ലൈഫ് മിഷന്‍ പദ്ധതിക്കെതിരായ ആരോപണങ്ങളും ചീറ്റിപ്പോകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

CPIM KODIYERI BALAKRISHNAM

ലാവ്‌ലിന്‍ കേസ് പോലെ ലൈഫ് മിഷന്‍ പദ്ധതിക്കെതിരായ ആരോപണങ്ങളും ചീറ്റിപ്പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സ് കേസ് സാധ്യമായ കേസാണോ ലൈഫ് മിഷനുമായി ബന്ധപ്പെട്ടതെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എകെജി സെന്ററില്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗതീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണ് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് അല്‍പായുസേ ഉണ്ടാകൂ എന്ന് കോടിയേരി പറഞ്ഞത്. എല്ലാ കാര്യങ്ങളും മൂന്ന് കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കുന്നത്. സത്യം പുറത്തുവരട്ടെ. കമ്മീഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുവരട്ടേയെന്നും സര്‍ക്കാരിനെ അതൊന്നും ബാധിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.ശിവശങ്കറിനെ ന്യായീകരിക്കേണ്ട കാര്യം എല്‍ഡിഎഫിനില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ അന്വേഷണം വന്നാലും ഭയപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് കേരളം ഒന്നിച്ചുനില്‍ക്കണം. ശശി തരൂര്‍ നിലപാട് തിരുത്തമെന്നും സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് അദാനിക്ക് വിമാനത്താവളം നടത്താനാവില്ലെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി അദാനിക്ക് മുന്നോട്ടുപോകാനാകില്ല. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് രണ്ടുലക്ഷം ഇ മെയിലുകള്‍ അയക്കുമെന്നും കോടിയേരി പറഞ്ഞു.രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടില്‍ ചോര്‍ച്ച സംഭവിക്കും. ജോസ് കെ.മാണിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. അവിശ്വാസപ്രമേയം യുഡിഎഫിന് തിരിച്ചടിയാകുമെന്നും കോടിയേരി പറഞ്ഞു.

Story Highlights Kodiyeri Balakrishnan against Life Mission project allegations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top