Advertisement

സോവിയറ്റ് നാട് വീണപ്പോൾ മലയാളിക്കുട്ടികൾ അനുഭവിച്ച നോവിന് ഒരൊറ്റ കാരണമേ ഉള്ളൂ.. ആ പുസ്തക മണം!

February 26, 2024
Google News 1 minute Read
translator Kabani C- Article about Translation 

കഴിഞ്ഞ ഒക്ടോബറിൽ കൊൽക്കത്തയിൽ പോയപ്പോഴാണ് ബിംഗ്ഷ ശതാബ്ദി എന്ന പുസ്തകക്കടയിൽ പോയത്. 1956 ൽ സ്ഥാപിതമായ ഈ പ്രസാധകർ ഫ്രഞ്ചിൽ നിന്നും റഷ്യൻ ഭാഷകളിൽ നിന്നുമെല്ലാം നേരിട്ട് പുസ്തകങ്ങൾ ബംഗാളിയിലെത്തിക്കുന്നു, പ്രധാനമായും ഇടതു പക്ഷ ആശയങ്ങൾ ഉൾക്കാള്ളുന്നവ. സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരിയായ കാഞ്ചന മുഖർജിയുടെ വീട്ടിലാണ് ഞങ്ങൾ താമസിച്ചതും.

റസൽ സ്ട്രീറ്റിലെ അവരുടെ പുസ്തക്കടയിൽ സുഗന്ധമുള്ള ഡാർജിലിംഗ് ചായ കുടിച്ച് വായിച്ചിരിക്കാനുള്ള സൗകര്യമുണ്ട്. കയ്യിലൊരു കപ്പ് ചായയുമായി പുസ്തകങ്ങൾ പരതുമ്പോൾ അതാ ഒരു നീലക്കപ്പ് എന്നെ നോക്കിച്ചിരിക്കുന്നു. സംശയിക്കണ്ട, സോവിയറ്റു കാലത്ത് നമ്മെയല്ലാം ആകർഷിച്ച കുട്ടിപ്പുസ്തകങ്ങളിലെ അർക്കാദി ഗൈദാറിന്റെ നീലക്കപ്പു തന്നെ. എൺപതുകളിലെ ഏതൊരു മലയാളിക്കുട്ടിയെയും പോലെ സോവിയറ്റ് കുട്ടിപ്പുസ്തകങ്ങൾ വായിച്ചു വളർന്ന എന്നിൽ അതൊരുപാട് ഓർമ്മകൾ നിറച്ചു.

കാലം 2003. ഞാൻ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ് പത്രപ്രവർത്തകയാകാനുള്ള മോഹവുമായി വർത്തമാനം പത്രത്തിൽ ചേർന്ന കാലം. ഇറാഖിനെ അമേരിക്ക ആക്രമിച്ച കാലവും കൂടിയായിരുന്നു അത്. ഇന്റർനാഷണൽ ഡെസ്‌ക്കിൽ ഞാനും അൻവറും. (ഇന്നത്തെ ഏഴുത്തുകാരൻ അൻവർ അബ്ദുള്ള.) പിടിഐ ടേക്കുകളിൽ നിന്ന് ഹ്യൂമൻ ഇന്ററസ്റ്റ് സ്‌റ്റോറികൾ പെറുക്കിയെടുത്ത് മലയാളത്തിലാക്കുന്നതിനിടക്ക് അൻവർ എഴുതിയ ഒരു വാക്ക് എന്റെ കണ്ണിലുടക്കി-ആവിയിൽ പുഴുങ്ങിയെടുത്ത ഉടലുകൾ. പൊടുന്നനെ റഷ്യൻ പുസ്തകങ്ങളും ആവിക്കുളിയുമെല്ലാം എന്റെ മനസ്സിലേക്കോടിയെത്തി. ഞാൻ അൻവറിനെ നോക്കിച്ചിരിച്ചു. അതിനു മുമ്പും ചായം തേക്കുന്നവർ (painter ) എന്നെല്ലാം അൻവർ തികച്ചും സ്വാഭാവികമായി പറയുന്നതു കേട്ടിട്ടുണ്ടെങ്കിലും ആ നിമിഷമെനിക്ക് സവിശേഷമായിരുന്നു. അൻവർ കാര്യം മനസ്സിലായി എന്നെ നോക്കിയും ചിരിച്ചു. ആ നിമിഷം മുതലാണ് ഞാനും അൻവറുമായുള്ള ബന്ധം ദൃഢമായതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

