കൊച്ചി നഗരസഭയിൽ പദ്ധതി നടത്തിപ്പിലും വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്

കൊച്ചി നഗരസഭയിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പുറമേ പദ്ധതി നടത്തിപ്പിലും വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനുവദിച്ച തുകയിൽ 50.64 കോടി രൂപ ചിലവഴിക്കാതെ നഷ്ടപ്പെടുത്തി. നഗരസഭയിൽ പണാപഹരണം മുതൽ വരുമാന ചോർച്ച വരെ ഉണ്ടായെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.

റോഡ് വികസനം, പട്ടിക ജാതി – പട്ടിക വർഗ, ജനറൽ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി സർക്കാർ അനുവദിച്ച കോടിക്കണക്കിന് തുകയാണ് കൊച്ചി നഗരസഭ ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയത്. 2018-19 സാമ്പത്തിക വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. വിവിധ പദ്ധതികൾക്ക് ലഭിച്ച 50.64 കോടി രൂപ ചിലവഴിക്കാതെ നഷ്ടപ്പെടുത്തി. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിൽ ലഭിച്ച 47.54 കോടിയിൽ 22.21 കോടി രൂപ ചിലവഴിക്കാതെ പാഴാക്കി. സാമ്പത്തിക തിരിമറിയും വരുമാന ചോർച്ചയും കൂടാതെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്.

റോഡ് മെയിന്റനൻസ് ഇനത്തിൽ ലഭിച്ച 22.59 കോടി രൂപയിൽ നിന്നും ചിലവഴിച്ചതാകട്ടെ 17.84 കോടി രൂപ മാത്രം. നഗരത്തിലെ അതിരൂക്ഷമായ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഫണ്ടാണ് നഗരസഭാ ഭരണാധികാരികൾ നഷ്ടമാക്കിയത്. റദ്ധാക്കിയ രസീത് ഉപയോഗിച്ചുള്ള സാമ്പത്തിക തിരിമറിയും ഓഡിറ്റിങ്ങിൽ കണ്ടെത്തി. ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നു സിപിഐഎം ആവശ്യപ്പെട്ടു.

Story Highlights -audit report says that there is a failure in the implementation of the project in kochi muncipality

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top