ്പമുണ്ടാരുന്നല്ലോ.’
‘ അതു ശരിയാ, എന്നാലും വേണ്ട. എനിക്ക് ഈ കൂട് കൊണ്ടു നടക്കുന്നതാ സുഖം.’
‘ ബാഗ് ആകുമ്പോൾ കൂടുതൽ എളുപ്പമുണ്ടല്ലോ എന്നു കരുതി പറഞ്ഞതാ’
‘ ഈ കൂട് മുത്തോളുടെ കല്യാണത്തിന് തുണിയെടുത്തപ്പോൾ കിട്ടിയതാ. രണ്ടു കൊല്ലമായി.’
‘രണ്ടു വർഷമായിട്ടും ഈ കൂട് തന്നെയാണോ കൊണ്ടുപോകുന്നേ?’
‘പിന്നല്ലാതെ’
‘ ഇതിന് ഇതുവരെ ഒരു കുഴപ്പവും വന്നില്ലേ ?’
‘ ഒരു പണി സൈറ്റിൽ ചെന്നാൽ ഞാൻ ആദ്യം ചെയ്യുന്നതെന്നാന്നോ. നല്ലൊരു സ്ഥലം നോക്കി ഒരു ആണിയടിക്കും. എന്നിട്ട് അവിടെ ഈ കൂടങ്ങ് തൂക്കും. പണികഴിഞ്ഞ് പോരുമ്പോൾ ഇങ്ങ് എടുക്കും. പിന്നെ എപ്പോഴും ഈ മടിയിലല്ലേ ഇരിക്കുന്നേ.’
‘ ബാഗാ സൗകര്യം. എന്റെയീ ബാഗ് കണ്ടോ എന്തോരം സാധനം ഇതിന്റകത്ത് കൊള്ളും. യാത്രയ്ക്കും സുഖം.’
‘ ഈ ബാഗിനൊക്കെ എന്തു വിലയാകും.’
‘ മൂവായിരം’
‘ ഞാനീ കൂട് കൊണ്ടു നടക്കുന്നതിനും മുന്നേ എനിക്ക് ഒരു കൂടുണ്ടായിരുന്നു. രാഗം ടെക്സ്റ്റയിൽസിന്റെ ഒരു ജൗളിക്കൂട്. പതിമൂന്ന് വർഷം ഞാൻ ആ കൂട് കൊണ്ടു നടന്നു.’
‘പതിമൂന്ന് വർഷവോ?’സംശയത്തോടെ ഞാൻ ചോദിച്ചു.
‘ ഞാൻ സുനിതയെ കല്യാണം കഴിക്കുമ്പോൾ ചെമ്പകപ്പാറയിൽ ഒരു രാഗം ടെക്സ്റ്റയിൽസ് ഉണ്ടാരുന്നു. അവിടുന്നാ കല്യാണത്തിന് അവൾക്കുള്ള സാരി മേടിച്ചത്. ഇരുപത്തിരണ്ട്, ഇരുപത്തിമൂന്ന് വർഷമായി. അന്ന് ആ സാരിക്ക് ഇരുന്നൂറ്റി അമ്പതു രൂപയായി. ഈ പറഞ്ഞതു പോലെ അന്ന് പണിക്കൂലി എന്നാ ഉണ്ട്. ഞാൻ ഒന്ന് രണ്ട് പേരോട് കടം പറഞ്ഞാ സാരി മേടിച്ചതും കല്യാണം നടത്തിയതും.’
‘ചേട്ടന് ചേച്ചിയെ നേരത്തെ അറിയാമായിരുന്നോ?’ ഞാൻ ചോദിച്ചു.
മേസ്തിരി ഒന്നു പുഞ്ചിരിച്ചു.
‘അറിയാമായിരുന്നു. അവൾക്ക് വയറിന് ഒരു പ്രശ്‌നം ഉണ്ടാരുന്നേ. ഇതൊന്നും ആരോടും പറയത്തില്ലല്ലോ ഇങ്ങനെ കൊണ്ടു നടന്നു. അവസാനം കുടൽ പുറത്തേക്ക് വന്നു.’
മേസ്തിരി പറഞ്ഞു നിറുത്തി. ഞാൻ ഗൂഗിളിന്റെ സെർച്ച് ബാറിൽ ഒരു പരതി നോക്കി.