പിന്നെ, വർഷങ്ങൾക്കു മുമ്പുള്ള ഒരു ഡിസി ബുക്‌സ് ബുള്ളറ്റിൻ വായന. അതിൽ എഴുത്തുകാരി പ്രിയ എഎസിന്റെ കുറിപ്പുണ്ട്. എന്തിനെക്കുറിച്ചാണെന്നോർമ്മയില്ല. പക്ഷേ അതിലെ ഒരു വരി ഇപ്പോഴും ഓർമ്മയുണ്ട്. പ്രിയ അനുജനോടൊത്ത് പാടാറുള്ള രണ്ടു വരികൾ പച്ചക്കുതിരയെടുത്തു വയലിൻ/സംഗീതത്തിൽ മാധുരിയൊഴുകി. നേരിട്ടിതുവരെ കണ്ടിട്ടില്ലെങ്കിലും, പിന്നീട് പ്രിയയുടെ മുഖം കാണുമ്പോഴേല്ലാം ഈ വരികളും അതിൽ നിന്നൂറുന്ന സാഹോദര്യവും ഇപ്പോഴും എന്നിൽ നിറയും.

എനിക്കൊരു മകളുണ്ടായപ്പോൾ, പൊന്നുപോലെ സൂക്ഷിച്ച സോവിയറ്റു പുസ്തകങ്ങൾ ഞാൻ പൊടിത്തട്ടിയെടുത്തു. സൂര്യനെ മോഷ്ടിച്ച മുതലയായിരുന്നു അവൾക്ക് ഞാനാദ്യം വായിച്ചു കൊടുത്തത്. സൂര്യനെ വായ്ക്കുള്ളിലാക്കിയ മുതലയെ കണ്ട അവളുടെ കുഞ്ഞിക്കണ്ണുകളിൽ വിടർന്ന അതിശയവും അമ്പരപ്പും എന്നിൽ നിറച്ച സന്തോഷത്തിന് കയ്യും കണക്കുമില്ല. പൊന്നു മോനെ, തെര്യോഷെച്ക്കാ, ഓടി വായോ പാൽ കുടിക്കാനെന്ന് ഞാനവളെ നീട്ടിവിളിച്ചു. കുതിര മുതിര തിന്നുമോ, മുതിര കുതിര തിന്നുമോ? ചവചവച്ച് ചവചവച്ച് കുതിര മുതിര തിന്നുമോയെന്ന് ഞാനും അവളും ഉറക്കെ പാടുകയും പരസ്പരം നോക്കി കണ്ണിറുക്കുകയും ചെയ്തു. പക്ഷേ തന്നെ വായിക്കാറായപ്പോൾ അമ്മയുടെ നൊസ്റ്റാൾജിയയും ഇഷ്ടങ്ങളും തട്ടിയെറിഞ്ഞ് അവർ ഹാരിപോട്ടറിലും റസ്‌ക്കിൻ ബോണ്ടിലും മുഴുകി.

