ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ ഉത്തരവ്

ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ ഉത്തരവ്. അലഹാബാദ് ഹൈക്കോടതിയാണ് ഉത്തരവ് ഇറക്കിയത്. ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് കോടതി ഒഴിവാക്കി. കരുതൽ തടവിലാക്കിയ നടപടിയും റദ്ദാക്കിയിട്ടുണ്ട്.

ഉത്തർപ്രദേശ് സർക്കാരിന് ഉത്തരവ് തിരിച്ചടിയാണ്. ജനുവരി 29നാണ് കഫീൽ ഖാനെ കരുതൽ തടങ്കലിലാക്കിയത്. അതിനിടയിൽ കഫീൽ ഖാനെ തടങ്കലിൽ പാർപ്പിച്ചതിനെ ചോദ്യം ചെയ്ത് അമ്മ നുഷത്ത് പർവീൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. മകനെ അന്യായമായാണ് തടവിൽ പാർപ്പിച്ചതെന്ന് അമ്മ ഹർജിയിൽ ആരോപിച്ചിരുന്നു. മഥുര ജയലിലാണ് ഡോ കഫീൽ ഖാൻ ഇപ്പോഴുള്ളത്.

Read Also : കഫീൽ ഖാന്റെ തടങ്കൽ മൂന്നു മാസത്തേക്ക് നീട്ടി

2019 ഡിസംബറിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ അലിഗഡ് സർവകലാശാലയിൽ വച്ച് പ്രസംഗിച്ചതിനെതുടർന്നാണ് ഡോക്ടർ കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. പ്രസംഗം പ്രകോപനപരമായിരുന്നു എന്നാണ് ആരോപണം. ഫെബ്രുവരിയിൽ 10ന് അലിഗഡ് സിജെഎം കോടതി ജാമ്യം നൽകിയെങ്കിലും ദേശീയ സുരക്ഷാ നിയമം അടക്കം ചുമത്തി ജയിലിലേക്ക് അയക്കുകയായിരുന്നു.

പ്രസംഗം പരിശോധിച്ചു. വിദ്വേഷം വളർത്താനോ, അക്രമം നടത്താനോ ആഹ്വാനം ചെയ്തതായി കാണുന്നില്ല. പൗരന്മാരുടെ ഐക്യമാണ് ആഹ്വാനം ചെയ്തത്. കഫീൽ ഖാന്റെ പ്രസംഗത്തിലെ യഥാർത്ഥ ഉദ്യേശലക്ഷ്യങ്ങൾ അവഗണിച്ച ജില്ലാ മജിസ്‌ട്രേറ്റ് ചില പരാമർശങ്ങൾക്ക് ഊന്നൽ നൽകിയെന്ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് പാസാക്കിയ കരുതൽ തടങ്കൽ ഉത്തരവും തടങ്കൽ അംഗീകരിച്ച യുപി സർക്കാരിന്റെ നടപടിയും കോടതി റദ്ദാക്കി. തടങ്കൽ നീട്ടാനുള്ള തീരുമാനവും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി.

Story Highlights kafeel khan, releasing order from alahabad hc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top