അതെ ‘റെക്ട്രൽ പ്രൊലാപ്പ്‌സ്’. ഗുദരത്തിലൂടെ കുടൽ പുറത്തു വരുന്ന ഒരവസ്ഥ. പക്ഷേ മരണകാരണമാകുമോ എന്ന് ഞാൻ സംശയിച്ചു.
മേസ്തിരി തുടർന്നു
‘ഞാൻ ഒരു ദിവസം പണി കഴിഞ്ഞു ചെല്ലുമ്പോൾ സുനിത കട്ടിലേൽ കിടക്കുന്നു. അവിടെയൊക്കെ ചർദ്ദിച്ച് . ഇളയവൾക്ക് അന്ന് രണ്ട് വയസ്സ്, കട്ടിലിലിരുന്ന് വാവിട്ട് കരയുന്നു. മുത്തോള് സ്‌കൂളിൽ പോയേക്കുവാ. എനിക്ക് കൈയ്യും കാലും വിറച്ചിട്ട് പാടില്ല. ഞാൻ കോരിയെടുത്ത് ആശുപത്രിയിൽ ചെന്നപ്പോഴെക്കും ആളു പോയി.’
മറുപടിയായി മൂളണോ എന്നു പോലും ഞാൻ സംശയിച്ചു.
അൽപം കഴിഞ്ഞ് മേസ്തിരി വീണ്ടും പറഞ്ഞു തുടങ്ങി,
‘മരിച്ചിട്ട് അടക്കുമ്പോൾ കല്യാണത്തിന് കൊടുക്കുന്ന പുടവയാണല്ലോ പുതയ്ക്കുന്നത്. അങ്ങനെ പുടവയും പുതച്ച് അവളു പോയി. ബാക്കിയായത് ഞാനും പിള്ളേരും. ആർക്കും മനസ്സിലാവാതെ സുനിതയെ കൊണ്ടുനടക്കാൻ പറ്റുന്നതിന് ഈ ജൗളിക്കൂടെ ഉണ്ടാരുന്നൊള്ളു. പതിമൂന്ന് വർഷം അതുമായിട്ട് നടന്നു. അതിലെ എഴുത്തൊക്കെ പൊളിഞ്ഞു പോയാരുന്നു. ഞാൻ സ്ഥിരം ഈ കൂട് കൊണ്ടു നടക്കുന്നത് എന്തിനാന്ന് മുത്തോൾക്ക് അറിയാരുന്നു. പക്ഷേ ഇളയവൾ ഒരിടയ്ക്ക് ഭയങ്കര വഴക്ക്. അപ്പന് നല്ലൊരു കൂട് കൊണ്ടോയാൽ എന്നാ എന്നൊക്കെ ചോദിച്ച് . അവസാനം സഹികെട്ടാ ഞാൻ ഈ കൂട് എടുത്തേ.’
ചെമ്പകപ്പാറയിലുള്ള രാഗം ടെക്റ്റയിൽസ്സിൽ നിന്നും സുനിതചേച്ചിക്കു വേണ്ടി പുടവ മേടിച്ച ആ ജൗളിക്കൂട് എന്തിയേ എന്ന് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ കണ്ണുകൾ ഒക്കെ ഇങ്ങനെ നിറഞ്ഞിട്ട് തൊണ്ട കഫം കൊണ്ട് കോൺക്രീറ്റ് ചെയ്ത പോലെ തോന്നി. ഇത്തരം കാര്യങ്ങൾ കേട്ടാൽ വൈകാരിക മാറ്റമൊന്നും ഉണ്ടാവില്ല എന്ന് തോന്നാൻ വേണ്ടി ഞാൻ തലയൊന്നു വെട്ടിച്ചു മാറ്റി. വാർക്കത്തട്ടിന് മുട്ട് വയ്ക്കും പോലെ താടിക്ക് കൈയ്യും കൊടുത്ത് ഞാൻ ഇരുന്നു. തൂക്കൊന്ന് മാറിയാൽ കണ്ണുകൾ നിറഞ്ഞൊഴുക്കും. സഹായിക്കാൻ ഒരു മൈക്കാഡു പോലും ഇല്ലാത്ത ഒരു മേസ്തിരിയെ പോലെ ഞാൻ കുഴങ്ങി.
ഞാൻ മേസ്തിരിയെ നോക്കി
സിസ്റ്റം ടെസ്റ്റിങ് സക്‌സസ്സ് ആയി, ആരുടെയും പ്രീതിക്കു വേണ്ടി ഓവർ ടൈം ചെയ്യാത്ത, ഒരു ക്യൂബിനുള്ളിൽ ജീവിതം ഒരുക്കാത്ത, സംതൃപ്ത്തനായ ഒരു സഹപ്രവർത്തകന്റെ ഭാവം ഞാൻ അയാളിൽ കണ്ടു.