1960കൾ മുതൽ 1980 കൾ മൂന്നു തലമുറയിലെ മലയാളിക്കുട്ടികളുടെയും ഭാവനയിലും ഭാഷയിലും ചിന്തകളിലും നിർണ്ണായക സ്വാധീനം ചെലുത്തി റഷ്യൻ കുട്ടിക്കഥകൾ. പ്രോഗ്രസ്സ് പബ്ലിഷേഴ്‌സും അതിന്റെ മലയാള വിഭാഗമായ റാദുഗയും പ്രസിദ്ധീകരിക്കുകയും പ്രഭാത് ബുക്‌സിലൂടെ വിതരണം ചെയ്യപ്പെടുകയും ചെയ്ത സോവിയറ്റു പുസ്തകങ്ങൾക്ക് കയ്യും കണക്കുമില്ല. സോവിയറ്റ് നാട്ടിലെ നാടോടിക്കഥകളുടെ സമാഹാരമായ രത്‌നമലയിലെ പ്രസാകക്കുറിപ്പ് തുടങ്ങുന്നതിങ്ങനെ: സോവിയറ്റ് യൂണിയൻ ഒരു വലിയ രാജ്യമാണെന്ന്,ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണെന്ന് നിങ്ങൾക്കറിയാമല്ലോ. വിദൂരപൂർവ്വ ദേശത്തുള്ള ഖബറോവ്‌സ്‌ക്കിൽ പ്രഭാതം പൊട്ടിവിരിയുമ്പോൾ പടിഞ്ഞാറുള്ള മിൻസ്‌ക്കിനോടും കീവിനോടും അസ്തമന സൂര്യൻ വിടപറയുകയായിരിക്കും. യക്കൂത്തിയയിൽ ഹിമക്കാറ്റ് വീശിക്കൊണ്ടിരിക്കുമ്പോൾ താഷ്‌ക്കന്റിൽ പനിനീർപ്പൂക്കൾ വിടർന്നു നിൽക്കും. കരിങ്കടൽ തീരത്തെ മണൽത്തിട്ടകളിൽ കിടന്ന് ആളുകൾ വെയിൽ കായും. (കോടാലിക്കഞ്ഞി, തവളരാജകുമാരി തുടങ്ങിയ പ്രശസ്തമായ നാടോടിക്കഥകൾ ഇതിലുള്ളതാണ്.)

അനേകം ജനതകൾ അധിവസിക്കുന്ന മഹാരാജ്യം. ഓരോ ജനതയ്ക്കും അവരവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളും സ്വന്തം ഭാഷയും. ഉസ്‌ബെക്ക് ഭാഷയും റഷ്യൻ ഭാഷയും തമ്മിൽ അറബിയും ഇംഗ്ലീഷും പോലുമുള്ള സാമ്യമില്ലത്രേ. ചുക്ചികളും നെനെത്സുക്കളും ബെലോറഷ്യക്കാരും ഉക്രേനിയക്കാരും ലിത്വാനിയക്കാരും…ഈ മഴവിൽ വർണ്ണങ്ങളെയെല്ലാം കൂട്ടിക്കെട്ടിയ ആ മഹാരാജ്യം എന്നെ കൊതിപ്പിച്ചു കൊണ്ടേയിരുന്നു. ആപ്പിൾക്കവിളുകളുള്ള കുട്ടികളും മഞ്ഞും മൃഗങ്ങളും ബിർച്ച് മരങ്ങളും സ്‌റ്റെപ്പികളും തുന്ദ്രാ പ്രദേശവും തയ്ഗക്കാടുകളും കൊട്ടാരങ്ങളും മായാലോകവും ഇഗോർ യെർഷോവ്, ക്‌സേനിയ യെർഷോവ് തുടങ്ങിയവർ വരച്ച് ഗംഭീര ചിത്രങ്ങളിലൂടെ എന്നെ മാടി മാടി വിളിച്ചു. സോവിയറ്റെന്നൊരു നാടുണ്ട്/ പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യമെന്ന് അന്ന് ഓരോ കുട്ടിയും മനസ്സിലോർത്തു.

