ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗർ ഫൈനൽ റൗണ്ടിലേക്ക്; മെഗാ ഫൈനൽ മത്സരം തിരുവോണ ദിനത്തിൽ

കാത്തിരിപ്പിന് വിരാമം, കുട്ടിപ്പാട്ടുകാരിലെ ഒന്നാമനെ തിരുവോണ ദിനത്തിൽ അറിയാം. പ്രേക്ഷകർ നെഞ്ചിലേറ്റിയ ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗർ ഫൈനൽ റൗണ്ടിലേക്ക് കടക്കുകയാണ്. പതിമൂന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ ഫൈനൽ മത്സരം ഫ്‌ളവേഴ്‌സിൽ തിരുവോണ ദിനത്തിൽ സംപ്രേഷണം ചെയ്യും.
2018 ഓഗസ്റ്റിലാണ് ടോപ്പ് സിങ്ങർ ആരംഭിച്ചത്. രണ്ട് വർഷം കൊണ്ട് അഭൂതപൂർവ്വമായ മാറ്റമാണ് കുട്ടികളിൽ കണ്ടത്. പ്രൊഫഷണൽ ഗായകരോട് കിടപിടിക്കുംവിധം കുട്ടിപ്പട്ടാളം വളർന്നു. എലിമിനേഷൻ റൗണ്ടിന്റെ സമ്മർദം ഏതുമില്ലാതെയായിരുന്നു ഇതുവരെയുള്ള പോരാട്ടം. ഇനി അങ്ങനല്ല. മത്സരാർത്ഥികൾ കച്ചമുറുക്കി വേദി കയ്യടക്കാൻ വരുമ്പോൾ, അതിനൊത്ത ദൃശ്യവിരുന്നൊരുക്കാൻ ഫ്‌ളവേഴ്‌സിന്റെ സാങ്കേതിക പ്രവർത്തകരും തയാറാണ്.
മൂന്ന് ഘട്ടങ്ങളായി നീണ്ടുനിൽക്കുന്ന ഫൈനൽ മത്സരം പൂരാട ദിനത്തിൽ തുടങ്ങും. ആദ്യഘട്ടത്തിൽ മത്സരാർത്ഥികളുടെ ഇഷ്ടഗാനം പാടാം. 21 പേരിൽ നിന്ന് 12 പേരെ തെരഞ്ഞെടുക്കും. രണ്ടാംഘട്ടത്തിൽ, എവർഗ്രീൻ, മാസ്റ്റേഴ്‌സ് റൗണ്ടുകളിലായി രണ്ട് പാട്ടുകൾ പാടാൻ അവസരമുണ്ട്. അപ്പോഴേക്കും അംഗസംഖ്യ 12ൽ നിന്ന് എട്ടായി ചുരുങ്ങും. അവരാണ് മെഗാ ഫൈനലിൽ മാറ്റുരുക്കുന്നത്. തിരുവോണ ദിനത്തിൽ രാവിലെ 9ന് തുടങ്ങുന്ന മത്സരം രാത്രി പത്ത് വരെ നീളും.
ഒന്നാംസ്ഥാനക്കാരനോടൊപ്പം പ്രേക്ഷകർക്ക് എസ്എംഎസ് വോട്ടിങ്ങിലൂടെ പോപ്പുലർ സിങ്ങറെയും തെരഞ്ഞെടുക്കാം. തുളസി ബിൽഡേഴ്‌സ് നൽകുന്ന 50ലക്ഷം രൂപയുടെ ഫ്‌ലാറ്റാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായ 15 ലക്ഷം രൂപ സ്‌പോൺസർ ചെയ്തത് കിവി ഐസ് ക്രീംസ് ആണ്. പിന്നെയുമുണ്ട് കുട്ടിപ്പാട്ടുകാർക്ക് കൈ നിറയെ സമ്മാനങ്ങൾ. ഇതിനോടകം 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ഓരോ മത്സരാർത്ഥിക്കും ഫ്‌ളവേഴ്‌സ് നൽകിയിട്ടുണ്ട്.
മലയാളികളുടെ മനസിൽ ഇടംനേടിയ കുഞ്ഞുഗായകർ ഒരിക്കൽ കൂടി നിങ്ങൾക്ക് അരികിലെത്തുകയാണ്…ഈ ഓണദിനങ്ങൾ ആഘോഷമാക്കാൻ….
Story Highlights – flowers top singer grand finale