Advertisement

പാകിസ്താനെ തല്ലിയൊതുക്കി ഇംഗ്ലണ്ട്; തകർപ്പൻ ജയം

August 30, 2020
Google News 1 minute Read
england won against pakistan

പാകിസ്താനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ആതിഥേയർ പാകിസ്താനെ കെട്ടുകെട്ടിച്ചത്. 66 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗനാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. പാകിസ്താനായി ഷദബ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി

196 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കമാണ് ജോണി ബെയർസ്റ്റോയും ടോം ബാൻ്റണും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് 66 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. ഏഴാം ഓവറിൽ രണ്ട് ഓപ്പണർമാരെയും പുറത്താക്കിയ ഷദബ് ഖാൻ പാകിസ്താനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 24 പന്തുകളിൽ 44 റൺസെടുത്ത ബെയർസ്റ്റോ ഇമാദ് വാസിമിനു പിടി നൽകി മടങ്ങിയപ്പോൾ ബാൻ്റൺ വിക്കറ്റിനു മുന്നിൽ കുടുങ്ങി.

Read Also : ഹഫീസിനും ബാബർ അസമിനും അർധസെഞ്ചുറി; പാകിസ്താന് കൂറ്റൻ സ്കോർ

മൂന്നാം വിക്കറ്റിൽ ഡേവിഡ് മലനും ഓയിൻ മോർഗനും ഒത്തുചേർന്നു. നന്നായി തുടങ്ങിയ മോർഗൻ കൂറ്റൻ ഷോട്ടുകളുമായി സ്കോർ ഉയർത്തി. 27 പന്തുകളിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഫിഫ്റ്റിയിലെത്തിയത്. ഡേവിഡ് മലൻ മോർഗനു മികച്ച പങ്കാളിയായി. 112 റൺസ് നീണ്ട ഗംഭീര കൂട്ടുകെട്ടിനു ശേഷം മോർഗൻ മടങ്ങി. 33 പന്തിൽ 6 ബൗണ്ടറിയും 4 സിക്സറും സഹിതം 66 റൺസെടുത്ത താരം ഹാരിസ് റൗഫിൻ്റെ പന്തിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായ ഖുഷ്ദിലിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.

അടുത്ത ഓവറിൽ മൊയീൻ അലിയും (1) മടങ്ങി. അലിയെ ബാബർ അസമിൻ്റെ കൈകളിലെത്തിച്ച ഷദബ് ഖാൻ മത്സരത്തിലെ മൂന്നാം വിക്കറ്റും സ്വന്തമാക്കി. പിന്നാലെയെത്തിയത് സാം ബില്ലിംഗ്സ്. ഇതിനിടെ 35 പന്തുകളിൽ ഡേവിഡ് മലൻ അർധസെഞ്ചുറി തികച്ചു. 2 ഓവറിൽ 12 റൺസ് വേണ്ട സമയത്ത് ഹാരിസ് റൗഫ് എറിഞ്ഞ 19ആം ഓവറിൽ രണ്ട് ബൗണ്ടറികൾ അടിച്ച ബില്ലിംഗ്സ് ഇംഗ്ലണ്ടിനെ വിജയ തീരത്ത് എത്തിച്ചു. എന്നാൽ ആ ഓവറിലെ അവസാന പന്തിൽ ബില്ലിംഗ്സിനെ (10) ഫഖർ സമാൻ പിടികൂടി. ഷഹീൻ അഫ്രീദി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് മലൻ ഇംഗ്ലണ്ടിനെ വിജയതീരമണച്ചു. 36 പന്തുകളിൽ 54 റൺസെടുത്ത മലൻ പുറത്താവാതെ നിന്നു.

Story Highlights england won against pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here