പെരിയ കേസ് വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്; മുഖ്യമന്ത്രി പണി പതിനെട്ടും പയറ്റിയിട്ടും തിരിച്ചടിയെന്ന് ചെന്നിത്തല

പെരിയ ഇരട്ടക്കൊലപാതക കേസിൽ കോടതിയുടെത് സമയോചിതമായ ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിൽ അരനൂറ്റാണ്ടായി നടന്നുവരുന്ന കൊലപാതകങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെന്ന് മുല്ലപ്പള്ളി പറഞ്ഞു. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ കാലത്താണ് ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതെന്നും, പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ജനങ്ങൾക്ക് നീതി ലഭിക്കില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. സുപ്രധാനമായ ഹൈക്കോടതി വിധി സമാധാനം കാംക്ഷിക്കുന്ന ആളുകൾക്ക് ആശ്വാസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also : പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക്
അതേസമയം പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പെരിയ കേസിൽ തിരിച്ചടിയുണ്ടായെന്ന് പ്രതിപക്ഷന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന ഖജനാവിൽ നിന്ന് പണം ചെലവഴിച്ചതിന് നാണമില്ലേയെന്നും കോടിക്കണക്കിന് രൂപ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നിട്ട് എന്ത് സംഭവിച്ചുവെന്നും ചെന്നിത്തല ചോദിച്ചു.
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത് ഇന്നാണ്. ഉത്തരവിൽ സർക്കാരിന്റെ വാദം ഭാഗികമായി ശരിവച്ചു. നേരത്തെ കുറ്റപത്രം നിലനിൽക്കില്ലെന്നും, ഒന്നാം പ്രതിയുടെ മൊഴിയെ ആസ്പദമാക്കി മാത്രമാണ് അന്വേഷണം മുന്നോട്ട് പോയതെന്നും കാണിച്ച് സിംഗിൾ ബഞ്ച് കുറ്റപത്രം റദ്ദാക്കിയിരുന്നു. എന്നാൽ നിലവിൽ സിംഗിൾ ബഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗീകമായി ശരിവെച്ചു. കുറ്റപത്രം നിലനിൽക്കും പക്ഷേ സിബിഐക്ക് അന്വേഷിക്കാമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
Story Highlights – periya murder case, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here