Advertisement

സായുധ സേനയിലെ നിയമനം; ഡിജിപിയെ തിരുത്തി ആഭ്യന്തര വകുപ്പ്

August 28, 2020
Google News 1 minute Read

സായുധ സേനയിലെ അസിസ്റ്റന്റ് കമാൻഡന്റുമാരുടെ നിയമനത്തിൽ ഡിജിപിയെ തിരുത്തി ആഭ്യന്തരവകുപ്പ്. സർവീസ് റൂൾ ലംഘിച്ച് ഡിജിപി നിയമനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വർക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി ഡിജിപി നടത്തിയ അഞ്ച് പേരുടെ നിയമനങ്ങൾ ആഭ്യന്തരവകുപ്പ് റദ്ദാക്കി.

സായുധ സേനയിലെ അഞ്ച് ഇൻസ്‌പെക്ടർമാർക്ക് അസിസ്റ്റന്റ് കമാൻഡന്റുമാരായി സർക്കാർ അടുത്തിടെ സ്ഥാനക്കയറ്റം നൽകിയിരുന്നു. ഭരണപരമായ ആവശ്യങ്ങൾ പരിഗണിച്ച് വിവിധ ബറ്റാലിയനുകളിലേക്ക് ഇവരെ നിയമിക്കുകയും ചെയ്തു. എന്നാൽ വർക്കിംഗ് അറേഞ്ച്‌മെന്റിന്റെയും ഉദ്യോഗസ്ഥരുടെ സൗകര്യവും കണക്കിലെടുത്ത് അഞ്ച് പേരെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാറ്റി നിയമിച്ചു. കഴിഞ്ഞ മാസം 27നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഈ നടപടിക്കെതിരെയാണ് ആഭ്യന്തരവകുപ്പ് രംഗത്തെത്തിയത്. സർവീസ് റൂളിലെ 32ബി വകുപ്പ് പ്രകാരം അസിസ്റ്റന്റ് കമാൻഡന്റുമാരുടെ നിയമനം സർക്കാരിന്റെ അധികാരമാണ്. ഇത് വകവയ്ക്കാതെയാണ് ഉദ്യോഗസ്ഥരെ ഡിജിപി വിവിധ സ്ഥലങ്ങളിൽ നിയമിച്ചതെന്നാണ് ആഭ്യന്തരവകുപ്പിന്റെ തിരുത്ത്. കുട്ടിക്കാനത്തേക്ക് സർക്കാർ പോസ്റ്റിംഗ് നൽകിയ സിജു എസിനെ തിരുവനന്തപുരത്തും, മലപ്പുറം ആർ.ആർ.ആർ.എഫിലേയ്ക്ക് നിയമിച്ച സുരേഷിനെ മലപ്പുറം തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്കും, രാജു എബ്രഹാമിനെ തൃശൂരിൽ നിന്ന് അടൂരിലേക്കും, സുജിത്തിനെ തിരുവനന്തപുരം എസ്.എ.പി ക്യാംപിൽ നിന്ന് വനിത ബറ്റാലിയനിലും, അജയകുമാർ എന്ന ഉദ്യോഗസ്ഥനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് ഡിജിപി നിയമിച്ചത്. ഡിജിപിയുടെ വർക്കിംഗ് അറേഞ്ച്‌മെന്റ് ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കി. സർക്കാർ നിയമിച്ച സ്ഥലങ്ങളിലേക്ക് തന്നെ ഉദ്യോഗസ്ഥർ മടങ്ങി എത്താനും, അഞ്ചു ദിവസത്തിനകം ഇത് സംബന്ധിച്ച് ഡിജിപി റിപ്പോർട്ട് നൽകാനും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Story Highlights DGP loknath behra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here