‘അഞ്ച് ദിവസം ഭക്ഷണം തന്നില്ല,മാനസിക പീഡനം വേറെയും’; എട്ട് മാസത്തെ പീഡനം വിവരിച്ച് ഡോ.കഫീൽ ഖാൻ

മഥുര ജയിലിൽ എട്ട് മാസക്കാലം നീണ്ടുനിന്ന പീഡനകഥ വിവരിച്ച് ഡോ. കഫീൽ ഖാൻ. അഞ്ച് ദിവസം ജയിൽ അധികൃതർ ഭക്ഷണം നൽകിയില്ലെന്നും മാനസിക പീഡനവും ഉണ്ടായിരുന്നുവെന്നും കഫീൽ ഖാൻ ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി.
തന്റെ ജയിൽ മോചനത്തിനായി പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കഫീൽ ഖാൻ തന്റെ ഫേസ്ബുക്ക് ലൈവ് ആരംഭിച്ചത്.
രാജ്യത്തിന്റെ ഒരുമയ്ക്കായാണ് താൻ പ്രവർത്തിച്ചത്. തന്നെ മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിയിൽ കഫീൽ സന്തോഷം പ്രകടിപ്പിച്ചു. കഫീൽ, ആരോഗ്യത്തെ കുറിച്ചും, വിദ്യാഭ്യാസത്തെ കുറിച്ചുമെല്ലാമാണ് സംസാരിച്ചത്. സിഎഎയ്‌ക്കെതിരായും സംസാരിച്ചിരുന്നു. പക്ഷേ സമാധാനപരമായിരുന്നു പ്രതിഷേധം. എന്നിട്ടും മുംബൈ വിമാനത്താവളത്തിൽ തന്നെ നാൽപ്പത് മണിക്കൂർ ചോദ്യം ചെയ്തു. എസ്ജിഎഫിന്റെ സംഘം തന്നോട് നിരവധി വിചിത്ര ചോദ്യങ്ങൾ ചോദിച്ചു. കോടിക്കണക്കിന് പേരുടെ മരണത്തിന് കാരണമാകുന്ന പൗഡർ ഉണ്ടാക്കിയില്ലേ എന്നൊക്കെ ചോദിച്ചു. സർക്കാരിനെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്നും എസ്ജിഎഫ് ആരോപിച്ചിരുന്നു. ജപ്പാനിൽ പോയില്ലേ എന്ന ചോദ്യത്തിന് കഫീൽ മറുപടിയായി പറഞ്ഞത് ഇങ്ങനെ- ‘എന്തുകൊണ്ട് പാകിസ്താനിൽ പോയില്ലേ എന്ന് ചോദിച്ചില്ല ?’
‘വെള്ളം പോലെയുള്ള പരിപ്പുകറി, കേടായ ചപ്പാത്തി എന്നിവയായിരുന്നു ഭക്ഷണം. രാവിലെയും വൈകീട്ടും അത് തന്നെയായിരുന്നു. കുളിക്കാനും ടോയ്‌ലെറ്റിൽ പോകാനുമെല്ലാം അര മണിക്കൂർ വരിയിൽ നിൽക്കണം. ആയിരത്തോളം ആളുകൾക്കായി ഒരു ടോയ്‌ലെറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ദുർഗന്ധം വമിക്കുമായിരുന്നു അതിൽ നിന്ന്. ജീവിക്കണമായിരുന്നു എനിക്ക്. നിങ്ങളെ വീണ്ടും കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നിങ്ങളുടെ പ്രാർത്ഥനകളെല്ലാം യാഥാർത്ഥ്യമായി.’-കഫീൽ പറയുന്നു.
കൃഷ്ണ ഭഗവാൻ പറഞ്ഞിട്ടുണ്ട്, ആരെയും ചതിക്കരുത്..ഹൃദയം ശുദ്ധമായി വയ്ക്കണം…അതാണ് ധർമമെന്ന് കഫീൽ ഖാൻ കൂട്ടിച്ചേർത്തു. കുട്ടികളുടെ ജീവൻ രക്ഷിച്ചതിനാണ് ഇത്ര വലിയ ശിക്ഷ ലഭിച്ചത്. കുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് ഇത്ര വലിയ കുറ്റമാണോ എന്നും കഫീൽ ചോദിക്കുന്നു.
ജനുവരി 29നാണ് കഫീൽ ഖാനെ കരുതൽ തടങ്കലിലാക്കിയത്. അതിനിടയിൽ കഫീൽ ഖാനെ തടങ്കലിൽ പാർപ്പിച്ചതിനെ ചോദ്യം ചെയ്ത് അമ്മ നുഷത്ത് പർവീൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. മകനെ അന്യായമായാണ് തടവിൽ പാർപ്പിച്ചതെന്ന് അമ്മ ഹർജിയിൽ ആരോപിച്ചിരുന്നു.
2019 ഡിസംബറിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ അലിഗഡ് സർവകലാശാലയിൽ വച്ച് പ്രസംഗിച്ചതിനെതുടർന്നാണ് ഡോക്ടർ കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. പ്രസംഗം പ്രകോപനപരമായിരുന്നു എന്നാണ് ആരോപണം. ഫെബ്രുവരിയിൽ 10ന് അലിഗഡ് സിജെഎം കോടതി ജാമ്യം നൽകിയെങ്കിലും ദേശീയ സുരക്ഷാ നിയമം അടക്കം ചുമത്തി ജയിലിലേക്ക് അയക്കുകയായിരുന്നു. ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് കോടതി ഒഴിവാക്കി. കരുതൽ തടവിലാക്കിയ നടപടിയും റദ്ദാക്കി.
Story Highlights – kafeel khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here