മാപ്പുപറയില്ല ; നിലപാടിലുറച്ച് പ്രശാന്ത് ഭൂഷൺ

കോടതിയലക്ഷ്യക്കേസിൽ മാപ്പുപറയുകയെന്നത് തന്റെ മനഃസാക്ഷിയോടും, ഉന്നത ജുഡീഷ്യറിയോടുമുള്ള ആദരവില്ലായ്മയാകുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രിംകോടതിയിൽ. മാപ്പിരക്കില്ലെന്ന നിലപാട് വ്യക്തമാക്കി കോടതിയിൽ പുതിയ പ്രസ്താവന ഫയൽ ചെയ്തു. നിരുപാധികം മാപ്പെഴുതി കൊടുക്കാൻ സുപ്രിംകോടതി അനുവദിച്ച സമയം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് പശ്ചാത്തപിക്കാനില്ലെന്ന് പ്രശാന്ത് ഭൂഷൺ ആവർത്തിച്ചത്.

രണ്ട് പേജുള്ള പ്രസ്താവനയിൽ പ്രശാന്ത് ഭൂഷൺ തന്റെ ഉറച്ച നിലപാട് വ്യക്തമാക്കി. മൗലികാവകാശങ്ങളും, ഭരണഘടനയിൽ അധിഷ്ഠിതമായ ജനാധിപത്യവും സംരക്ഷിക്കാൻ അവസാന പ്രതീക്ഷയും അഭയകേന്ദ്രവുമാണ് സുപ്രിംകോടതി. രാജ്യം വിഷമസന്ധിയിലൂടെ കടന്നുപോകുന്ന കാലത്ത് നിയമവ്യവസ്ഥ ഉറപ്പാക്കാൻ ജനങ്ങൾക്ക് ആശ്രയം ഉന്നത ജുഡീഷ്യറിയാണ്. വഴി തെറ്റുന്നുവെന്ന് കണ്ടാൽ അത് ചൂണ്ടിക്കാണിക്കേണ്ടത് അഭിഭാഷകൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ്. ക്രിയാത്മകമായ വിമർശനമാണ് ഉന്നയിച്ചത്. ജുഡിഷ്യറിയെയോ ഏതെങ്കിലും ചീഫ് ജസ്റ്റിസുമാരെയോ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ട്വീറ്റുകൾ. സദുദ്ദേശ്യത്തോടെയാണ് അവ പോസ്റ്റ് ചെയ്തത്. അത് തന്റെ ബോധ്യങ്ങളെ പ്രതിനിധീകരിക്കുന്നു. ബോധ്യങ്ങളുടെ മേൽ നിരുപാധികമോ സോപാധികമോ ആയ മാപ്പുപറച്ചിൽ ആത്മാർഥത ഇല്ലാത്തതാകുമെന്നും പ്രശാന്ത് ഭൂഷൺ സുപ്രിംകോടതിയെ അറിയിച്ചു. പ്രശാന്ത് ഭൂഷൺ മാപ്പെഴുതി നൽകാത്ത സാഹചര്യത്തിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപനത്തിലേക്ക് കടന്നേക്കും. ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് വിരമിക്കാൻ എട്ട് ദിവസം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ വിധി പറയുന്നത് വൈകില്ലെന്നാണ് സൂചന.

Story Highlights – No apologies; Prashant Bhushan stands firm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top