ആരാണ് സോവിയറ്റ് കുട്ടിക്കഥകൾ എഴുതിയിരുന്നവർ? നാടോടിക്കഥകൾക്കു പുറമേ എണ്ണം പറഞ്ഞ എഴുത്തുകാർ ടോൾസ്‌റ്റോയി, മയക്കോവ്‌സ്‌ക്കി, അർക്കാദി ഗൈദാർ. മായാലോകം എന്ന സമാഹാരം തന്നെ റഷ്യൻ എഴുത്തുകാരുടെ കുട്ടിക്കഥകളാണ്. മയക്കോവ്‌സ്‌കിയുടെ കുട്ടിക്കവിതകളുടെ സമാഹാരമായിരുന്നു ‘നല്ലതേത് ,ചീത്തയേത്.” ടോൾസ്‌റ്റോയിയുടെ നികിതയുടെ ബാല്യം, തതാന മക്കാറോവയുടെ ധീരനായ ഉറുമ്പ്, അർക്കാദി ഗൈദാറിന്റെ ചുക്കും ഗെക്കും, നീലക്കപ്പ്…തീപ്പക്ഷി എന്ന സോവിയറ്റ് നാടോടിക്കഥാ സമാഹാരത്തിലാണ് ”വാളമീൻ കല്പിക്കുന്നു ,ഞാൻ ഇച്ഛിക്കുന്നു” എന്ന പ്രശസ്തമായ കഥയുള്ളത്. ഷീജാ വക്കത്തിന്റെ അതേ തലക്കെട്ടുള്ള കവിത പിന്നെയും അതിനെ ഓർമ്മകളിലേക്ക് കൊണ്ടു വന്നു.

സോവിയറ്റു പുസ്തകങ്ങൾ കുട്ടികളിൽ നിറച്ച ആശയങ്ങളുടെ ആഴം അളക്കാവുന്നതല്ല. മഴവിൽ സംസ്‌ക്കാരങ്ങൾ, അതിന്റെ വൈവിദ്ധ്യം, സ്ഥിതിസമത്വം,വ്യക്തി സ്വാതന്ത്ര്യം… നീലക്കപ്പിൽ യുദ്ധത്തിനു പോകുന്ന വൈമാനികനാണ് കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്ത്. അമ്മ സുഹൃത്തിനെ ഇനി തിരിച്ചു വരവില്ലെന്ന ആധിയോടെ യാത്രയാക്കുന്ന തിരക്കിലാണ്. അപ്പോഴാണ് അച്ഛനും കുട്ടിയും നീലക്കപ്പ് പൊട്ടിക്കുന്നത്. അമ്മയ്ക്കും ആൺസുഹൃത്താകാമെന്നും ദാമ്പത്യത്തിൽ തുറവിയും ഇടവും വേണമെന്നും യാതൊരു സന്ദേഹവുമില്ലാതെ അന്നത്തെ എട്ടുവയസ്സുകാരിയായ ഞാൻ അംഗീകരിച്ചു. ദാമ്പത്യത്തിനുള്ളിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചും ലിംഗസമത്വത്തെകുറിച്ചം ആദ്യമായി എന്നോടു പറഞ്ഞ പുസ്തകം, ഒട്ടും പ്രീച്ചിംഗ് ഇല്ലാതെ ന്റൈ മനസിൽ പതിഞ്ഞതും. ‌

\

1936 ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥ സോവിയറ്റു റഷ്യയിൽ വലിയ ചർച്ചയാണ് അക്കാലത്തുണ്ടാക്കിയത്. കുട്ടിക്കഥകളിൽ മുതിർന്നവരുടെ വിഷയങ്ങൾ എത്രത്തോളമാകാമെന്നതിനെ കുറിച്ചായിരുന്നു ഇന്നും പ്രസക്തമായ ആ ചർച്ച. ദാമ്പത്യത്തിന്റെയും പങ്കാളികൾക്കിടയിലെ പരസ്പരവിശ്വാസത്തിന്റെയും സ്‌നേഹന്റെയും പാഠങ്ങൾ കുട്ടികൾ പഠിക്കുക തന്നെ വേണമെന്ന് അന്ന് സോവിയറ്റ് വായനാ ലോകവും ധൈഷണിക ലോകവും വിലയിരുത്തി.

