സ്വർണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ എൻഐഎ സംഘം ഇന്ന് പരിശോധിക്കും

സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എൻഐഎ ഉദ്യോഗസ്ഥർ ഇന്നെത്തും. സ്വർണക്കടത്ത് കേസ് പ്രതികൾ സെക്രട്ടേറിയറ്റ് സന്ദർശിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാനാണ് സംഘമെത്തുന്നത്. രാവിലെ 10 മണിയോടെ സംഘമെത്തുമെന്നാണ് വിവരം. 2019 ജൂൺ മുതൽ 2020 ജൂലൈ വരെയുള്ള ദൃശ്യങ്ങൾ സംഘം പരിശോധിക്കും.

ഇത് രണ്ടാം തവണയാണ് ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിൽ എത്തുന്നത്. മുൻപ് ജൂലൈ 23ന് എൻഐഎ സെക്രട്ടേറിയറ്റിൽ നിന്ന് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ സാങ്കേതികമായ തടസമുണ്ടെന്നും ആവശ്യമുള്ള ദൃശ്യങ്ങൾ നൽകാമെന്നും അധികൃതർ അറിയിച്ചിരുന്നു.

Read Also : സ്വർണക്കടത്ത് കേസിൽ പല വമ്പൻ സ്രാവുകളും കുടുങ്ങും : കടകംപള്ളി സുരേന്ദ്രൻ

അതേസമയം സ്വപ്‌ന സുരേഷിന്റെ മൊഴി ചോർന്ന സംഭവം അന്വേഷിക്കാൻ കസ്റ്റംസ് സിബിഐയുടെ സഹായം തേടും. ഇതിനായി കേന്ദ്രത്തിന് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥർ കത്ത് നൽകി. മൊഴി ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. മൊഴി ചോർന്നത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഉടൻ കൈമാറുമെന്നും വിവരം.

സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ വിവരങ്ങളാണ് കസ്റ്റംസിൽ നിന്ന് ചോർന്നത്. 32 പേജുള്ള മൊഴികളിൽ മൂന്ന് പേജ് മാത്രം പുറത്ത് വിട്ടത് പ്രത്യേക ഉദ്ദേശത്തോടെയാണെന്ന് കസ്റ്റംസിലെ ഉന്നത വിഭാഗത്തിന്റെ നിഗമനം. ഉത്തരവാദികളെ ഉടൻ കണ്ടെത്താനാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. രഹസ്യ മൊഴി ലഭിച്ചതെങ്ങനെയെന്ന് മാധ്യമ പ്രവർത്തകരോടടക്കം കസ്റ്റംസ് ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ആരോപണ വിധേയനായ കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മീഷണർ എസ് എൻ ദേവിനെ സ്ഥലം മാറ്റിയിരുന്നു.

Story Highlights -cct tv footage, nia, gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top