സ്വർണത്തിൽ തീർത്ത ‘കൈലാസിയൻ ഡോളർ’ പുറത്തിറക്കി നിത്യാനന്ദ

ഇന്ത്യയിൽ നിന്ന് കടന്ന് സ്വന്തമായി രാജ്യം സ്ഥാപിച്ചാതിയ അവകാശപ്പെടുന്ന വിവാദ ആൾദൈവം നിത്യാനന്ദ പുതിയ കറൻസിയും പുറത്തിറക്കി. ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ നിർമിച്ച ‘കൈലാസിയൻ ഡോളർ’ ആണ് ശനിയാഴ്ച പുറത്തിറക്കിയത്. ഫേസ്ബുക്കിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്.
സ്വർണത്തിലാണ് നാണയങ്ങൾ നിർമിച്ചിരിക്കുന്നത്. തമിഴിൽ ഇതിനെ ഒരു പൊർകാസ് എന്നും സംസ് കൃതത്തിൽ സ്വർണമുദ്ര എന്നുമാണ് പേര് നൽകിയിരിക്കുന്നത്. 11.66 ഗ്രാം സ്വർണത്തിലാണ് ഒരു കൈലാസിയൻ ഡോളർ നിർമിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. 1/4, 1/2, 3/4, രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 ഡോളറിന്റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഗണേഷ ചതുർഥി ദിനത്തിൽ റിസർവ് ബാങ്ക് ഓഫ് കൈലാസയുടെ പുതിയ കറൻസി പുറത്തിറക്കുമെന്ന് നിത്യാനന്ദ ദിവസങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നു.
പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞത്. പാസ്‌പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായും അവകാശപ്പെട്ടു. ഇന്റർപോളടക്കം തിരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here