ഇങ്ങനെ എന്തെല്ലാം നൂതനാശയങ്ങൾ സോവിയറ്റു പുസ്തകങ്ങൾ മൂന്ന് തലമുറയിലെയെങ്കിലും കുട്ടികളിൽ ആഴത്തിൽ പാകി ! നാടോടിക്കഥകളുടെയും അപരിചിത സ്ഥലികളുടെയും മായാലോകം തുറക്കുമ്പോൾ തന്നെ, ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും വാതായനങ്ങളും സോവിയറ്റ് പുസ്തകങ്ങൾ തുറന്നു. യാക്കോവ് ദ്‌ലുഗെലെൻസ്‌ക്കിയുടെ ഘടികാരത്തെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം, അനത്തോലി തോമിലിന്റെ മനുഷ്യൻ ഭൂമിയുടെ ആകൃതി കണ്ടു പിടിച്ചതെങ്ങിനെ ,വൈ ചരൂഷിന്റെ ആദ്യ ജന്തു ശാസ്ത്ര പാഠം, അലക്‌സേയ് ലിയോണോവിന്റെ സൗരവാതം തുടങ്ങിയ പുസ്തകങ്ങൾ ഉദാഹരണം.

ആരാണിതെല്ലാം വിവർത്തനം ചെയ്തത്? ഒരു വിവർത്തകയെന്ന നിലയിൽ എന്നെ കൊതിപ്പിക്കുന്ന, അസാദ്ധ്യമായ പൂർണ്ണതയുള്ള, തെളിഞ്ഞ ഗദ്യവും വാക്കുകളുമുള്ള ഈ പുസ്തകങ്ങളെല്ലാം ആരു ചെയ്തു? സോവിയറ്റു പുസ്തകങ്ങളുടെ സ്വാധീനം തീർച്ചയായും എന്റെ ഭാഷയിലും വിവർത്തനത്തിലുമുണ്ടല്ലോ. ജീവിതപങ്കാളികളായ മോസ്‌ക്കോ ഗോപാലകൃഷ്ണനും ഓമനയും (ഭാരതി അമ്മ) ചേർന്ന് ഇരുന്നോറോളം പുസ്തങ്ങളാണ് മലയാളത്തിലേക്ക് റഷ്യൻ ഭാഷയിൽ നിന്നെത്തിച്ചത്. രണ്ടു പേരും ന്യൂ ഡൽഹിയിലെ സോവിയറ്റ് ഇൻഫർമേഷൻ സെന്ററിലെ ജോലിക്കാരായിരുന്നു. ഗോപാലകൃഷ്ണൻ സി.പി.ഐയുടെ സജീവ പ്രവർത്തകനും. പിന്നീട് ഗോപാലകൃഷ്ണൻ യുഎസ്എസ്ആർ ഇൻഫർമേഷൻ വകുപ്പിന്റെ ജോയിന്റ് എഡിറ്ററുമായി.

1966 ലാണ് സോവിയറ്റ് സർക്കാർ റഷ്യൻ പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുന്നതും ഗോപാലകൃഷ്ണനെയും ഓമനയെയും മോസ്‌ക്കോയിലെ പ്രോഗ്രസ് പ്രിന്റേഴ്‌സിലേക്ക് രണ്ടുവർഷത്തെ പ്രോജക്റ്റിനായി ക്ഷണിക്കുന്നതും. ഒരു പ്രത്യേക മലയാള വിഭാഗം തന്നെ രൂപീകരിച്ച പ്രോഗ്രസ് പബ്ലീഷേഴ്‌സിന് വിദഗ്ദ്ധരായ വിവർത്തകരെ ആവശ്യമുണ്ടായിരുന്നു. രണ്ടു കുട്ടികളുമായി ആ വർഷം തന്നെ മോസ്‌ക്കോയിലെത്തിയ അവർ ആദ്യമെല്ലാം ഇംഗ്ലീഷിൽ നിന്ന് മൊഴിമാറ്റുകയും എളുപ്പം തന്നെ റഷ്യൻ ഭാഷ പഠിക്കുകയും ചെയ്തു. ഗോപാലകൃഷ്ണനും ഓമനയും മോസ്‌ക്കോയിൽ ചിലവഴിച്ച ഇരുപത്തിയഞ്ചു വർഷം മലയാളത്തിലേക്ക് റഷ്യൻ നോവലുകളും നാടോടിക്കഥകളും മാർക്‌സിന്റെയും എംഗൽസിന്റെയും ലെനിനിന്റെയും അടക്കമുള്ള കമ്യൂണിസ്റ്റു ക്ലാസിക്കുകളും ഒഴുകി. മലയാള ബാലസാഹിത്യത്തിന്റെ സുവർണ്ണകാലമായി പിന്നീടിത് വിലയിരുത്തപ്പെട്ടു.

