നഷ്ടമായത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ പ്രധാനിയെ

പ്രണബ് മുഖര്‍ജി വിടവാങ്ങുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ പ്രധാനിയെയാണ് നഷ്ടമാകുന്നത്. ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ അതികായനായിരുന്നു പ്രണബ് മുഖര്‍ജി. എഴുപതിന്റെ തുടക്കം മുതല്‍ ഒന്നര പതിറ്റാണ്ട് ഇന്ദിരാ ഗാന്ധിയുടെ വലംകൈയ്യായിരുന്ന പ്രണബ് ഇന്ദിരയ്ക്ക് ശേഷം പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും അങ്ങനെയുണ്ടായില്ല.

1969 ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ മിഡ്‌നാപുരില്‍ വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ടാണ് പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലെത്തുന്നത്. ആ തെരഞ്ഞെടുപ്പിലെ വന്‍ വിജയം പ്രണബിനെ ഇന്ദിരാ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും സന്തത സഹചാരിയുമാക്കി. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ പിന്നില്‍ ഉറച്ചുനിന്നു.

ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നകാലത്ത് സംഭവിച്ചത് മറിച്ചായിരുന്നു. അദ്ദേഹം കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ അധികം വൈകാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നതിന് പിന്നിലെ ബുദ്ധികേന്ദ്രം പ്രണബ് മുഖര്‍ജിയായിരുന്നു.

Story Highlights pranab kumar mukherjee, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top