സെക്കൻഡുകൾക്കുള്ളിൽ ഇതെല്ലാം കഴിഞ്ഞെങ്കിലും മണിക്കൂറുകളുടെ ദൂരം എനിക്ക് തോന്നി. ഫോണിൽ വീണ്ടും നോട്ടിഫിക്കേഷൻ
‘യു ഹാവ് വൺ ന്യൂ ഇൻട്രസ്റ്റ്’
പിന്നീട് നോക്കാം. ഞാൻ മേസ്തിരിയോട് ചോദിച്ചു
‘ചേട്ടാ ഇപ്പോൾ ആ കൂട് എന്ത്യേ?’
‘അതോ…., അത് ഞാൻ കിടക്കുന്ന ബെഡിന്റെ അടിയിലുണ്ട്. ഇപ്പോ വന്നു കാണും.’
‘ വന്നു കാണുവെന്നോ എവിടുന്ന് ?’
‘ ഞാൻ അറിയില്ല എന്ന് വിചാരിച്ച് ഇളയപെണ്ണ് അതും എടുത്തോണ്ട് രാവിലെ കോളജിൽ പോകും. വൈകുന്നേരം ബെഡിന്റെ അടിയിൽ കൊണ്ടു വയ്ക്കും. പോകുമ്പോൾ ബാഗ് കൊണ്ടുപോകും അതിന്റകത്ത് ഈ കൂട്, കൂടിന്റകത്ത് അവളുടെ പുസ്തകം അടിക്കിവയ്ക്കും.. കേമിയാ …’ഞാൻ ഒന്ന് മൂളി.
‘ആദ്യമൊക്കെ അവളോർത്തത് ഞാൻ ഇതൊന്നും അറിയുന്നില്ല എന്നാ. ഇപ്പം രണ്ടു പേർക്കും അറിയാം. അവളിങ്ങനെ അമ്മയെ പൊതിഞ്ഞു കൊണ്ടു നടക്കുന്നു.’
എന്റെ മടിയിലിരുന്ന മൂവായിരം രൂപ വില വരുന്ന ബാഗിലേക്ക് ഞാൻ നോക്കി. ശരിയാണ് സൗകര്യങ്ങളുണ്ട്, പ്രൗഡിയുമുണ്ട്. പക്ഷേ ഉള്ള് പൊള്ളയാണ്, ശൂന്യം.
മേസ്തിരിക്ക് ഇനിയും പറയണമെന്നുണ്ടെന്ന് തോന്നി. പക്ഷേ എനിക്കിനി കേൾക്കെണ്ട .
‘എന്നാ ഞാൻ ഇവിടിറങ്ങുവാണേ’
മേസ്തിരിക്കിറങ്ങാൻ ഞാൻ ഒതുങ്ങിക്കൊടുത്തു. മനസുകൾ തമ്മിലുള്ള യുദ്ധത്തിൽ അയാൾ വിജയിച്ചതായി എനിക്ക് തോന്നി. പരാജിതന്റെ ഭാവം പ്രകടിപ്പിക്കാതെ ഞാൻ വിജയിയെ യാത്രയാക്കി. ബസിൽ നിന്നിറങ്ങി എന്നെ നോക്കാതെ അയാൾ നടന്നു പോകണെ എന്നു ഞാൻ ആശിച്ചു. പക്ഷേ വണ്ടിയിൽ നിന്നിറങ്ങി, അവിടെ നിന്ന് എന്നെ നോക്കി പുഞ്ചിരിച്ചു. കാലുകൾ മണ്ണിൽ ഉറപ്പിച്ചു നിന്ന് കൈയിലുള്ള ജൗളിക്കൂടയർത്തി യാത്ര പറഞ്ഞു. എല്ലാ തൊഴിലിടങ്ങളിലും ചെയ്യുന്നതുപോലെ അയാൾ ആദ്യം എന്റെ ഹൃദയത്തിൽ ഒരാണിയടിച്ചു. അവിടെ രാഗം ടെക്റ്റയിൽസ് എന്നെഴുതിയ ജൗളിക്കൂട് തൂക്കി. അതിനുള്ളിൽ ബന്ധങ്ങൾ അടുക്കിവച്ചിരിക്കുന്നത് ഞാൻ കണ്ടു.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog, Joulikoodu,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here