ഗോപാലകൃഷ്ണൻ ഗോർക്കിയുടെ അമ്മയും ടോൾസ്‌റ്റോയിയുടെ റീസറക്ഷനും ഗോർക്കിയുടെ ആ്ത്മകഥയും ദസ്തയോവ്‌സ്‌ക്കിയുടെ വൈറ്റ് നൈറ്റ്‌സും ചെക്കോവിന്റെ കൃതികളും വിവർത്തനം ചെയ്തു. കുട്ടികൾക്കുള്ള നാല്പതിലധികം പുസ്തകങ്ങളും മറ്റു സാഹിത്യവും വിവർത്തനം ചെയ്ത ഓമനയുടെ അന്നകരിനീനാവിവർത്തനം നിർഭാഗ്യവശാൽ പ്രസിദ്ധീകരിക്കപ്പെടാതെ പോയി. 1991 ൽ യുഎസ്എസ്ആർ ചിതറിപ്പോകുകയും പ്രോഗ്രസ് പബ്ലീഷേഴ്‌സ് അടച്ചു പൂട്ടുകയും ചെയ്തു. 2011 ൽ മരിക്കുന്നതു വരെ ഗോപാലകൃഷ്ണന് അദ്ദേഹത്തിന്റെ സംഭാവനകളെ പരിഗമിച്ച് റഷ്യൻ സർക്കാർ പെൻഷൻ നൽകിയിരുന്നു.

ചുക്കിന്റെയും ഗെക്കിന്റെയും കൂടെ റഷ്യയിലെ വിശാലമായ തുന്ദ്രാപ്രദേശത്ത് അച്ഛനെയും കൂട്ടി ക്രിസ്തുമസ് ആഘോഷിക്കാൻ മലയാളിക്കുട്ടികളെ കൊണ്ടു പോയ,ഒ രു വിദൂരസ്ഥലി അത്രമേൽ പരിചിതമാക്കിയ, സോവിയറ്റ് നാടിന്റെ വീഴ്ചയിൽ മലയാളിക്കുട്ടികളിൽ ആഴത്തിലുള്ള നോവ് പരത്തിയ ഗോപാലകൃഷ്ണനും ഓമനയും അവരുടെ വലിയ സംഭാവനയുടെ പേരിൽ വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടുണ്ടോ? വിവർത്തനമേഖലയിലെങ്കിലും അവർക്ക് അർഹിക്കുന്ന അംഗീകാരം നൽകേണ്ടതല്ലേ? ഗോപാലകൃഷ്ണന്റെയും ഓമനയുടെയേും പേരിൽ ഒരു വിവർത്തനപുരസ്‌ക്കാരം ഏർപ്പെടുത്തേണ്ട കടമ നമ്മുടെ സർക്കാരിനും അക്കാദമിയ്ക്കും സാസ്‌ക്കാരിക വകുപ്പിനുമില്ലേ? റഷ്യൻ കൾച്ചറൽ സെന്ററിനെങ്കിലും?

എന്തൊക്കെയായാലും എന്റെയീ മദ്ധ്യവയസ്സിലും രാഷ്ടീയ ബോധ്യങ്ങൾക്കിടയിലും എഴുത്തിലും വായനയിലും ഭാഷയിലും വാളമീൻ കല്പിച്ചു കൊണ്ടേയിരിക്കുന്നുണ്ട്, ഞാൻ ഇച്ഛിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. ബുദ്ധിമതിയും സുന്ദരിയുമായ മിടുക്കിയുമായ വസിലിസയാകട്ടെ എന്റെയുള്ളിൽ പുഞ്ചിരിക്കുന്നുമുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here